തുടർച്ചയായ പത്താം ICC ടൂർണമെന്റിലും ഇന്ത്യക്ക് കിരീടം ഇല്ല

ഇന്ത്യക്ക് ഇന്ന് മറ്റൊരു നിരാശാജനകമായ ദിവസമായി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐസിസി കിരീടം തേടിയുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇന്നത്തെ പരാജയത്തോടെ തുടർച്ചയായ പത്ത് ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാതെ മടങ്ങിയിരിക്കുകയാണ് ഇന്ത്യ. അഹമ്മദബാദിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ വലിയ വിജയം തന്നെ സ്വന്തമാക്കി. നേരത്തെ ജൂണിൽ WTC ഫൈനലിലും ഇതേ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

2013-ലെ ചാമ്പ്യൻസ് ട്രോഫിയിലെ വിജയത്തിന് ശേഷം, ഐസിസി ഇവന്റുകളിലെ ഇന്ത്യയുടെ യാത്ര ഏതാണ്ടെല്ലാം നിരാശയിലാണ് അവസാനിച്ചത്. 2014ൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെയാണ് നിരാശയുടെ പരമ്പര ആരംഭിച്ചത്. 2015 ലോകകപ്പിലെ സെമി ഫൈനൽ, 2016 ലോകകപ്പ് ടി20യിലെ സെമി ഫൈനൽ, 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരായ തോൽവി എന്നിവയിൽ ഈ നിരാശ തുടർന്നു.

ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ പരാജയപ്പെട്ടതിനാൽ 2019 ലോകകപ്പ് യാത്രയും ഇന്ത്യൻ ടീമിന് ഹൃദയഭേദകമായി. 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെതിരെ പരാജയപ്പെട്ടതും മറക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്.

2021 ലോകകപ്പ് ടി20യിൽ ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തന്നെ അവസാനിച്ചു. 2022ലെ ടി20 ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സെമിഫൈനലിൽ ഇന്ത്യയുടെ യാത്ര മുടങ്ങി. അതിനു ശേഷം ഡബ്ല്യുടിസി ഫൈനലിലും ഇപ്പോൾ ഏകദിന ലോകകപ്പ് ഫൈനലിലും പരാജയം ആവർത്തിച്ചു.

ഫൈനൽ വരെ സമ്പൂർണ്ണ ആധിപത്യം!! ഫൈനലിൽ സമ്പൂർണ്ണ നിരാശ!! ഇന്ത്യക്ക് മറക്കാൻ ഒരു ഫൈനൽ കൂടെ

ഇന്ത്യ ഇത്ര ആധിപത്യത്തോടെ ഒരു ലോകകപ്പും കളിച്ചിട്ടില്ല. എന്നിട്ടും ഒരു കിരീടം നേടാൻ ഇന്ത്യക്ക് ആയില്ല എന്നത് ഉൾക്കൊള്ളാൻ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ആർക്കും ആകുന്നുണ്ടാകില്ല. ഫൈനൽ വരെ ഒരു ഭയവും ഇല്ലാതെ കളിച്ച ഇന്ത്യ ഇന്ന് സമ്മർദ്ദത്തെ നേരിൽ കണ്ടപ്പോൾ ഭയത്തോടെ കളിക്കുന്നതായാണ് തോന്നിയത്. ആദ്യ ഇന്നിംഗ്സിന്റെ തുടക്കത്തിലെ രോഹിതിന്റെ ബാറ്റിംഗും, രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ ബുമ്രയുടെയും ഷമിയുടെയും ആദ്യ ഓവറുകളിലും മാത്രമാണ് പതിവ് ഇന്ത്യയുടെ നിഴൽ എങ്കിലും കണ്ടത്.

തുടർച്ചയായ പത്ത് വിജയങ്ങളുമായി വന്ന ഇന്ത്യക്ക് ഓസ്ട്രേലിയക്ക് എതിരെ പൊരുതാൻ പോലും ആയില്ല. ബാറ്റിംഗിൽ രാഹുലും കോഹ്ലിയും പടുത്ത കൂട്ടുകെട്ടിൽ ബൗണ്ടറികൾ അകന്നു നിന്നതാണ് ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ തിരിച്ചടിയായത്. ഈ പിച്ചിൽ വേണ്ടിയിരുന്ന റണ്ണിനെക്കാൾ ഏറെ പിറകിൽ ആയിരുന്നു ഇന്ത്യ. അവസാനം സൂര്യകുമാർ ക്രീസിൽ ഉള്ളപ്പോൾ അദ്ദേഹവും ആ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. കുൽദീപിന് സിംഗിൾ കൊടുത്ത് സൂര്യകുമാർ നോൺ സ്ട്രൈക്ക് എൻഡിൽ പോയി നിൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകിയ കാഴ്ചയായി.

രണ്ടാം ഇന്നിങ്സിൽ ആദ്യം തന്നെ ഒരു ക്യാച്ച് വിടുന്നതാണ് ഇന്ത്യ കണ്ടത്. അതിന് കൊടുത്ത വില ചെറുതായിരുന്നില്ല. ഗില്ലും കോഹ്ലിയും പരസ്പരം നോക്കൊ നിൽക്കെ സ്ലിപ്പിന് ഇടയിലൂടെ ആ പന്ത് ബൗണ്ടറിയിലേക്ക് പോയി. ആദ്യ പത്ത് ഒവറിൽ ഇന്ത്യ 17 എക്സ്ട്ര ആണ് വഴങ്ങിയത്. 240 എന്ന സ്കോർ പ്രതിരോധിക്കുമ്പോൾ വേണ്ട അച്ചടക്കമല്ല അത്.

രോഹിത് ശർമ്മ ബൗളിംഗിൽ ഇന്ന് ശ്രമിച്ച മാറ്റങ്ങളും ഫലം കണ്ടില്ല. ഷമിയെ ആദ്യം കൊണ്ടുവന്നത് ഒരു വിക്കറ്റ് നൽകി എങ്കിലും അത് സിറാജിന്റെ സ്പെൽ അപ്രസക്തമാക്കി മാറ്റി. ന്യൂ ബോളിൽ നല്ല ബൗൾ ചെയ്യുന്ന സിറാജ് ഇന്ന് വൈകി വന്നത് കൊണ്ട് തന്നെ ഒരു സ്വാധീനവും ഉണ്ടാക്കിയില്ല.

ബാറ്റിംഗിൽ ഏറ്റവും കൂടുതൽ റൺസും ആയി കോഹ്ലിയും ബൗളിംഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ ആയി ഷമിയും ലോകകപ്പ് ചാർട്ടിൽ മുന്നിൽ നിൽക്കുകയാണ്. ബാറ്റിംഗ് ചാർട്ടിലും ബൗളിംഗ് ചാർട്ടിലും ആധിപത്യം ഉണ്ടായത് കൊണ്ട് കാര്യമില്ല. കിരീടം ഉണ്ടെങ്കിൽ ഇത് ഒരു നല്ല ഓർമ്മയായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒപ്പം ഉണ്ടാവുകയുള്ളൂ. 2003 പോലെ 2023ഉം ഇന്ത്യ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നീറുന്ന വേദനയായി മാത്രം ബാക്കിയാകും.

ഒടുവിൽ ഇന്ത്യ തോറ്റു, ഫൈനലില്‍!!! ഓസ്ട്രേലിയ ലോക ചാമ്പ്യന്മാര്‍

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് പരാജയത്തിന് ശേഷം ഇന്ത്യ 240 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസ്ട്രേലിയ. തുടക്കത്തിൽ വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 47/3 എന്ന നിലയിൽ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കുകയായിരുന്നു.

ട്രാവിസ് ഹെഡ് – മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുന്നതാണ് ഒരു ലക്ഷത്തിനുമേലുള്ള ഇന്ത്യന്‍ ആരാധകര്‍ക്ക് പിന്നീട് കാണാനായത്. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 192 റൺസ് ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു. ഹെഡ് തന്റെ ശതകം 95 പന്തിൽ നിന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ താരം 137 റൺസുമായി വിജയത്തിന് തൊട്ടരികിലെത്തി പുറത്തായി.

ലാബൂഷാനെ 58 റൺസും നേടി ഓസ്ട്രേലിയയുടെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു.

കീപ്പിംഗിൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് കെ എൽ രാഹുൽ

വിക്കറ്റിന് പിറകിൽ കെ എൽ രാഹുൽ ഇന്ത്യക്കായി ഇന്ന് ഒരു റെക്കോർഡ് കുറിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഡിസ്മസുലകൾ ഉള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയി കെ എൽ രാഹുൽ ഒന്ന് മാറി. ഇന്ന് ലോകകപ്പ് ഫൈനലിൽ മിച്ചൽ മാർഷിന്റെ ക്യാച്ച് എടുത്തതോടെയാണ് കെ എൽ രാഹുൽ റെക്കോർഡിൽ എത്തിയത്. രാഹുലിന്റെ ഈ ലോകകപ്പിലെ 17ആം ഡിസ്മസൽ ആയിരുന്നു ഇത്.

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് ആണ് കെ എൽ രാഹുൽ മറികടന്നത്. 2003 ലോകകപ്പിൽ ഇന്ത്യയുടെ ഗ്ലോവ് അണിഞ്ഞപ്പോൾ രാഹുൽ ദ്രാവിഡ് ക്യാച്ചും സ്റ്റമ്പിംഗും ആയൊ 16 പേരെ പുറത്താക്കിയിരുന്നു. ആ ലോകകപ്പിൽ ഇന്ത്യ ഫൈനലിലും എത്തിയിരുന്നു.

ഈ ലോകകപ്പിൽ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടയിൽ ഒന്നാമത്

മുഹമ്മദ് ഷമി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറി. ഇന്ന് തന്റെ ആദ്യ ഓവറിൽ ഡേവിഡ് വാർണറെ പുറത്താക്കിയതോടെ ഷമിയുടെ ഈ ലോകകപ്പിലെ വിക്കറ്റുകൾ 24 ആയി. 23 വിക്കറ്റ് ഉണ്ടായിരുന്ന ഓസ്ട്രേലിയയുടെ ആദം സാമ്പയെ ആണ് ഷമി മറികടന്നത്. ഇതോടെ ഷമി ഈ ലോകകപ്പിലെ മികച്ച വിക്കറ്റ് ടേക്കർ ആകും എന്ന് ഉറപ്പായി. വെറും ഏഴാം മത്സരത്തിലാണ് ഷമി 24 വിക്കറ്റിൽ എത്തിയത്.

സെമി ഫൈനലിൽ ന്യൂസിലൻഡിന് എതിരായ ഏഴ് വിക്കറ്റ് ഉൾപ്പെടെ മൂന്ന് തവണ അഞ്ചു വിക്കറ്റുകൾ നേടാം ഷമിക്ക് ഈ ലോകകപ്പിൽ ആയിട്ടുണ്ട്. ഷമിക്ക് ഇന്നത്തെ വിക്കറ്റുകളോടെ ലോകകപ്പിൽ ആകെ ലോകകപ്പിൽ 55 വിക്കറ്റുകൾ ആയി.

നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ
അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ അദ്ദേഹം മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി.

ക്യാപ്റ്റന്റെ പ്രകടനവുമായി പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയയ്ക്കായി ഇന്ത്യയ്ക്കെതിരെ ലോകകപ്പ് ഫൈനലില്‍ മിന്നും പ്രകടനം ആണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്തെടുത്തത്. ഇന്ത്യന്‍ ആരാധകരെ നിശബ്ദരാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മത്സരത്തിന് മുമ്പ് പറഞ്ഞ് പാറ്റ് കമ്മിന്‍സ് അവരെ നിശബ്ദരാക്കിക്കൊണ്ടുള്ള പ്രകടനം ആണ് പുറത്തെടുത്തത്.

തന്റെ പത്തോവര്‍ സ്പെല്ലിൽ വെറും 34 റൺസ് വിട്ട് നൽകി പാറ്റ് കമ്മിന്‍സ് 2 വിക്കറ്റ് നേടിയപ്പോള്‍ ഒരു ബൗണ്ടറി പോലും താരം വഴങ്ങിയില്ല. ഇതിന് മുമ്പ് ഏഴ് പേരാണ് ഇത്തരത്തിൽ പത്തോവര്‍ സ്പെൽ ഈ ലോകകപ്പിൽ ബൗണ്ടറി വഴങ്ങാതെ പൂര്‍ത്തിയാക്കിയത്. കമ്മിന്‍സ് മാത്രമാണ് ഈ നേട്ടം കൊയ്തവരിൽ പേസറായിട്ടുള്ളത്.

240 റൺസ്!!! കിരീടത്തിനായി ഈ റൺസ് മതിയാകുമോ ഇന്ത്യയ്ക്ക്

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന തരത്തിലുള്ള ബൗളിംഗുമായി  ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. കപ്പ് മോഹവുമായി എത്തിയ ഇന്ത്യയെ വെറും 240 റൺസിനാണ് ഓസ്ട്രേലിയ പിടിച്ചുകെട്ടിയത്. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷം ഇന്നിംഗ്സിന് വേഗം നൽകുവാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയതാണ് ടീമിന് വലിയ തിരിച്ചടിയായത്. കെഎൽ രാഹുലും വിരാട് കോഹ്‍ലിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഇന്ത്യയ്ക്ക് 240 റൺസിലേക്ക് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.

ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റിൽ 30 റൺസാണ് നേടിയത്. താരം 4 റൺസ് നേടി പുറത്തായപ്പോള്‍ രോഹിത് തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശി. രോഹിത്തും വിരാടും രണ്ടാം വിക്കറ്റിൽ 46 റൺസ് കൂടി നേടിയെങ്കിലും 31 പന്തിൽ 47 റൺസ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഗില്ലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ മാക്സ്വെല്ലിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്.

തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യ 81/3 എന്ന നിലയിലേക്ക് വീണു. 4 റൺസ് നേടിയ അയ്യരെ പാറ്റ് കമ്മിന്‍സ് ആണ് മടക്കിയയച്ചത്. നാലാം വിക്കറ്റിൽ കോഹ്‍ലിയും കെഎൽ രാഹുലും ചേര്‍ന്ന് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നീക്കുകയായിരുന്നു. 67 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ കമ്മിന്‍സ് ആണ് പിരിച്ചത്. 54 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടി കമ്മിന്‍സ് ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഇന്ത്യ 148/4 എന്ന നിലയിലായിരുന്നു.

കോഹ്‍ലി പുറത്തായ ശേഷം കെഎൽ രാഹുല്‍ ജഡേജ കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ജോഷ് ഹാസൽവുഡ് ജഡേജയെ പുറത്താക്കി ഇന്ത്യയ്ക്ക് അഞ്ചാം തിരിച്ചടി നൽകി. 66 റൺസ് നേടിയ കെഎൽ രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി.

മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ജസ്പ്രീത് ബുംറയെ ആഡം സംപ പുറത്താക്കി. അവസാന ഓവറുകളിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൂര്യകുമാര്‍ യാദവിലായിരുന്നുവെങ്കിലും 18 റൺസ് നേടിയ താരത്തെ പുറത്താക്കി ജോഷ് ഹാസൽവുഡ് ആ പ്രതീക്ഷയും തകര്‍ത്തു.

ഇന്നിംഗ്സിലെ അവസാന പന്തിൽ കുൽദീപ് റണ്ണൗട്ടായപ്പോള്‍ ഇന്ത്യ 240 റൺസിന് ഓള്‍ഔട്ട് ആയി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

ഫ്രീ ഫലസ്തീൻ സന്ദേശവുമായി ലോകകപ്പ് ഫൈനലിന് ഇടയിൽ ഗ്രൗണ്ടിൽ ഇറങ്ങി ആരാധകൻ

ഫ്രീ ഫലസ്തീൻ സന്ദേശവുമായി ഇന്ന് ലോകകപ്പ് ഫൈനലിന് ഇടയിൽ ഒരു ആരാധകൻ ഗ്രൗണ്ടിൽ ഇറങ്ങി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ലോകകപ്പ് ഫൈനലിനിടെ ആയിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ “ഫ്രീ പലസ്തീൻ” സന്ദേശം ഉയർന്നത്, “പാലസ്‌തീനിലെ ബോംബിംഗ് നിർത്തുക” എന്ന സന്ദേശം എഴുതിയ ടീ ഷർട്ടമായാണ് ഒരു പ്രതിഷേധക്കാരൻ പിച്ചിൽ ഇറങ്ങിയത്.

പ്രതിഷേധക്കാരൻ പലസ്തീൻ പതാകയുടെ നിറമുള്ള മാസ്കും ധരിച്ചിരുന്നു. വിരാട് കോഹ്ലിയും കെഎൽ രാഹുലും ബാറ്റു ചെയ്യുന്ന സമയത്ത് 14-ാം ഓവറിൽ ആയിരുന്നു പ്രതിഷേധക്കാരൻ ഗ്രൗണ്ടിലെത്തിയത്. കോഹ്ലിയെ ഹഗ് ചെയ്യുന്നതിന് അടുത്ത് ആ ആരാധകൻ എത്തുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ആ സമയം കൊണ്ട് ആരാധകനെ ഗ്രൗണ്ടിൽ നിന്ന് നീക്കി.

ഇസ്രയേലിന്റെ ഫലസ്തീനെതിരെയുള്ള ആക്രമണം ഏഴാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. 12,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്ത് ലോകത്ത് പല സ്ഥലത്ത് ഫലസ്തീന് പിന്തുണയുമായി ആളുകൾ വരുന്നുണ്ട്.

6 ഫിഫ്റ്റി 3 സെഞ്ച്വറി!! കോഹ്ലിക്ക് മറ്റൊരു മികച്ച ലോകകപ്പ്

വിരാട് കോഹ്ലി ഇന്ന് ഒരു സെഞ്ച്വറിയിലേക്കോ വലിയ സ്കോറിലേക്കോ പോയില്ല എന്ന നിരാശ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഉണ്ടാകും. ഇന്ന് ഔട്ട് ആയപ്പോക്ക് വിരാട് കോഹ്ലിയുടെ മുഖത്തും ആ നിരാശ ഉണ്ടായിരുന്നു. എങ്കിലും ഇന്നും അർധ സെഞ്ച്വറി നേടിയാണ് കോഹ്ലി മടങ്ങിയത്. 54 റൺസ് ആണ് കോഹ്ലി ഇന്ന് എടുത്തത്. ഈ ലോകകപ്പ് കോഹ്ലിക്ക് ബാറ്റു കൊണ്ട് ഒരു അവിസ്മരണീയമായ ലോകകപ്പ് ആയിരുന്നു.

765 റൺസ് ആണ് കോഹ്ലി ഈ ലോകകപ്പിൽ ആകെ എടുത്തത്‌. 11 ഇന്നിംഗ്സിൽ നിന്ന് 765 റൺസ്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് കോഹ്ലി ഈ ലോകകപ്പിൽ സ്വന്തമാക്കി. 700 റൺസിന് മേലെ ഒരു ഏകദിന ലോകകപ്പിൽ എടുക്കുന്ന ആദ്യ താരമായും കോഹ്ലി മാറി.

11 ഇന്നിംഗ്സിൽ 9ലും കോഹ്ലി 50നു മുകളിൽ സ്കോർ ചെയ്തു. 6 അർധൻ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും കോഹ്ലി നേടി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകൾക്ക് എതിരെ ആയിരുന്നു കോഹ്ലി സെഞ്ച്വറികൾ നേടിയത്‌.

പോണ്ടിംഗിനെ മറികടന്ന് കോഹ്ലി, ലോകകപ്പ് റൺസിൽ രണ്ടാമത്

ഇന്ത്യൻ താരം വിരാട് കോഹ്ലി ഇന്ന് ഒരു നാഴികകല്ല് കൂടെ മറികടന്നു. ഇന്ന് ഓസ്ട്രേലിയക്ക് എതിരായ ഇന്നിംഗ്സോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരങ്ങളിൽ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ ആണ് കോഹ്ലി മറികടന്നത്. 1743 റൺസ് ആയിരുന്നു റിക്കി പോണ്ടിംഗ് എടുത്തിരുന്നത്.

ഇന്നത്തെ മത്സരത്തോടെ കോഹ്ലി അത് മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഇനി കോഹ്ലിക്ക് മുന്നിൽ സച്ചിൻ മാത്രമാണ് ഉള്ളത്. 2278 റൺസ് ആണ് സച്ചിൻ ടെൻഡുൽക്കറിന് ലോകകപ്പിൽ ഉള്ളത്. ഒരു ലോകകപ്പ് കൂടെ കളിച്ചാൽ കോഹ്ലിക്ക് അത് മറികടക്കാൻ ആകും. ഈ ലോകകപ്പിൽ കോഹ്ലി 700ൽ അധികം റൺസ് ഇതുവരെ എടുത്തിട്ടുണ്ട്.

Virat Kohli becomes the 2️⃣nd highest run scorer in the ICC Men’s Cricket World Cup.

2️⃣2️⃣7️⃣8️⃣ – Sachin Tendulkar
1️⃣7️⃣4️⃣4️⃣ – Virat Kohli*
1️⃣7️⃣4️⃣3️⃣ – Ricky Ponting

ഇന്ന് കലാശപ്പോര്!!! ഇന്ത്യയ്ക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ, ബൗളിംഗ് തിരഞ്ഞെടുത്തു

ലോകകപ്പ് 2023 ഫൈനൽ പോരാട്ടത്തിൽ അഹമ്മദാബാദിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. 20 വര്‍ഷം മുമ്പ് 2003ൽ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ പരാജയമേറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇത് കണക്ക് വീട്ടുവാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം.

താന്‍ ടോസ് നേടിയാൽ ബാറ്റിംഗ് ആണ് തിരഞ്ഞെടുക്കുവാന്‍ ഉദ്ദേശിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി.

സെമി ഫൈനലില്‍ കളിച്ച അതേ ടീമിനെയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj

ഓസ്ട്രേലിയ: Travis Head, David Warner, Mitchell Marsh, Steven Smith, Marnus Labuschagne, Glenn Maxwell, Josh Inglis(w), Mitchell Starc, Pat Cummins(c), Adam Zampa, Josh Hazlewood

കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ ബാബറിനും ഗില്ലിനും ആകും എന്ന് കമ്രാൻ അക്മൽ

വിരാട് കോഹ്ലിയും 50 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് മറികടക്കാൻ കഴിവുള്ള താരങ്ങൾ ഉണ്ട് എന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ അക്മൽ. ബാബർ അസമിന് ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് തകർക്കാൻ കഴിയുമെന്നാമ്മ്് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ പറഞ്ഞത്. 50 ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് ഭേദിക്കാൻ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇറങ്ങുന്ന ബാറ്റ്‌സ്മാൻമാർക്ക് മാത്രമേ കഴിയൂവെന്നും അക്മൽ പറഞ്ഞു.

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിനും 50 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് പിന്തുടരാനാകുമെന്ന് മുൻ പാകിസ്ഥാൻ താരം കൂട്ടിച്ചേർത്തു.

“50 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് ആദ്യ മൂന്ന് ബാറ്റ്‌സുകാർക്ക് മാത്രമേ തകർക്കാൻ കഴിയൂ, മധ്യനിരക്ക് അത് തകർക്കാൻ കഴിയില്ല. അത് തകർക്കാൻ കഴിയുന്ന ബാബർ അസം നമുക്കുണ്ട്. ഇന്ത്യക്ം ശുഭ്മാൻ ഗിൽ ഉണ്ട്. അദ്ദേഹത്തിനും ഈ റെക്കോർഡ് പിന്തുടരാൻ കഴിയും.” അക്മൽ പറഞ്ഞു‌. ബാബർ അസമിന് ഇപ്പോൾ ഏകദിനത്തിൽ ആകെ 19 സെഞ്ച്വറി ആണ് ഉള്ളത്.

Exit mobile version