2015ലെ വിജയത്തിനെക്കാള്‍ വലുത് – ജോഷ് ഹാസൽവുഡ്

ഇന്ത്യയ്ക്കെതിരെയുള്ള കിരീട വിജയം 2015ലെ വിജയത്തിനെക്കാള്‍ വലുതാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹാസൽവുഡ്. ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നിൽ നേടിയ വിജയമാണ് ഈ നേട്ടത്തെ മികച്ചതാക്കുന്നതെന്നും ഹാസൽവുഡ് കൂട്ടിചേര്‍ത്തു. ടീം നേരിട്ട വെല്ലുവിളികള്‍ക്ക് ഇത്തരമൊരു പരിസമാപ്തി ലഭിച്ചു എന്നത് ഏറെ സന്തോഷകരമാണെന്നും ഹാസൽവുഡ് വ്യക്തമാക്കി.

ഇത്തരമൊരു ദിവസം ഇത്രയവും വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നിൽ നേടിയ വിജയം കൂടുതൽ പ്രത്യേകതയുള്ളതാണെന്ന് ഹാസൽവുഡ് പറഞ്ഞു. ഇന്ത്യ എന്നും മുന്‍നിര ടീമാണെന്നും അവരെ അവരുടെ ആരാധകരുടെ മുന്നിൽവെച്ച് പരാജയപ്പെടുത്താനായത് വലിയ നേട്ടം തന്നെയാണെന്നും ഹാസൽവുഡ് സൂചിപ്പിച്ചു.

ടി20 ലോകകപ്പിൽ താൻ ഇന്ത്യക്ക് ഒപ്പം ഉണ്ടാകുമോ എന്ന് അറിയില്ല എന്ന് ദ്രാവിഡ്

താൻ ഇനി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും എന്ന് രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പരിശീലകന്റെ കരാർ ഇന്നലെ നടന്ന ഫൈനലോടെ അവസാനിച്ചിരുന്നു. ദേശീയ ടീമുമായുള്ള തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ സമയം വേണം എന്ന് ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡ് തന്റെ രണ്ട് വർഷത്തെ കാലയളവിൽ ഇന്ത്യയെ രണ്ട് ഐസിസി ടൂർണമെന്റ് ഫൈനലുകളിലേക്കും ഒരു സെമി ഫൈനലിലേക്കും ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡ് ചുമതല ഒഴിയും എന്നാണ് സൂചന.

“ഞാൻ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ സമയമില്ലായിരുന്നു. അതെ, സമയം കിട്ടുമ്പോൾ ഞാൻ ആലോചിച്ച് തീരുമാനം എടുക്കും” അദ്ദേഹം പറഞ്ഞു.

“ഞാൻ പൂർണ്ണമായും ഇന്ത്യയുടെ ലോകകപ്പ് കാമ്പെയ്‌നിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്, എന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല.”

“സത്യം പറഞ്ഞാൽ, ഞാൻ ശരിക്കും എന്നെത്തന്നെ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ആളല്ല. ഇന്ത്യക്ക് ഒപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്.” ദ്രാവിഡ് പറഞ്ഞു.

അടുത്ത വർഷം യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിനെ കുറിച്ച് താൻ ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും ദ്രാവിഡ് പറഞ്ഞു.

ഇന്ത്യയുടെ ബൗളർമാർക്ക് ബാറ്റ് ചെയ്യാൻ അറിയാത്തത് ആണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് നാസർ ഹുസൈൻ

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ഏറെ ബാധിച്ചത് അവരുടെ ബൗളർമാരുടെ ബാറ്റിംഗ് കഴിവാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ത്യയുടെ വാലറ്റത്ത് ഉള്ള ആർക്കും ബാറ്റ് ചെയ്യാൻ ആയത് വലിയ പ്രതിസന്ധി ഇന്ത്യക്ക് നൽകി എന്ന് നാസർ ഹുസൈൻ പറഞ്ഞു. ഷമി, കുൽദീപ്, ബുമ്ര, സിറാജ് എന്നിവർ ആരും ബാറ്റിംഗിൽ ഒട്ടും നല്ലത് അല്ലാത്തത് കൊണ്ടാണ് ഇന്ത്യ ഭയത്തോടെ കളിച്ചത് എന്നും നാസർ ഹുസൈൻ പറയുന്നു.

“ഇന്ത്യ ഇപ്പോഴും മികച്ച ടീമാണ് – പക്ഷേ പിച്ച് ഓസ്‌ട്രേലിയയെ കളിയിലേക്ക് കൊണ്ടുവന്നു, ഇന്ത്യയുടെ നാല് ബൗളർമാർക്ക് അത്ര നന്നായി ബാറ്റ് ചെയ്യാൻ കഴിയാത്ത് ഇന്ത്യയെ വേട്ടയാടി. അതുകൊണ്ടാണ് രാഹുലിനും കോഹ്‌ലിക്കും ആക്രമിച്ചു കളിക്കാൻ കഴിയാതിരുന്നത്.” നാസർ ഹുസൈൻ പറഞ്ഞു.

“എട്ടാം നമ്പറിൽ ഷമി ഇറങ്ങുന്ന അവസ്ഥയെ കുറിച്ച് അവർ ആശങ്കാകുലരായിരുന്നു” നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

ഡ്രസ്സിംഗ് റൂമിൽ താരങ്ങ‍ള്‍ ഇമോഷണലായിരുന്നു, കോച്ചെന്ന നിലയിൽ അത് കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നു – രാഹുൽ ദ്രാവിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ തോൽവിയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ നിരാശയായിരുന്നു തളംകെട്ടി നിന്നതെന്നും താരങ്ങള്‍ ഇമോഷണലാകുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നതെന്നും പറഞ്ഞ് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. കോച്ചെന്ന നിലയിൽ ഇത് കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

രോഹിത് ശര്‍മ്മ തന്റെ ഇമോഷനുകളെ കടിച്ചമര്‍ത്തുകയായിരുന്നുവെന്നും മത്സരശേഷം ഗ്രൗണ്ടിൽ അദ്ദേഹം നിലകൈവിടാതിരിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തനിക്ക് മനസ്സിലായി എന്നും എന്നാൽ താരങ്ങളുടെ ഈ നില കണ്ട് നിൽക്കുവാന്‍ പ്രയാസമായിരുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഇവര്‍ നടത്തിയ കഠിനപ്രയത്നം അന്തിമ ഫലം നേടിക്കൊടുക്കുന്നതിലേക്ക് എത്താത്തിന്റെ പ്രയാസം താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഉണ്ടായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. എന്നാൽ ഇത് സ്പോര്‍ട്സ് ആണെന്നും അവിടെ ഇത് സംഭവിക്കുമെന്നും മികച്ച ടീം ആണ് വിജയിച്ചതെന്നതിൽ തര്‍ക്കമില്ലെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

വലിയ റിസ്കാണ് ടീം എടുത്തത്, അത് ശരിയായി വന്നു – ട്രാവിസ് ഹെഡിനെക്കുറിച്ച് പാറ്റ് കമമിന്‍സ്

പരിക്കേറ്റ ട്രാവിസ് ഹെഡിന് റിക്കവര്‍ ചെയ്ത് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ സെലക്ടര്‍മാര്‍ നൽകിയ പിന്തുണയും മെഡിക്കൽ ടീം നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. വലിയ റിസ്കാണ് ഹെഡിനെ കളിപ്പിച്ചതിലൂടെ ഓസ്ട്രേലിയ എടുത്തതെന്നും എന്നാൽ അത് പെയ്ഡ് ഓഫ് ആയി എന്നതിൽ സന്തോഷമുണ്ടെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയ തുടരെയുള്ള രണ്ട് തോൽവികളിൽ നിന്ന് തിരിച്ചുവരവ് നടത്തി മെല്ലേ ട്രാക്കിലേക്ക് എത്തുമ്പോള്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയയിൽ തന്റെ റിക്കവറി പ്രവൃത്തികളിൽ ഏര്‍പ്പെടുകയായിരുന്നു. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് ട്രാവിസിന് പരിക്കേറ്റത്.

ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തിന് പകരക്കാരനെ പ്രഖ്യാപിക്കാതെ കാത്ത് സൂക്ഷിച്ച വിശ്വാസം തന്റെ പ്രകടനത്തിലൂടെ താരം വീട്ടുകയായിരുന്നു. ആദ്യ അഞ്ച് മത്സരങ്ങള്‍ നഷ്ടമായ ഹെഡ് ന്യൂസിലാണ്ടിനെതിരെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ 59 പന്തിൽ നിന്ന് ശതകം കുറിച്ച് തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ തന്നിൽ കാത്ത് സൂക്ഷിച്ച വിശ്വാസത്തിനുള്ള പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രമകരമായ ചേസിൽ 48 പന്തിൽ നിന്ന് 62 റൺസാണ് ഹെഡ് നേടിയത്. ഫൈനലില്‍ 137 റൺസ് നേടി ഓസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കുവാനും ഹെഡിന് സാധിച്ചു.

ഇന്ത്യക്ക് കിരീടം നേടാനുള്ള ഭാഗ്യമില്ല എന്ന് അക്തർ

ലോകകിരീടെത്താനുള്ള ഭാഗ്യം ഇന്ത്യക്ക് ഒപ്പം ഫൈനലിൽ ഇല്ലായിരുന്നു എന്ന് മുൻ പാകിസ്താൻ താരം അക്തർ. എല്ലാ ടീമുകളെയും തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും എന്നാൽ ഫൈനലിൽ അതാവർത്തിക്കാൻ സാധിച്ചില്ലെന്നും തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അക്തർ പറഞ്ഞു.

“ഇന്ത്യ മറ്റെല്ലാ ടീമുകളെയും തകർത്താണ് ഫൈനലിലെത്തിയത്. നിർഭാഗ്യവശാൽ, ഫൈനലിൽ അവരുടെ ആ പ്രകടനം ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 12 വർഷത്തിനിടെ പലതവണ ട്രോഫി നേടുന്നതിന് അടുത്ത് എത്തിയെങ്കിലും അവർക്ക് അത് നേടാനായില്ല,” അക്തർ പറഞ്ഞു.

“ഏറ്റവും കൂടുതൽ റൺസ് നേടിയ കോഹ്‌ലി ഉൾപ്പെട്ട ഏറ്റവും മികച്ച ബാറ്റിംഗ് ഇന്ത്യയ്ക്കുണ്ട്, ഷമി ഏറ്റവും കൂടുതൽ വിക്കറ്റും വീഴ്ത്തി. പക്ഷേ, ഭാഗ്യം അവർക്ക് അനുകൂലമായിരുന്നില്ല. വലിയ മത്സരങ്ങളിൽ എങ്ങനെ കളിക്കണം എന്ന് ഓസ്‌ട്രേലിയക്ക് അറിയാം. ഓസ്‌ട്രേലിയയുടെ സമീപനം നല്ലതാണെന്നും ഇന്ത്യയുടെ സമീപനം അൽപ്പം ഭയന്നു കൊണ്ടുള്ളതായിരുന്ന് എന്ന് എനിക്ക് തോന്നി” അക്തർ കൂട്ടിച്ചേർത്തു

“തോറ്റെങ്കിലും ഈ ടീം ഞങ്ങളുടെ അഭിമാനം, ഒരുപാട് സന്തോഷം അവർ തന്നു” – ഗവാസ്കർ

ഇന്ത്യ തോറ്റു എങ്കിലും ഈ ടീമിനെ ഓർത്ത് അഭിമാനിക്കുന്നു എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാക്സർ. ഫൈനൽ വരെ ഈ ടീം അവിസ്മരണീയമായ ക്രിക്കറ്റ് ആണ് കളിച്ചത്. അവർക്ക് ആ അവസാന ചുവട് കൂടെ വെച്ച് കിരീടത്തിലേക്ക് എത്താൻ ആയില്ല എന്നത് വിഷമം നൽകുന്നുണ്ട്. ഗവാസ്കർ ഫൈനലിന് ശേഷം പറഞ്ഞു.

ഇന്ന് ഭാഗ്യം ഇന്ത്യക്ക് ഒപ്പം ഇല്ലായിരുന്നു. ആ ടോസ് തന്നെ കളിയുടെ വിധി ഇന്ത്യക്ക് എതിരാക്കി എന്ന് താൻ കരുതുന്നു. ഗവാസ്കർ പറയുന്നു. ഏറ്റവും മികച്ച ടീമിനെതിരെ തോൽക്കുന്നതിൽ യാതൊരു നാണക്കേടും ഇല്ല. ഇന്ന് ഓസ്ട്രേലിയ ഇന്ത്യയെക്കാൾ മികച്ച ടീമായിരുന്നു. അദ്ദേഹം പറഞ്ഞു.

ഈ ഇന്ത്യൻ ടീം ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകി. അവർ അവരുടെ എല്ലാം നൽകി. ഇവരെ ഓർത്ത് അഭിമാനം മാത്രമെ ഉള്ളൂ. ഗവാസ്കർ കൂട്ടിച്ചേർത്തു.

ഫൈനലിൽ ഇന്ത്യ ഭയത്തോടെ അല്ല കളിച്ചത് എന്ന് ദ്രാവിഡ്

ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഭയത്തോടെ അല്ല കളിച്ചത് എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. “ഈ ടൂർണമെന്റിൽ ഞങ്ങൾ ഭയത്തോടെയാണ് കളിച്ചതെന്ന് ഞാൻ സമ്മതിക്കില്ല. ഫൈനലിലും അതെ. ഇന്ന് ഞങ്ങൾ ആദ്യ 10 ഓവറിൽ 80 റൺസ് നേടി. ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു, നിങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ, നിങ്ങളുടെ തന്ത്രങ്ങളും ചിലപ്പോൾ മാറ്റേണ്ടിവരും.” ദ്രാവിഡ് പറഞ്ഞു.

“ടൂർണമെന്റിൽ മുഴുവനും ഞങ്ങൾ അത് കാണിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ, നേരത്തെ വിക്കറ്റുകൾ നഷ്ടമായതിന് ശേഷം, ഞങ്ങൾ വ്യത്യസ്തമായ രീതിയിൽ കളിച്ചു ഈ ഫൈനൽ ഭയത്തോടെയല്ല ഞങ്ങൾ കളിച്ചത്,” രാഹുൽ ദ്രാവിഡ് അഹമ്മദാബാദിൽ മാധ്യമങ്ങളോട് പറഞ്ഞു.

“മധ്യ ഓവറുകളിൽ ഓസ്ട്രേലിയ നന്നായി പന്തെറിഞ്ഞു, ഞങ്ങൾക്ക് 3 വിക്കറ്റ് നഷ്ടമായി. ആക്രമണ ക്രിക്കറ്റ് കളിക്കാമെന്ന് ഞങ്ങൾ കരുതിയപ്പോഴെല്ലാം ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു, അതിനാൽ ഞങ്ങൾക്ക് വീണ്ടും ഇന്നിംഗ്സ് പുനർനിർമ്മിക്കേണ്ടിവന്നു. ഒഫോ കൂട്ടുകെട്ട് തകരുമ്പോഴെല്ലാം, ഞങ്ങൾക്ക് കളി പുനർനിർമിക്കേണ്ടിവന്നു.” ദ്രാവിഡ് പറഞ്ഞു.

രോഹിത് ശർമ്മയെ ഔട്ട് ആക്കിയ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് ഷെയ്ൻ വാട്സൺ

ക്രിക്കറ്റ് ലോകകപ്പിൽ കളി മാറിയത് രോഹിത് ശർമ്മ ഔട്ട് ആയ ക്യാച്ച് ആയിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. രോഹിത് ശർമ്മയെ ഒരു മനോഹരമായ ക്യാച്ചിലൂടെ ട്രാവിസ് ഹെഡ് ആയിരുന്നു പുറത്താക്കിയത്. ഈ ക്യാച്ച് ആണ് കളി മാറ്റിയത് എന്ന് വാട്സൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. രോഹിത് ശർമ്മ പേസേമാരെ ഒരു ദയയും ഇല്ലാതെ ആക്രമിക്കുക ആയിരുന്നു. അദ്ദേഹം മികച്ച ഫോമിൽ ആയിരുന്നു. അപ്പോൾ ആണ് രോഹിത് പുറത്താകുന്നത്. വാട്സൺ പറഞ്ഞു.

ആ വിക്കറ്റ് കളി മാറ്റി. പിന്നെ റൺ വരാതെ ആയി. ഇന്ത്യക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു. വാട്സൺ പറഞ്ഞു. ഓസ്ട്രേലിയക്ക് കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്താൻ ആയി. കോഹ്ലിയും രാഹുലും അറ്റാക്കിലേക്ക് തിരിയാൻ ആലോചിക്കുന്ന സമയത്താണ് അവരുടെ വിക്കറ്റുകൾ വന്നത്. വാട്സൺ പറഞ്ഞു.

ഫീൽഡിൽ ഓസ്ട്രേലിയ കാണിച്ച ആത്മാർത്ഥതയ വിജയത്തിൽ വലിയപങ്കുവഹിച്ചു എന്ന് വാട്സൺ കൂട്ടിച്ചേർത്തു.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് എളുപ്പമായി , വേണ്ടതിലും 30 റൺസ് കുറവേ ഇന്ത്യക്ക് നേടാനായുള്ളൂ എന്ന് രോഹിത്

ഓസ്ട്രേലിയക്ക് എതിരായ ഫൈനലിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചില്ല എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഈ പിച്ചിൽ നേടേണ്ടിയിരുന്ന സ്കോറിനേക്കാൾ 30 റൺസ് കുറവായിരുന്നു നേടിയത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. മത്സരം രണ്ടാം ഇന്നിംഗ്സിൽ എത്തിയപ്പോൾ ബാറ്റു ചെയ്യാൻ കുറച്ചു കൂടെ എളുപ്പമായി. എങ്കിൽ അത് ഒരു എക്സ്ക്യൂസായി പറയാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും രോഹിത് പറഞ്ഞു.

ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. രാഹുലും കോഹ്ലിയും ബാറ്റു ചെയ്യുമ്പോൾ ഞങ്ങൾ 280-290 സ്കോർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ പിന്നെ വിക്കറ്റുകൾ പോയതോടെ റൺസ് വരാതെ ആയി. ഓസ്ട്രേലിയ തീർത്തും ഞങ്ങൾ ഔട്ട്പ്ലേ ചെയ്തു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സിൽ തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾ ആഗ്രഹിച്ചു. അതിന് കഴിയികയും ചെയ്തു. പക്ഷെ അതിനു ശേഷം അവർ നല്ല കൂട്ടുകെട്ട് ഉണ്ടാക്കി. അത് കളി ഞങ്ങളിൽ നിന്ന് അകലാൻ കാരണമായി. രോഹിത് പറഞ്ഞു.

പരാജയപ്പെട്ടു എങ്കിലും ഈ ടീമിനെ ഓർത്ത് അഭിമാനം ഉണ്ടെന്ന് രോഹിത് പറഞ്ഞു. ഈ ടൂർണമെന്റിൽ ഞങ്ങൾ എടുത്ത എഫേർട് മികച്ചതായിരുന്നു എന്നും രോഹിത് കൂട്ടിച്ചേർത്തു.

പരാജയപ്പെട്ടെങ്കിലും ഈ ടീമിനൊപ്പം എപ്പോഴും ഉണ്ടെന്ന് നരേന്ദ്ര മോദി

ഇന്ന് ലോക കിരീടം കൈവിട്ട ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ടീം പരാജയപ്പെട്ടു എങ്കിലും ഇന്നും എന്നും ടീമിന് പിന്തുണയുമായി ഒപ്പം താനും ഇന്ത്യയും ഉണ്ടാകും എന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാൻ മോദിയും ഉണ്ടായിരുന്നു. നരേന്ദ്ര മോദിയാണ് ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചത്.

പ്രധാനമന്ത്രി മോദി ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു: “പ്രിയപ്പെട്ട ടീം ഇന്ത്യ, ലോകകപ്പിൽ ഉടനീളമുഌഅ നിങ്ങളുടെ പ്രകടനവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു. ഇന്നും എന്നും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.” മോദി ട്വീറ്റ് ചെയ്തു.

ഇന്ന് അഹമ്മദബാദിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 240 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. മറുപടി ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ മുകളിൽ അനായാസം വിജയത്തിലേക്ക് എത്തി.

കിരീടം നേടാനായില്ല!!! കോഹ്‍ലി – ടൂര്‍ണ്ണമെന്റിലെ താരം

ഈ ലോകകപ്പിൽ കിരീടം നേടുവാന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും പ്ലേയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായി വിരാട് കോഹ്‍ലി തിരഞ്ഞെടുക്കപ്പെട്ടു. 765 റൺസ് നേടിയാണ് കോഹ്‍ലി തന്റെ സ്വപ്നതുല്യമായ ടൂര്‍ണ്ണമെന്റ് അവസാനിപ്പിച്ചത്. മൂന്ന് ശതകങ്ങള്‍ നേടിയ താരം ഏകദിനത്തിൽ 50 ശതകം തികച്ചതും ഈ ടൂര്‍ണ്ണമെന്റിനിടെയാണ്.

ഇന്ന് ഇന്ത്യന്‍ ബാറ്റിംഗ് അവസരത്തിനൊത്തുയരാത്ത ദിവസത്തിൽ 54 റൺസാണ് വിരാട് കോഹ്‍ലിയുടെ സംഭാവന. ആറ് അര്‍ദ്ധ ശതകങ്ങള്‍ ആണ് വിരാട് ഈ ടൂര്‍ണ്ണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് നേടിയത്. രോഹിത് ശര്‍മ്മ 597 റൺസ് നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാം സ്ഥാനത്തെത്തിയ താരം.

Exit mobile version