റബാഡയ്ക്ക് പിന്നാലെ സ്റ്റെയിനും പരിക്ക് മാറി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ടൂര്‍ണ്ണമെന്റ് മദ്ധ്യേ എത്തി രണ്ട് മത്സരങ്ങള്‍ കളിച്ചുവെങ്കിലും പരിക്കേറ്റ് ഡെയില്‍ സ്റ്റെയിന്‍ വീണ്ടും മടങ്ങിയപ്പോള്‍ തിരിച്ചടിയായി മാറിയത് ആര്‍സിബിയ്ക്ക് മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് കൂടിയാണ്. നിലവില്‍ ആന്‍റിച്ച് നോര്‍ട്ജേ പരിക്കേറ്റ് പുറത്തായ സാഹചര്യം ടീമില്‍ നിലനില്‍ക്കെയാണ് കാഗിസോ റബാഡയും ഡെയില്‍ സ്റ്റെയിനും പരിക്കിന്റെ പിടിയിലാകുന്നത്.

റബാഡ തിരികെ എത്തുമെന്ന ദക്ഷിണാഫ്രിക്ക പ്രതീക്ഷ വയ്ക്കുന്നത് പോലെ തന്നെ സ്റ്റെയിനും മികച്ച പ്രതികരണങ്ങളാണ് ചികിത്സയ്ക്ക് കാണിയ്ക്കുന്നതെന്നാണ് ടീമിന്റെ ഡോക്ടര്‍ പറയുന്നത്. സ്റ്റെയിന്‍ ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയാണെന്നുമാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്. ദേശീയ ക്യാമ്പ് ആരംഭിയ്ക്കുന്നതിനു മുമ്പ് സ്റ്റെയിനിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അവലോകനം നടത്തിയ ശേഷം മാത്രമേ കൃത്യമായൊരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കാനാകൂ എന്നാണ് ദക്ഷിണാഫ്രിക്കന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റാവും

ഐപിഎലില്‍ പുറംവേദന കാരണം അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട സൂപ്പര്‍ താരം കാഗിസോ റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റായി തിരികെ എത്തുമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ടീം ഡോക്ടര്‍. താരത്തിന്റെ സാന്നിദ്ധ്യം ടീമിനു നല്‍കുന്ന ആത്മവിശ്വാസം ഏറെയാകുമെന്നുറപ്പുള്ളതിനാല്‍ താരം ലോകകപ്പിനു കളിയ്ക്കണമെന്ന കാര്യം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് താരത്തോട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

ഐപിഎലില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം കൂടിയാണ് നിലവില്‍ റബാഡ. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് റബാഡ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുമ്പോള്‍ നേടിയിരുന്നത്. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ താരം പൂര്‍ണ്ണാരോഗ്യവാനായി എത്തുമെന്നും മേയ് 30നു ഇംഗ്ലണ്ടിനെതിരെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ താരം ടീമിലുണ്ടാകുമെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ടീം ഡോക്ടര്‍ പറയുന്നത്.

താരം ടീമില്‍ ഏറെ പ്രാധാന്യമുള്ളയാളായതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കാഗിസോയെ കൈകാര്യം ചെയ്യുന്നതെന്നാണ് ടീം ഡോക്ടര്‍ ആയ മുഹമ്മദ് മൂസാജി പറയുന്നത്. താരത്തിന്റെ റീഹാബ് നടപടികളും മറ്റും അതീവ ഗൗരവത്തോടെയാണ് തങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്.

നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്ന് നിശ്ചയമില്ല, ആര്‍ക്കും ബാറ്റ് ചെയ്യാം

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നുള്ള വലിയ ചോദ്യത്തിനു നാളുകള്‍ക്ക് മുമ്പ് വരെയുള്ള ഉത്തരം അമ്പാട്ടി റായിഡു എന്നതായിരുന്നു. പിന്നീട് 2019ല്‍ താരം ഫോം ഔട്ട് ആയതോടെ താരത്തെ മറികടന്ന് ലോകകപ്പ് ടീമില്‍ ഇടം നേടിയത് വിജയ് ശങ്കറായിരുന്നു. താരം തന്നെയാവും ഇന്ത്യയുടെ നാലാം നമ്പറില്‍ എത്തുക എന്ന് പലരും അഭിപ്രായപ്പെട്ടപ്പോളും മുന്‍ ചീഫ് സെലക്ടര്‍ ആയ സന്ദീപ് പാട്ടീല്‍ പറയുന്നത്, ആര് ആ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതില്‍ വ്യക്തയില്ലെന്നാണ്. ആര്‍ക്ക് വേണമെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്നും അതിനുള്ള താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നുമാണ് പാട്ടീല്‍ അഭിപ്രായപ്പെടുന്നത്.

ധോണിയോ ഹാര്‍ദ്ദിക്കോ കേധാറെ എന്തിനു കോഹ്‍ലി വരെ ആ പൊസിഷനില്‍ ബാറ്റ് ചെയ്യുവാന്‍ യോഗ്യനാണെന്നാണ് സന്ദീപ് പാട്ടീല്‍ പറയുന്നത്. താന്‍ സെലക്ടറായിരുന്നപ്പോള്‍ ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ താരത്തിനു താല്പര്യം ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനായിരുന്നു. കോഹ്‍ലി നാളെ നാലാം നമ്പറില്‍ വരില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

അതേ സമയം രവിശാസ്ത്രി ഏറെ കാലം മുമ്പ് ലോകകപ്പില്‍ കോഹ്‍ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്തേക്കാമെന്ന് സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ സ്വിംഗ് ബൗളിംഗിനു അനുകൂലമാണെങ്കില്‍ കോഹ്‍ലി മൂന്നിനു പകരം നാലില്‍ ബാറ്റ് ചെയ്യുമെന്നാണ് ശാസ്ത്രി അന്ന് പറഞ്ഞത്. അതേ സമയം ഇന്ത്യയുടെ സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത് വിജയ് ശങ്കറെയാവും നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുകയെന്നതാണ്.

എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നാണ് സന്ദീപ് പാട്ടീലിന്റെ വാദം. ഏത് ബാറ്റിംഗ് പൊസിഷനുകളും പ്രാധാന്യമുള്ളതാണ്, അത് ഓപ്പണിംഗായാലും പതിനൊന്നാമനായാലും. ഇന്ത്യയ്ക്ക് നാലാം നമ്പറില്‍ ഒട്ടനവധി സാധ്യതകളുണ്ടെന്നും സന്ദീപ് പാട്ടീല്‍ അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ ഇവര്‍ – കപില്‍ ദേവ്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാരാവുക ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായി കപില്‍ ദേവ്. നാലാം സ്ഥാനത്തേക്ക് ന്യൂസിലാണ്ട്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ തമ്മിലാവും പോരാട്ടമെന്നും കപില്‍ ദേവ് അറിയിച്ചു.

ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും തന്നെയാണ് ലോകകപ്പില്‍ ഏറ്റവും അധികം സാധ്യതയെന്നാണ് ക്രിക്കറ്റ് ലോകത്തെ അഭിപ്രായം. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മടങ്ങിയെത്തിയതോടെ ഓസ്ട്രേലിയയും മുന്‍ നിരയിലേക്ക് എത്തുകയാണ്. നാട്ടില്‍ കളിയ്ക്കുക എന്ന ആനുകൂല്യവും കഴിഞ്ഞ് കുറേ വര്‍ഷമായി ഏകദിന ഫോര്‍മാറ്റിലെ ആധിപത്യവും ഇംഗ്ലണ്ടിനും വലിയ സാധ്യത നല്‍കുകയാണ്.

ലോകകപ്പിനു ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ച് അഫ്ഗാന്‍ താരം

അഫ്ഗാനിസ്ഥാന്റെ പേസ് ബൗളര്‍ ഹമീദ് ഹസ്സന്‍ തന്റെ ഏകദിന കരിയര്‍ ലോകകപ്പിനു ശേഷം അവസാനിപ്പിക്കുമെന്ന് അറിയിച്ചു. ലോകകപ്പ് തന്റെ ഏകദിന കരിയറിലെ അവസാന ടൂര്‍ണ്ണമെന്റായിരിക്കുമെന്നാണ് ഹമീദ് വ്യക്തമാക്കിയത്. ടി20യില്‍ അഫ്ഗാനിസ്ഥാനു വേണ്ടി തുടര്‍ന്നും കളിയ്ക്കുമെന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ ടീമിലേക്ക് ഹമീദ് മടങ്ങിയെത്തിയത്. ലോകകപ്പിനു മുമ്പ് സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലാണ് താരം ആദ്യം കളിയ്ക്കുവാന്‍ എത്തുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം അഫ്ഗാനിസ്ഥാന്‍ ടീമിലേക്ക് എത്തുന്നത് തന്നെ.

ഓസ്ട്രേലിയ ഭയന്നത് സത്യമായി, ജൈ റിച്ചാര്‍ഡ്സണ്‍ ലോകകപ്പിനില്ല

കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ജൈ റിച്ചാര്‍ഡ്സണ്‍ ലോകകപ്പിനുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിതീകരിച്ചു. തോളെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഇത്. ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയുടെ 3-2 വിജയത്തില്‍ 5 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റ് നേടിയ താരം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

താരത്തിന്റെ റീഹാബ് പ്രക്രിയ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നാണ് ഓസ്ട്രേലിയ ആദ്യം വിലയിരുത്തിയത്. എന്നാല്‍ നെറ്റ്സില്‍ ബൗള്‍ ചെയ്യുവാനുള്ള ശ്രമങ്ങളില്‍ നിന്ന് താരം വേണ്ടത്ര പുരോഗമിച്ചിട്ടില്ലെന്നാണ് നസ്സിലായതെന്ന് ഓസ്ട്രേലിയയുടെ ഫിസിയോതെറാപ്പിസ്റ്റ് ഡേവിഡ് ബീക്കിലി പറഞ്ഞു.

ഇതിനെത്തുടര്‍ന്ന് സെലക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് താരത്തെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പിന്‍വലിച്ചത്. പകരം കെയിന്‍ റിച്ചാര്‍ഡ്സണെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജൈ റിച്ചാര്‍ഡ്സണിന്റെ റീഹാബ് നടപടികള്‍ തുടര്‍ന്ന് താരത്തെ ഓസ്ട്രേലിയ എ ടീമിന്റെ ഇംഗ്ലണ്ട് ടൂറിനു സജ്ജമാക്കുകയാണെ തങ്ങളുടെ ലക്ഷ്യമെന്നും ഡേവിഡ് പറഞ്ഞു.

ജോഫ്രയെ ലോകകപ്പിനു തിരഞ്ഞടുക്കണം

ഇംഗ്ലണ്ടിനു വേണ്ടി കഴിഞ്ഞ ദിവസം കളിയ്ക്കുവാന്‍ യോഗ്യത നേടുകയും അരങ്ങേറ്റം നടത്തുകയും ചെയ്ത ജോഫ്ര ആര്‍ച്ചറെ ടീമിലെടുക്കണമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ്. തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരത്തെ പരിഗണിക്കാതിരിക്കുക ഏറെ പ്രയാസകരമാണെന്നാണ് ആന്‍ഡ്രൂ ഫ്ലിന്റോഫ് പറഞ്ഞത്.

ആരെ പുറത്ത് കളഞ്ഞിട്ടാണെങ്കിലും താരത്തെ ലോകകപ്പിനു എടുക്കണമെന്നാണ് ആന്‍ഡ്രൂ ഫ്ലിന്റോഫ് അഭിപ്രായപ്പെടുന്നത്. ഇത്രയും വേഗത്തില്‍ ഇത്രയും നിയന്ത്രണത്തോടെ ഒരാള്‍ പന്തെറിയുമ്പോള്‍ അയാളെ അവഗണിക്കുകയെന്നത് ഏറ്റവും ക്രൂരമായ കാര്യമാണെന്നും ഫ്ലിന്റോഫ് പറഞ്ഞു.

ഐപിഎല്‍ നഷ്ടമായ താരത്തിനു ലോകകപ്പും നഷ്ടപ്പെടും

ഐപിഎല്‍ ആരംഭിയ്ക്കുന്നതിനു തൊട്ട് മുമ്പ് പരിക്ക് മൂലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിയ്ക്കുവാന്‍ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ആന്‍റിച്ച് നോര്‍ട്ജേയ്ക്ക് ലോകകപ്പും നഷ്ടമാകും. പോര്‍ട്ട് എലിസബത്തില്‍ പരിശീലനത്തിനിടെ വലത് തള്ളവിരലിനേറ്റ പൊട്ടലാണ് താരത്തിനു തിരിച്ചടിയായത്. കുറഞ്ഞത് ആറ് മുതല്‍ എട്ട് ആഴ്ച വരെ വിശ്രമമാണ് താരത്തിനു നിര്‍ദ്ദേശിച്ചിരിക്കുന്നത്. പകരം താരമായി ദക്ഷിണാഫ്രിക്ക ക്രിസ് മോറിസിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആന്‍റിച്ചിനു പരിക്കേറ്റത്, ഉടനടി താരം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നുവെന്നുമാണ് അറിയുവാന്‍ കഴിഞ്ഞത്. 2018 ഫെബ്രുവരിയിലാണ് ക്രിസ് മോറിസ് അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചത്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി കളിച്ച താരത്തിനു മോശം സീസണായിരുന്നു ഇത്തവണത്തേത്.

ഗെയില്‍ വിന്‍ഡീസിന്റെ ഉപനായകന്‍

ലോകകപ്പില്‍ ക്രിസ് ഗെയില്‍ വിന്‍‍ഡീസിന്റെ ഉപനായകനായി നിയമിക്കപ്പെട്ടു. പുതിയ മാനേജ്മെന്റ് ചുമതലയേറ്റശേഷം വിന്‍ഡീസ് ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് മനസ്സിലാക്കുന്നത്. അതേ സമയം ഗെയില്‍ വിട്ട് നില്‍ക്കുന്ന അയര്‍ലണ്ട് പരമ്പരയില്‍ വിന്‍ഡീസ് താരം ഷായി ഹോപ് ആണ് ടീമിന്റെ ഉപനായകന്‍.

ലോകകപ്പ് ഗെയിലിന്റെ അവസാന ഏകദിന ടൂര്‍ണ്ണമെന്റാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ജൂണിലാണ് ലോകകപ്പില്‍ വിന്‍ഡീസിനെ ഗെയില്‍ അവസാനമായി നയിച്ചത്. ലോകകപ്പില്‍ വിന്‍ഡീസിനെ പ്രതിനിധാനം ചെയ്യുക എന്നത് തന്നെ വളരെ വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് ഗെയില്‍ പറഞ്ഞു. സീനിയര്‍ താരമെന്ന നിലയില്‍ ടീമിലെ നായകനെയും മറ്റു താരങ്ങള്‍ക്കും വേണ്ട ഉപദേശവും സഹായവും നല്‍കുക എന്നത് തന്റെ ചുമതലയാണെന്നും ഗെയില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സ്പോണ്‍സറായി അമുല്‍

ഇന്ത്യയുടെ ഡയറി ബ്രാന്‍ഡായ അമുല്‍ ലോകകപ്പില്‍ ഏഷ്യയില്‍ പുതിയ ക്രിക്കറ്റിംഗ് ശക്തിയായ അഫ്ഗാനിസ്ഥാനെ സ്പോണ്‍സര്‍ ചെയ്യും. ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ പത്താം സ്ഥാനത്തുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. പൂര്‍ണ്ണ അംഗത്വം നേടിയ ശേഷമുള്ള അഫ്ഗാനിസ്ഥാന്റെ ആദ്യ ലോകകപ്പ് കൂടിയാണ് ഇത്. അമുല്‍ എന്ന ബ്രാന്‍ഡില്‍ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഈ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്.

20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്ഥാനിലേക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന അമുല്‍ അഫ്ഗാനിസ്ഥാനിലെ യുവജനങ്ങളുമായി ബന്ധം സ്ഥാപിക്കുവാനുള്ള ഏറ്റവും മികച്ച അവസരമായാണ് ലോകകപ്പിനെ കാണുന്നത്. 9 മത്സരങ്ങള്‍ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ കളിയ്ക്കുമ്പോള്‍ അത് അമുലിനും ഗുണം ചെയ്യുമെന്നാണ് അമുലിന്റെ വക്താക്കള്‍ പറയുന്നത്.

ജൂണ്‍ ഒന്നിന് ഓസ്ട്രേലിയയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ എതിരാളികള്‍.

ലോകകപ്പില്‍ സാധ്യത ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും – യുവരാജ് സിംഗ്

2019 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ചാമ്പ്യന്മാരാകുവാന്‍ സാധ്യതയുള്ളവരെന്ന് വിലയിരുത്തി യുവരാജ് സിംഗ്. ഇന്ത്യയും ഇംഗ്ലണ്ടും കഴിഞ്ഞാല്‍ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധ്യതയുള്ള ടീമുകള്‍ ഓസ്ട്രേലിയയും വിന്‍ഡീസുമാണെന്ന് യുവരാജ് പറഞ്ഞു. കിരീടം നേടുവാന്‍ തന്റെ പ്രിയപ്പെട്ട രണ്ട് ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണ്, ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരികെ എത്തുന്നത് ഓസ്ട്രേലിയയെ ശക്തിപ്പെടുത്തുമ്പോള്‍ വിന്‍ഡീസ് നിരയില്‍ ഒട്ടനവധി വെടിക്കെട്ട് വീരന്മാരുണ്ടെന്നതും ടീമിനു സാധ്യത നല്‍കുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും താന്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കും രണ്ടാമത് ഇംഗ്ലണ്ടും എത്തുമെന്നാണ് കരുതുന്നതെന്ന് യുവരാജ് സിംഗ് പറഞ്ഞു.

ലോകകപ്പിനുള്ള ശ്രീലങ്കയുടെ ഔദ്യോഗിക ജഴ്സിയും പരിശീലന കിറ്റും പുറത്തിറക്കി

2019 ഐസിസി ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കയുടെ ഔദ്യോഗിക ജഴ്സിയും പരിശീലന കിറ്റും പുറത്തിറക്കി. ഇന്ന് നടന്ന ചടങ്ങില്‍ ശ്രീലങ്കയുടെ നായകന്‍ ദിമുത് കരുണാരത്നേയും മറ്റു ശ്രീലങ്ക ക്രിക്കറ്റ് വക്താക്കളും കൂടി ചേര്‍ന്നാണ് ജഴ്സി പുറത്ത് വിട്ടത്. ന്യൂസിലാണ്ടിനെതിരെ ജൂലൈ 1നാണ് ലോകകപ്പിലെ ശ്രീലങ്കയുടെ ആദ്യ മത്സരം.

ദിമുത് കരുണാരത്നേയെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എടുത്ത ലങ്ക ക്യാപ്റ്റന്‍സി ദൗത്യം കൂടി താരത്തിനു നല്‍കുകയായിരുന്നു.

Exit mobile version