ലോകകപ്പ് ആര് നേടും ? ഗൗതം ഗംഭീറിന്റെ പ്രവചനം ഇങ്ങനെ

ലോകകപ്പ് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ എടുത്തിരിക്കുകയാണ്. ലോകകപ്പ് ആര് നേടുമെന്ന ചോദ്യത്തോട് ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീർ. ഗൗതാവിന്റെ അഭിപ്രായത്തിൽ ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമാണ് ആസ്‌ട്രേലിയ.

ഒരു സ്വകാര്യ മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് ഗംഭീർ മനസ് തുറന്നത്. ആസ്‌ട്രേലിയ കഴിഞ്ഞാൽ ലോകകപ്പ് നേടാൻ പിന്നീട് സാധ്യതയുള്ളത് ഇന്ത്യക്കും ഇംഗ്ളണ്ടിനുമാണെന്നു അദ്ദേഹം പറഞ്ഞു. ഉറപ്പായും ലോകകപ്പ് ഫൈനലിൽ ഈ ടീമുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗംഭീർ ഇപ്പോൾ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുകയാണ്. ഡൽഹിയിൽ നിന്നുമുള്ള ലോകസഭാ സ്ഥാനാർഥിയാണ് ഗൗതം ഗംഭീർ.

ഇന്ത്യയുടെ ബൗളിംഗ് പരിപൂർണമെന്ന് ഷമി

ഇംഗ്ലണ്ടിൽ ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് പരിപൂർണ്ണമാണെന്നും അത് വേഗതയും കഴിവും കൂടിച്ചേർന്നതാണെന്നും ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. കഴിഞ്ഞ 30 – 40 വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരുടെ ആധിപത്യമായിരുന്നെന്നും എന്നാൽ അടുത്തിടെ ബൗളർമാരും ഇന്ത്യൻ ടീമിൽ ആധിപത്യം പുലർത്തുന്നുണ്ടെന്നും ഷമി പറഞ്ഞു.

ഇന്ത്യയിൽ ഇത്രയും കാലം ബൗളർ കൂടുതൽ ആധിപത്യം പുലർത്താതിരുന്നത് ബാറ്റ്സ്മാൻമാർക്ക് അനുകൂലം പിച്ചുകൾ ഉള്ളതുകൊണ്ടാണെന്നും എന്നാൽ ഈ അടുത്ത കാലത്തായി ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ പിച്ചുകൾ ഇന്ത്യയിൽ ഉണ്ടായിവരുന്നുണ്ടെന്നും ഷമി പറഞ്ഞു. ബൗളിങ്ങിൽ ഇന്ത്യൻ ടീമിൽ ഒരുപാടു വൈവിധ്യങ്ങൾ ഉണ്ടെന്നും വേഗതയും കഴിവുമുള്ള ബൗളർമാർ ഉള്ളത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയർത്തുന്നുണ്ടെന്നും ഷമി പറഞ്ഞു. പരിക്ക് മൂലം കുറച്ച കാലം ഏകദിന മത്സരങ്ങളിൽ താൻ ഇറങ്ങിയില്ലെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഐ.പി.എല്ലും തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും ഷമി പറഞ്ഞു

കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യൻ നിര കരുത്തുറ്റ ബാറ്റിംഗ് നിര കൊണ്ടാണ് അറിയപെട്ടതെങ്കിലും ഇത്തവണ ഇന്ത്യയുടെ ബൗളിംഗ് സംഘവും മികച്ചതാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഷമിയും ബുംറയും ബുവനേശ്വർ കുമാറും ചേർന്ന ബൗളിംഗ് സംഘം ഏതൊരു ബാറ്റിംഗ് നിരക്കും വെല്ലുവിളിയാണ്

ലോകകപ്പ് റിസര്‍വ് പട്ടികയില്‍ ഇടം പിടിച്ച് കരീബിയന്‍ സൂപ്പര്‍ താരങ്ങള്‍

വിന്‍ഡീസിന്റെ ലോകകപ്പ് സ്ക്വാഡിന്റെ റിസര്‍വ് പട്ടികയില്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി വിന്‍ഡീസ് ബോര്‍ഡ്. റിട്ടയര്‍ ചെയ്ത അന്താരാഷ്ട്ര താരം ഡ്വെയിന്‍ ബ്രാവോയെയും കീറണ്‍ പൊള്ളാര്‍ഡിനെയും ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച 15 അംഗ സ്ക്വാഡില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ താരങ്ങള്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നാണ് അറിയുന്നത്.

ബോര്‍ഡുമായുള്ള പ്രശ്നങ്ങള്‍ കാരണം ബ്രാവോ 2016 സെപ്റ്റംബറിലാണ് വിന്‍ഡീസനായി അവസാനം കളിച്ചത്. പാക്കിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിലാണ് താരം പങ്കെടുത്തത്. 2014 ഒക്ടോബറിലാണ് താരം അവസാനമായി ടീമിനു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. ഐപിഎലില്‍ മുംബൈയ്ക്കൊപ്പം കിരീടം സ്വന്തമാക്കി മികച്ച ഫോമിലുള്ള കീറണ്‍ പൊള്ളാര്‍ഡാണ് കരുതല്‍ പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം. ബ്രാവോയെ പോലെ 2016ലാണ് പൊള്ളാര്‍ഡും അവസാനമായി വിന്‍ഡീസിനു വേണ്ടി കളിച്ചത്.

പത്ത് താരങ്ങളെയാണ് വിന്‍ഡീസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുനില്‍ ആംബ്രിസ്, ജോണ്‍ കാംപെല്‍, ജോനാഥന്‍ കാര്‍ട്ടര്‍, റോഷ്ടണ്‍ ചേസ്, ഷെയിന്‍ ഡോവ്റിച്ച്, കീമോ പോള്‍, ഖാരി പിയറി, റേയ്മന്‍ റീഫര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ഇന്ത്യൻ ടീം സമ്പൂർണമാണെന്ന് ഇംഗ്ലണ്ട് ഇതിഹാസം

ഇംഗ്ലണ്ടിൽ കിരീടം നേടാനുറപ്പിച്ച് ഇറങ്ങുന്ന ഇന്ത്യൻ ടീം സമ്പൂർണമാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അത് കൊണ്ട് തന്നെ ഈ ലോകകപ്പിൽ കിരീടം നേടാൻ ഇന്ത്യക്ക് സാധ്യതയുണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് മികച്ച താരങ്ങൾ ഉള്ളത് അവരെ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ളവരുടെ കൂട്ടത്തിൽ പെടുത്തുന്നു എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.

ഇന്ത്യക്ക് നിലവിൽ ലോകത്തിലെ മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്‌ലിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും രോഹിത് ശർമയെപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരങ്ങൾ കോഹ്‌ലിക്ക് പിന്തുണ നൽകാൻ ഉണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. എം.എസ് ധോണിയെ പോലെ ഒരു ഫിനിഷർ ഉള്ള ഇന്ത്യയുടെ ബൗളിംഗ് നിരയും മികച്ചതാണ്. ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും മികച്ച ബൗളർമാരാണെന്നും ഇന്ത്യ ഒരു താരത്തെ ആശ്രയിച്ചല്ല ഇപ്പോൾ കളിക്കുന്നതെന്നും നാസർ ഹുസൈൻ പറഞ്ഞു.

പവർ പ്ലേയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിത് ശർമ്മക്കും ശിഖർ ധവാനും സാധിക്കുന്നുണ്ടെന്നും നാസർ ഹുസൈൻ പറഞ്ഞു. ജൂൺ 5ന് സൗത്ത് ആഫ്രിക്കക്കെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം

ക്രിക്കറ്റ് ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി ഐ.സി.സി

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി ഐ.സി.സി. “സ്റ്റാൻഡ് ബൈ” എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ഐ.സി.സി പുറത്തുവിട്ടത്. ഇംഗ്ലണ്ടിലെ പ്രമുഖ ബാൻഡ് ആയ റൂഡിമെന്റലിന്റെ സഹകരണത്തോടെ ലോറിൻ ആണ് ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

മെയ് 30 മുതൽ ജൂലൈ 14വരെയാണ് ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പ്. ഇതുവരെ ലോകകപ്പ് കിരീടം നേടാൻ കഴിയാതിരുന്ന ആതിഥേയരായ ഇംഗ്ലണ്ടിനാണ് ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. മെയ് 30ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ലോകകപ്പിലെ ആദ്യ മത്സരം.

വിന്‍ഡീസില്‍ ഇത്തവണ പ്രതീക്ഷയുണ്ട്

ഏകദിന ലോകകപ്പില്‍ തനിക്ക് വിന്‍ഡീസില്‍ ഇത്തവണ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ് മുന്‍ വിന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയഡ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ലോകത്തിലെ വിവിധ ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പല താരങ്ങളെയും തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അത് ടീമിനെ കൂടുതല്‍ ശക്തരാക്കുമെന്നും ക്ലൈവ് ലോ‍യഡ് പറഞ്ഞു.

ഈ താരങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പ്രകടനം നടത്തുവാന്‍ ശ്രമിയ്ക്കുമെന്നാണ് തന്റെ വിശ്വാസം. അതിനാല്‍ തന്നെ ഇംഗ്ലണ്ടില്‍ ഇത്തവണ വിന്‍ഡീസ് മികവ് പുലര്‍ത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് ക്ലൈവ് ലോയഡ് പറഞ്ഞു.

അപൂര്‍വ്വ നേട്ടതിനു അര്‍ഹനാകുവാനുള്ള സാധ്യതയുമായി ന്യൂസിലാണ്ട് താരം

തന്റെ ഏകദിന അരങ്ങേറ്റം ലോകകപ്പില്‍ നടത്തുകയെന്ന് അപൂര്‍വ്വ നേട്ടത്തിനു അരികെയെത്തി ന്യൂസിലാണ്ട് താരം ടോം ബ്ലണ്ടല്‍. ന്യൂസിലാണ്ടിന്റെ 15 അംഗ സ്ക്വാഡില്‍ ഇടം നേടിയ താരത്തിനു ഇപ്പോള്‍ ടീമിലവസരം വന്നിരിക്കുന്നതിനു കാരണം പ്രധാന കീപ്പര്‍ ടോം ലാഥമിന്റെ പരിക്ക് മൂലമാണ്. പരിക്കേറ്റ ലാഥം ന്യൂസിലാണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് അറിയുന്നത്.

താരം കളിക്കാത്ത പക്ഷം 15 അംഗ സ്ക്വാഡിലെ കരുതല്‍ കീപ്പറായ ടോം ബ്ലണ്ടലിനു അവസരം ലഭിയ്ക്കും. അങ്ങനെയെങ്കില്‍ 1987നും ശേഷം ലോകകപ്പില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ആദ്യ ന്യൂസിലാണ്ടുകാരനെന്ന ബഹുമതി താരത്തിനു ലഭിയ്ക്കും.

ന്യൂസിലാണ്ടിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോം ലാഥം കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരെ ജൂണ്‍ 1നു നടക്കുന്ന ന്യൂസിലാണ്ടിന്റെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം കളിയ്ക്കില്ല. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിശീലന മത്സരത്തിനിടെയാണ് താരത്തിന്റെ കൈവിരലിനു പൊട്ടലേറ്റിരുന്നു. വിക്കറ്റ് കീപ്പിംഗ് ദൗത്യത്തിനിടെ പരിക്കേറ്റ താരത്തെ പിന്‍വലിച്ച് ഉടന്‍ തന്നെ പരിശോധനയ്ക്കായി കണ്ടെത്തിയിരുന്നു. താരം ലോകകപ്പ് സ്ക്വാഡിനൊപ്പം യാത്രയാകുവാന്‍ ഫിറ്റാണെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ താരം ആദ്യ മത്സരത്തിനു മുമ്പ് പൂര്‍ണ്ണാരോഗ്യവാനായി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ടോം ബ്ലണ്ടല്‍ ആണ് ടീമിലെ കരുതല്‍ വിക്കറ്റ് കീപ്പര്‍. അതെ സമയം ബാക്ക് അപ്പ് കീപ്പര്‍മാരായി ടിം സീഫെര്‍ട്ടിനെയും ബിജെ വാട്‍ളിംഗിനെയും സ്റ്റാന്‍ഡ്ബൈ പട്ടികയില്‍ ന്യൂസിലാണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക 4 മില്യണ്‍ യുഎസ് ഡോളര്‍

2019 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍ക്ക് ലഭിയ്ക്കുക 4 മില്യണ്‍ യുഎസ് ഡോളര്‍ പാരിതോഷികം. ആകെ 10 മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനത്തുകയാണ് വിവിധ ഘട്ടത്തില്‍ ടീമുകള്‍ എത്തുമ്പോള്‍ നല്‍കുവാനായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ജേതാക്കള്‍ക്ക് നാല് മില്യണും റണ്ണേഴ്സ് അപ്പിനു 2 മില്യണ്‍ യുഎസ് ഡോളറുമാണ് സമ്മാനത്തുക.

സെമിയില്‍ തോല്‍വിയേറ്റ് വാങ്ങുന്ന ടീമുകള്‍ക്ക് $80,000 വീതം ലഭിയ്ക്കുമ്പോള്‍ ലീഗ് ഘട്ട മാച്ചുകളില്‍ ഓരോ മത്സരം ജയിക്കുന്നവര്‍ക്ക് ജയിക്കുന്ന മത്സരത്തിനു $40,000 വീതം ലഭിയ്ക്കും. ലീഗ് ഘട്ടം കടക്കുന്ന ആറ് ടീമുകള്‍ക്ക് $100,000 വീതവും ലഭിയ്ക്കും.

ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടേതാകും – ക്ലൈവ് ലോയഡ്

2019 ഏകദിന ലോകകപ്പ് ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ക്ലൈവ് ലോയഡ്. ബൗളര്‍മാരുടെ ലോകകപ്പാണോ എന്ന ചോദ്യത്തിനാണ് താരം പറഞ്ഞത്. ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണെന്നാണ് മുന്‍ വിന്‍ഡീസ് താരവും രണ്ട് തവണ ലോകകപ്പ് ജേതാവുമായി ഈ ഇതിഹാസ താരം വ്യക്തമാക്കിയത്.

ഫ്ലാറ്റ് ട്രാക്കുകളില്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രതികൂലമാകും എന്നാല്‍ ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുമെന്നാണ് തനിക്ക് തോന്നുന്ന്. ഓരോ ടീമുകളിലും ലോകോത്തര ഓള്‍റൗണ്ടര്‍മാരുണ്ടെന്നാണ് വിന്‍ഡീസ് ഇതിഹാസം പറഞ്ഞത്. താന്‍ ശക്തമായി വിശ്വസിക്കുന്നത് ഇത് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാകുമെന്നാണെന്നും ക്ലൈവ് ലോയഡ് അഭിപ്രായപ്പെട്ടു.

സര്‍വ്വ സന്നാഹകങ്ങളുമായി ഇന്ത്യ തയ്യാര്‍ – രവി ശാസ്ത്രി

ലോകകപ്പിനു ഇന്ത്യ എല്ലാ മേഖലയിലും സര്‍വ്വ സന്നാഹകങ്ങളുമായാണ് ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഏറ്റവും മികച്ച 15 താരങ്ങള്‍ ടീമിലുണ്ട്, ഏതെങ്കിലും ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരും തയ്യാറാണെന്ന് രവി ശാസ്ത്രി അറിയിച്ചു. മേയ് 22നു ഇന്ത്യ ലോകകപ്പിനായി യാത്രയാകും.

അതേ സമയം ഇന്ത്യ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്ന ജെറ്റ് എയര്‍വേഴ്സ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പകരം എമറൈറ്റ്സ് എയര്‍വേയ്സിന്റെ ഫ്ലൈറ്റുകളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ബിസിസിഐ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമെല്ലാം ഒരേ ഫ്ലൈറ്റില്‍ തന്നെ യാത്രാസൗകര്യം അടിയന്തരമായി ഒരുക്കുകയായിരുന്നു.

അവസാന നിമിഷം ജെറ്റ് എയര്‍ക്രാഫ്ടുകളുടെ പ്രശ്നം ഒരു പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും പകരം സംവിധാനം ഒരുക്കാന്‍ തങ്ങള്‍ക്കായെന്ന് ബിസിസിഐ വക്താക്കള്‍ അറിയിക്കുകയായിരുന്നു. ഇന്ത്യ പ്രതീക്ഷിച്ചത് പോലെ മേയ് 22നോ അതിനു മുമ്പോ തന്നെ യാത്രയാകുമന്നും ഇദ്ദേഹം അറിയിച്ചു.

ഷദബ് ഖാന്‍ മാച്ച് ഫിറ്റ്, ലോകകപ്പിനുണ്ടാകും

2019 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍ കളിയ്ക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍. ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ താരം അസുഖം മൂലം പങ്കെടുക്കുന്നില്ലായിരുന്നു. ഇപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ രക്തത്തില്‍ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത്.

താരം ഉടന്‍ തന്നെ ലണ്ടനിലെത്തി ഇവിടെ ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം മേയ് 20നകം പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന്റെ സന്നാഹ മത്സരങ്ങള്‍ക്ക് താരത്തിന്റെ ലഭ്യത ആ സമയത്ത് മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Exit mobile version