2010നു ശേഷം ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം ജയം കുറിച്ച് ഓസ്ട്രേലിയ

തങ്ങളുടെ പ്രതാപകാലത്തിനു ശേഷം 2015ല്‍ ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് അതിനു ശേഷം മോശം സമയമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീം പല വിവാദങ്ങളിലും തോല്‍വികളിലും ഉള്‍പ്പെട്ട് ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോയത്. പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന് സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് കഷ്ടകാലമായിരുന്നു.

എന്നാല്‍ ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള ജയം ടീമിന്റെ തുടര്‍ച്ചയായ പത്താം ജയമായിരുന്നു. 2010നു ശേഷം ഇതാദ്യമായാണ് ടീമിനു ഇത്രയും വിജയം അടുപ്പിച്ച് നേടാനാകുന്നത്. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര 2-0നു പിന്നില്‍ പോയ ശേഷം തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ പിന്നീടിങ്ങോട്ട് തുടരെ ജയങ്ങളുമായി മുന്നേറുകയാണ്.

ലോകകപ്പിലെ തന്നെ ആദ്യ രണ്ട് മത്സരങ്ങളും ടീം ജയിക്കുകയുണ്ടായി. അതേ സമയം ഇന്നത്തെ മത്സരത്തില്‍ തകര്‍ച്ച നേരിട്ട ശേഷം ബാറ്റിംഗില്‍ സ്മിത്തും കോള്‍ട്ടര്‍‍-നൈലും ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ടീമിനെ കരപിടിച്ചു കയറ്റിയത്. വിന്‍ഡീസ് മത്സരം പിടിച്ചടക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ രണ്ടോവറില്‍ നാല് വിക്കറ്റുകളുമായി കളി ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് സ്റ്റാര്‍ക്ക് മാറ്റി മറിച്ചത്.

സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റില്‍ പൊലിഞ്ഞ് വിന്‍ഡീസിന്റെ പോരാട്ട വീര്യം

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം 288 റണ്‍സെന്ന് ഭേദപ്പെട്ട സ്കോറിലേക്ക് നഥാന്‍ കോള്‍ട്ടര്‍-നൈലും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയയെ എത്തിച്ചുവെങ്കിലും ഷായി ഹോപിന്റെയും ജേസണ്‍ ഹോള്‍ഡറുടെയും മികവില്‍ വിജയം പിടിച്ചെടുക്കാമെന്ന വിന്‍ഡീസ് മോഹങ്ങള്‍ക്ക് വിലങ്ങ് തടി സൃഷ്ടിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രിസ് ഗെയിലിനെ തുടക്കത്തിലും നിര്‍ണ്ണായക ഘട്ടത്തില്‍ ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്ട്രേലിയയുടെ വിജയ ശില്പി.  ഷെല്‍ഡണ്‍ കോട്രെല്‍ ആണ് സ്റ്റാര്‍ക്കിന്റെ അഞ്ചാം  വിക്കറ്റ്.

എവിന്‍ ലൂയിസിനെ രണ്ടാം ഓവറിലും അധികം വൈകാതെ ക്രിസ് ഗെയിലിനെയും നഷ്ടമായ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത് മൂന്നാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപുമായിരുന്നു. പൂരന്‍ അടിച്ച് കളിച്ചപ്പോള്‍ ഹോപ് നങ്കൂരമിടുന്ന കാഴ്ചയാണ് കണ്ടത്.

68 റണ്‍സ് കൂട്ടുകെട്ടില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയത് നിക്കോളസ് പൂരനായിരുന്നു. എന്നാല്‍ താരത്തെ ആഡം സംപ പുറത്താക്കിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഷായി ഹോപുമായി ചേര്‍ന്ന് 50 റണ്‍സ് നേടിയെങ്കിലും ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി. പിന്നീട് ജേസണ്‍ ഹോള്‍ഡറുമായി ഹോപ് 41 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയെങ്കിലും 68 റണ്‍സ് നേടിയ ഹോപിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

ഇതിനിടെ ആന്‍ഡ്രേ റസ്സലും(15) കാര്‍ലോസ് ബ്രാത്‍വൈറ്റും(16) ചെറിയ ഇന്നിംഗ്സുകള്‍ കളിച്ച് പുറത്തായപ്പോള്‍ അര്‍ദ്ധ ശതകം തികച്ചയുടനെ മിച്ചല്‍ സ്റ്റാര്‍ക്ക് ജേസണ്‍ ഹോള്‍ഡറെയും പുറത്താക്കി. തന്റെ അവസാന ഓവറില്‍ ഷെല്‍ഡണ്‍ കോട്രെല്ലിനെയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരം ഓസ്ട്രേലിയയ്ക്ക് സ്വന്തമാക്കി കൊടുക്കുകയായിരുന്നു.

അവസാന ഓവറില്‍ ആഷ്‍ലി നഴ്സ് അവസാന നാല് പന്തില്‍ നിന്ന് കോള്‍ട്ടര്‍ നൈലിനെതിരെ 4 ഫോറുകള്‍ നേടി ഓവറില്‍ നിന്ന് 16 റണ്‍സ്  നേടിയെങ്കിലും വിന്‍ഡീസിനു ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ എത്തുവാനെ കഴിഞ്ഞുള്ളു. 50 ഓവറില്‍ നിന്ന് വിന്‍ഡീസ് 273/9 എന്ന സ്കോറാണ് നേടിയത്.

എട്ടാം നമ്പറിലെത്തി വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍

ഓസ്ട്രേലിയയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനു അത്ര കണ്ട് സമ്മര്‍ദ്ദമില്ലായിരുന്നു. 79/5 എന്ന നിലയില്‍ നിന്ന് ടീമിനെ അലെക്സ് കാറെയുടെ കൂടെ സ്റ്റീവ് സ്മിത്ത് ടീമിനെ 147/6 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ എത്തിയിരുന്നില്ല. ഒരു വശത്ത് നങ്കൂരമിട്ട് സ്മിത്ത് ടീമിനെ ഇരുനൂറ് കടത്തുകയെന്ന ലക്ഷ്യവുമായി ക്രീസില്‍ നിന്നപ്പോള്‍ കോള്‍ട്ടര്‍-നൈലിനു വേറെ പദ്ധതികളായിരുന്നു.

തുടക്കം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച താരം 8 ഫോറും 4 സിക്സും സഹിതം 92 റണ്‍സ് നേടിയാണ് മടങ്ങിയത്. 60 പന്തില്‍ നിന്ന് ഈ സ്കോര്‍ നേടിയ താരം ഇന്ന് തന്റെ ഏകദിനത്തിലെ കന്നി അര്‍ദ്ധ ശതകമാണ് തികച്ചത്. ഓസ്ട്രേലിയ ആദ്യ 30 ഓവറില്‍ നിന്ന് നേടിയതിനുടുത്ത് റണ്‍സ് അവസാന 20 ഓവറില്‍ നിന്ന് കോള്‍ട്ടര്‍നൈലും സ്മിത്തും ചേര്‍ന്ന് നേടിയിരുന്നു.

ഇതില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ ബാറ്റ് വീശിയത് കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. എട്ടാം നമ്പറിലെത്തിയ ഒരു താരത്തിന്റെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സിക്സ് അടിച്ച് നേടിയത്. തന്റെ വ്യക്തിഗത സ്കോര്‍ 79ല്‍ എത്തിയപ്പോളാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.

അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ നേടിയ അര്‍ദ്ധ ശതകത്തിന്റെയും അലെക്സ് കാറെയുടെ ചെറുത്ത് നില്പിന്റെയും ബലമായി ഓസ്ട്രേലിയ 79/5 എന്ന നിലയില്‍ നിന്ന് 288 എന്ന സ്കോറിലേക്ക് ഉയരുകയായിരുന്നു. കോള്‍ട്ടര്‍-നൈല്‍ എത്തിയ ശേഷമാണ് ഓസ്ട്രേലിയയുടെ സ്കോറിംഗിനു വേഗത കൂടിയത്. 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്തായ കോള്‍ട്ടര്‍-നൈലിന്റെ ഇന്നിംഗ്സാണ് മത്സരഗതിയെ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 8 ഫോറും 4 സിക്സുമാണ് കോള്‍ട്ടര്‍-നൈല്‍ നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 38/4 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആദ്യം ആരംഭിച്ചത്. 41 റണ്‍സ് നേടി കൂട്ടുകെട്ടിനെ മുന്നോട്ട് നയിക്കവെ സ്റ്റോയിനിസിനെ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ പുറത്താക്കി 19 റണ്‍സാണ് താരം നേടിയത്. പിന്നീട് ഓസ്ട്രേലിയയെ 67 റണ്‍സുമായി ആറാം വിക്കറ്റില്‍ സ്മിത്ത്-കാറെ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

45 റണ്‍സ് നേടിയ കാറെയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ നഥാന്‍ കോള്‍ട്ര്‍ നൈല്‍ സ്മിത്തിനു മികച്ച പിന്തുണ നല്‍കി. കോള്‍ട്ടര്‍-നൈല്‍ അതിവേഗം സ്കോറിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടുക കൂടി ചെയ്തപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങി.

73 റണ്‍സ് നേടി സ്മിത്തിനെ പുറത്താക്കി ഒഷെയ്‍ന്‍ തോമസ് ആണ് ഓസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 103 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. 49 ഓവറില്‍ 288 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

പാക്കിസ്ഥാന് പിന്നാലെ ഓസ്ട്രേലിയയെയും എറിഞ്ഞിട്ട് വിന്‍ഡീസ് പേസ് പട, കംഗാരുകള്‍ക്ക് നഷ്ടമായത് 5 വിക്കറ്റ്

പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയതിനു ശേഷം ഓസ്ട്രേലിയെയും വെള്ളം കുടിപ്പിച്ച് വിന്‍ഡീസ് പേസ് പട. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എതിരാളികളെ 38/4 എന്ന നിലയിലേക്ക് വിന്‍ഡീസ് പേസ് പട എറിഞ്ഞിട്ട ശേഷം സ്റ്റീവന്‍ സ്മിത്ത്-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് നേടി ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നത്.

എന്നാല്‍ ഡ്രിംഗ്സിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് സ്റ്റോയിനിസിനെയും നഷ്ടമായി. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും അലെക്സ് കാറെ റണ്ണൊന്നും എടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് നേടി.

റബാഡ പോരാളി, സ്റ്റെയിനും ഗിഡിയും ഉണ്ടായിരുന്നവെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തേനെ

ഇന്ത്യയ്ക്ക് പേസര്‍മാരും സ്പിന്നര്‍മാരും ബൗളിംഗില്‍ വിക്കറ്റുമായി പിന്തുണ നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഏകനായ പോരാളി അത് കാഗിസോ റബാഡയായിരുന്നു. മറ്റു ബൗളര്‍മാര്‍ക്ക് കാര്യമായ പ്രഭാവം പുലര്‍ത്തുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ കാഗിസോ റബാഡയെന്ന ഒറ്റയാള്‍ പോരാളിയാണ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ദൗത്യങ്ങള്‍ തോളിലേറ്റിയത്. തന്റെ പത്തോവറില്‍ നിന്ന് 2 വിക്കറ്റ് നേടിയപ്പോള്‍ താരം വിട്ട് നല്‍കിയത് വെറും 39 റണ്‍സാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിന്നെ മെച്ചപ്പെട്ട ബൗളിംഗ് കാഴ്ച വെച്ചത് 36 റണ്‍സിനു ഒരു വിക്കറ്റ് നേടിയ ക്രിസ് മോറിസ് ആയിരുന്നു.

റബാഡയെ ചാമ്പ്യന്‍ ബൗളര്‍ എന്നാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി വിശേഷിപ്പിച്ചത്, താരം നിര്‍ഭാഗ്യവാനായതിനാല്‍ മാത്രമാണ് കൂടുതല്‍ വിക്കറ്റ് ലഭിയ്ക്കാതിരുന്നതെന്നും ഫാഫ് പറഞ്ഞു. ഇത്തരം ഒരു സ്പെല്‍ താന്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും കാഗിസോ റബാഡയെ പുകഴ്ത്തി ഫാഫ് ഡു പ്ലെസി പറഞ്ഞു. ഡെയില്‍ സ്റ്റെയിനും ലുംഗിസാനി ഗിഡും ഉണ്ടായിരുന്നേല്‍ ഈ അനുകൂല സാഹചര്യം ടീമിനു മുതലെടുക്കാമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

സൂപ്പര്‍ പോരാട്ടത്തിനൊരുങ്ങി വിന്‍ഡീസും ഓസ്ട്രേലിയയും

തങ്ങളുടെ ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിനു ശേഷം രണ്ടാം ജയം തേടി ഓസ്ട്രേലിയയും വിന്‍ഡീസും. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത് എവിന്‍ ലൂയിസ് ടീമിലേക്ക് എത്തുമ്പോള്‍ ഡാരെന്‍ ബ്രാവോ പുറത്ത് പോകുന്നു. അതേ സമയം ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റമൊന്നുമില്ല.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സംപ.

വിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ഷായി ഹോപ്, നിക്കോളസ് പൂരന്‍, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ആഷ്‍ലി നഴ്സ്, ഷെല്‍ഡണ്‍ കോട്രെല്‍, ഒഷെയ്ന്‍ തോമസ്

മോശം ക്രിക്കറ്റല്ല ബംഗ്ലാദേശ് കളിച്ചത്, കാഴ്ചവെച്ചത് അഭിമാനാര്‍ഹമായ പോരാട്ടം

ന്യൂസിലാണ്ടിനോട് രണ്ട് വിക്കറ്റ് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും തന്റെ ടീം മോശം ക്രിക്കറ്റല്ല കളിച്ചതെന്ന് പറഞ്ഞ് മഷ്റഫെ മൊര്‍തസ. ന്യൂസിലാണ്ടിനെ വിജയത്തിനായി അവസാന നിമിഷം വരെ പോരാടേണ്ടി വരുന്ന സ്ഥിതിയിലേക്ക് എത്തിയ്ക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചിരുന്നു. 245 റണ്‍സെന്ന ചെറിയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തുവാനായത് തന്നെ വലിയ നേട്ടമാണെന്നാണ് മൊര്‍തസ പറഞ്ഞ്.

ഓവലിലെ പിച്ച് റണ്ണൊഴുകുന്ന പിച്ചാണ്, അവിടെ ന്യൂസിലാണ്ട് പോലുള്ള ടീമിനെ ബുദ്ധിമുട്ടിപ്പിക്കുവാന്‍ സാധിച്ചുവെങ്കില്‍ അത് ബംഗ്ലാദേശ് ടീമിനു അഭിമാന നിമിഷം തന്നെയാണ്. അടുത്ത മത്സരം ടൂര്‍ണ്ണമെന്റിലെ തന്നെ കരുത്തരായ ഇംഗ്ലണ്ടിനോടാണ്, അതിനാല്‍ തന്നെ കൂടുതല്‍ ശ്രമകരമാകും. എന്നാല്‍ മികച്ച ക്രിക്കറ്റ് കളിച്ചാല്‍ പ്രയാസകരമെങ്കിലും വിജയം കിട്ടാക്കനിയല്ലെന്ന് മൊര്‍തസ പറഞ്ഞു.

 

മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്ന് മൊര്‍തസ

ബംഗ്ലാദേശിനെ 244 റണ്‍സിനു ചുരുട്ടിക്കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ വിജയം ആധികാരികമായിരുന്നില്ല. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനു 2 വിക്കറ്റിന്റെ വിജയമാണ് 47.1 ഓവറില്‍ നേടാനായത്. റോസ് ടെയിലര്‍ നേടിയ 82 റണ്‍സാണ് മത്സരം ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ ഒരു കൂട്ടുകെട്ടായിരുന്നു ന്യൂസിലാണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.

55/2 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എന്നാല്‍ തന്റെ വ്യക്തിഗത സ്കോര്‍ 8ല്‍ നില്‍ക്കെ വലിയൊരു റണ്ണൗട്ട് വെല്ലുവിളിയെയാണ് അതിജീവിച്ചത്. മുഷ്ഫിക്കുര്‍ സ്റ്റംപുകള്‍ തകര്‍ക്കുമ്പോള്‍ വില്യംസണ്‍ ക്രീസിലെത്തിയില്ലായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ തന്റെ മുട്ട് കൊണ്ടാണ് വിക്കറ്റുകളെ തകര്‍ക്കുന്നതെന്ന് റീപ്ലേയില്‍ വ്യക്തമാകുകയായിരുന്നു. ഈ ലഭിച്ച ജീവന്‍ ന്യൂസിലാണ്ട് വിജയത്തില്‍ ഏറെ നിര്‍ണ്ണായകമാകുകയും ചെയ്തു.

എന്നാല്‍ ഈ തെറ്റിനു മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറയുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് മത്സരത്തിലെ വളരെ വലിയ നിര്‍ണ്ണായക മുഹൂര്‍ത്തമാണെന്നത് സത്യമാണ്. പക്ഷേ ഇത്തരം തെറ്റുകള്‍ മത്സരത്തിന്റെ ഭാഗമാണ്, ആരും ഇത്തരം തെറ്റുകള്‍ അറിഞ്ഞോണ്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മൊര്‍തസ പറഞ്ഞു.

തമീം ഇക്ബാലിന്റെ ത്രോ വിക്കറ്റിനു മുന്നില്‍ ചെന്ന് പിടിക്കുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ കൈമുട്ട് വിക്കറ്റുകളില്‍ പതിച്ചത്.

കടുത്ത പിച്ചിലും പക്വതയോടെ രോഹിത്, ഇന്ത്യയുടെ ബൗളിംഗ് അത്യുജ്ജ്വലം

ബാറ്റിംഗിനു ദുഷ്കരമായ പിച്ചില്‍ മികവ് പുലര്‍ത്തിയതാണ് ഇന്ത്യയുടെ വിജയത്തിന് കാരണമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. തുടക്കത്തില്‍ പേസര്‍മാരും മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യയുടെ ബൗളിംഗ് അതിശക്തമാണെന്ന് എല്ലാം മേഖലകളിലും അവരുടെ ആധിപത്യമാണെന്നും ഫാഫ് പറഞ്ഞു. അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോര്‍ നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും രോഹിത്തിന്റെ ബാറ്റിംഗ് ടീമിന്റെ സാധ്യതകളെ ഇല്ലാതാക്കിയെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

ഭാഗ്യത്തിന്റെ തുണയുണ്ടായിരുന്നുവെങ്കിലും ക്രീസില്‍ നങ്കൂരമിട്ട് ശതകം നേടിയതാണ് താരത്തിന്റെ പ്രത്യേകതയെന്നും അതായിരുന്നു ഇരു ടീമുകളിലെയും ബാറ്റ്സ്മാന്മാര്‍ തമ്മിലുള്ള വ്യത്യാസമെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തുടക്കം ലഭിച്ച താരങ്ങളാരും തങ്ങളുടെ ഇന്നിംഗ്സ് അവസാനം വരെ കൊണ്ടുപോകുവാന്‍ ശ്രമിച്ചില്ലെന്നും അത് വളരെ വലിയ വ്യത്യാസമാണെന്നും ഫാഫ് പറഞ്ഞു.

തന്റെ ആദ്യ ലോകകപ്പ് മത്സരമാണെന്നത് ചിന്തിച്ചതേയില്ല

ലോകകപ്പില്‍ തന്റെ കന്നി മത്സരം കളിച്ച ജസ്പ്രീത് ബുംറ പറയുന്നത് ആ കാര്യം തന്നെ അലട്ടിയതേയില്ലെന്നാണ്. തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരമാണെന്നത് താന്‍ ചിന്തിച്ചത് പോലുമില്ലെന്നാണ് ജസ്പ്രീത് ബുംറ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ന്യൂ ബോള്‍ ഷെയര്‍ ചെയ്ത താരം ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കിനെയും ഹഷിം അംലയെയും പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ പതനത്തിനു തുടക്കും കുറിയ്ക്കുകയായിരുന്നു.

തന്റെ ആദ്യ സ്പെല്ലിലെ അഞ്ചോവറില്‍ താരം വെറും 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്. പിന്നീട് വിക്കറ്റ് ലഭിച്ചില്ലെങ്കിലും 35 റണ്‍സാണ് തന്റെ പത്തോവര്‍ സ്പെല്ലില്‍ നിന്ന് ജസ്പ്രീത് വഴങ്ങിയത്. താന്‍ ഇത് ക്രിക്കറ്റിലെ മറ്റൊരു മത്സരം മാത്രമായാണ് കരുതിയത്, അതിനാല്‍ തന്നെ തന്റെ കന്നി ലോകകപ്പ് മത്സരമെന്ന സമ്മര്‍ദ്ദം തനിക്ക് തീരെ ഇല്ലായിരുന്നുവെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.

പിച്ചില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ശരിയായ ലെംഗ്ത്തില്‍ പന്തെറിഞ്ഞാല്‍ മാത്രം മതിയായിരുന്നു ഈ പിച്ചില്‍ എന്നും ജസ്പ്രീത് പറഞ്ഞു. ലോകകപ്പ് പോലെ വലിയ ടൂര്‍ണ്ണമെന്റില്‍ വിജയിച്ച് തുടങ്ങുവാനാകുന്നത് തന്നെ മികച്ച കാര്യമാണെന്നും ടീമിനു ഇത് ഇനിയും തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്പ്രീത് ബുംറ പറഞ്ഞു.

ബംഗ്ലാദേശിനെ കീഴടക്കി ന്യൂസിലാന്റ്

ലോകകപ്പിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ്. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ന് കീവികൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 244 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്ത് പോയിരുന്നു. എന്നാൽ 17 പന്ത് ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാന്റ് ലക്ഷ്യം കണ്ടു.

ന്യൂസിലാന്റ് ‌നിരയിൽ ഒറ്റയാൾ പോരാട്ടം നടത്തിയത് റോസ് ടൈലറാണ്. 91 പന്തുകൾ നേരിട്ട അദ്ദേഹം 82 റൺസടിച്ചു. ബംഗ്ലാദേശിനെതിരായ ന്യൂസിലാന്റ് ഇന്നിംഗ്സിനെ നയിച്ചതും ടൈലറാണ്. ഓപ്പണർമാരായ ഗപ്റ്റിൽ 25ഉം മണ്രോ 24 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 40 റൺസ് നേടി. ജെയിംസ് നീഷം 25 റൺസും കോളിൻ ഡെ ഗ്രാൻഡ്ഹോം 15 റൺസും അടിച്ചു. ഷാകിബ്, മെഹ്ദി ഹസൻ,മൊസാദെക് ഹുസൈൻ, സെയിഫുദ്ദീൻ എന്നിവർ ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവേ താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് സ്വയം പ്രതിസന്ധി തീര്‍ക്കുകയായിരുന്നു. 64 റണ്‍സുമായി ഷാക്കിബ് ഹസന്‍ മാത്രമാണ് കാര്യമായ പ്രകടനം പുറത്തെടുത്തത്. 49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

തമീം ഇക്ബാല്‍(24), സൗമ്യ സര്‍ക്കാര്‍(25), മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു. മാറ്റ് ഹെന്‍റി 4 വിക്കറ്റും ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവരും ബംഗ്ലാ കടുവകളെ എറിഞ്ഞു വീഴ്ത്തി.

Exit mobile version