ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, സ്റ്റാര്‍ക്കിനു സ്വന്തം

ഏകദിനത്തില്‍ 150 വിക്കറ്റിലേക്ക് വേഗത്തിലെത്തുയകയെന്ന റെക്കോര്‍ഡ് ഇനി ഓസ്ട്രേലിയന്‍ പേസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനു സ്വന്തം. സഖ്‍ലൈന്‍ മുഷ്താഫിന്റെ 78 മത്സരങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡ് ആണ് ഇന്നലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ സ്റ്റാര്‍ക്ക് മറികടന്നത്. 77 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ ഈ നേട്ടം.

ട്രെന്റ് ബോള്‍ട്ട് 81 മത്സരങ്ങളില്‍ നിന്നും ബ്രെറ്റ് ലീ 82 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 20 വര്‍ഷമായി നിലനിന്ന റെക്കോര്‍ഡാണ് ഇന്നലത്തെ പ്രകടനത്തിലൂടെ മിച്ചല്‍ സ്റ്റാര്‍ക്ക് മറി കടന്നത്.

താന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സ്റ്റാര്‍ക്ക്, പന്ത് നോബോളാണെന്നത് അറിഞ്ഞത് ഏറെ വൈകി

ക്രിസ് ഗെയിലിനെ പുറത്താക്കിയ പന്തിന് തൊട്ടുമുമ്പുള്ള നോബോള്‍ താന്‍ അറിയുന്നത് ഏകദേശം അഞ്ച് മിനുട്ടോളം കഴിഞ്ഞ ശേഷമാണെന്ന് പറഞ്ഞ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഗെയിലിനെ പുറത്താക്കിയ ആഘോഷങ്ങള്‍ക്ക് ശേഷം ആരോ ആണ് അത് നോ ബോള്‍ ആണെന്നും വലിയൊരു നോബോളായിരുന്നു അതെന്നും പറഞ്ഞതെന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് വ്യക്തമാക്കി.

ആ പന്ത് അമ്പയര്‍ കാണാതിരുന്നതും അത്തരത്തില്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു.

മൂന്ന് വട്ടം ഔട്ട് വിധിയ്ക്കപ്പെട്ട് ക്രിസ് ഗെയില്‍, രണ്ടെണ്ണം അതിജീവിച്ചു, മൂന്നാമത്തേതില്‍ പുറത്തായെങ്കിലും വിവാദമായ വിക്കറ്റ്

ഇന്നലത്തേ മത്സരത്തില്‍ അഞ്ചോളം അമ്പയറിംഗ് പിഴവുകളാണ് ഒറ്റ നോട്ടത്തില്‍ വിന്‍ഡീസിനെതിരെ അമ്പയ്ര‍മാരായ ക്രിസ് ഗാഫനേയും രുചീര പള്ളിയാഗുര്‍ഗേയും വിധിച്ചത്. ഈ തീരുമാനങ്ങള്‍ ക്രിസ് ഗെയിലിനും ജേസണ്‍ ഹോള്‍ഡറിനും എതിരെ ആയിരുന്നു ഇവര്‍ അടിച്ചേല്പിച്ചത്. ഗെയില്‍ മൂന്ന് തവണ ഔട്ട് വിധിക്കപ്പെട്ടപ്പോള്‍ മൂന്നാമത്തെ അവസരം മാത്രമാണ് താരം ശരിയ്ക്കും ഔട്ടായത്. എന്നാല്‍ ആ പന്തിന് തൊട്ട് മുമ്പുള്ള നോ ബോള്‍ അമ്പയര്‍മാര്‍ കാണാതെ പോയതോടെ ഒരു ഫ്രീ ഹിറ്റ് ആകുമായിരുന്ന പന്തിലാണ് ഗെയില്‍ ഔട്ട് ആയത്.

നേരത്തെ ഗെയിലിനെതിരെ കീപ്പര്‍ ക്യാച്ച് അമ്പയര്‍മാര‍് വിധിച്ചുവെങ്കിലും പിന്നീട് റിവ്യൂവില്‍ സ്റ്റംപില്‍ ഉരഞ്ഞാണ് പന്ത് പോയതെന്ന് മനസ്സിലാവുകയും ബെയില്‍ തെറിക്കാത്തതിനാല്‍ താരം രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു എല്‍ബിഡബ്ല്യു തീരുമാനവും ഗെയില്‍ അതിജീവിച്ചുവെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ റിവ്യൂവില്‍ താരം രക്ഷപ്പെട്ടില്ല. എന്നാല്‍ ഈ പന്തിന് തൊട്ട് മുമ്പുള്ള പന്തില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതിരുന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്.

കോള്‍ട്ടര്‍ നൈലിന്റെ ബാറ്റിംഗില്‍ ടീമിനു എന്നും വിശ്വാസമുണ്ടായിരുന്നു

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തിനൊപ്പം നിന്ന് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. 8 ഫോറും 4 സിക്സും സഹിതം 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി താരം ഇന്നാണ് തന്റെ ഏകദിനത്തിലെ ആദ്യ അര്‍ദ്ധ ശതകം നേടിയത്. എട്ട് റണ്‍സ് അകലെ തന്റെ കന്നി ശതകം നഷ്ടമായെങ്കിലും താരത്തിനു നിരാശയുണ്ടാകില്ല കാരണം തന്റെ ടീമിനെ ലോകകപ്പിലെ ഒരു പ്രധാന ജയം താനാണ് നേടിക്കൊടുത്തത്.

ടീമിനു എന്നും കോള്‍ട്ടര്‍-നൈലിന്റെ ബാറ്റിംഗില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറയുന്നത്. ഇന്നാണ് താരത്തിനു നീണ്ട സമയം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചതെന്നും അത് താരം മുതലാക്കിയെന്നും ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ നിര്‍ണ്ണായക പ്രകടനങ്ങള്‍ ബാറ്റിംഗില്‍ പുറത്തെടുത്തിട്ടുണ്ട്. ടീമിനെ പലപ്പോഴും വിജയത്തിലേക്കോ തോല്‍വിയുടെ ആഘാതം കുറയ്ക്കുവാനോ ഈ ഇന്നിംഗ്സുകള്‍ ഉപകാരപ്പെട്ടിട്ടുണ്ട്.

 

നിലവാരിമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായി

നിലവാരമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായെന്ന് പറഞ്ഞ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. ഓസ്ട്രേലിയയോട് 15 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ടീമിനു അമ്പയര്‍മാരുടെ പല തീരുമാനങ്ങളും ഡ്രെസ്സിംഗ് റൂമില്‍ അസ്വാസ്ഥ്യ നിമിഷങ്ങളാണ് നല്‍കിയതെന്നും വെളിപ്പെടുത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റേത് ടീമിനെക്കാളും കൂടുതല്‍ മോശം തീരുമാനം തന്റെ ടീമിനെതിരെയാണ് ഉണ്ടായിട്ടുള്ളതെന്നും ബ്രാ‍ത്‍വൈറ്റ് പറഞ്ഞു.

തങ്ങളുടെ പാഡില്‍ എപ്പോള്‍ പന്തിടിച്ചാലും ഔട്ട് വിധിയ്ക്കുന്ന സ്ഥിതിയാണെന്നാണ് ബ്രാത്‍വൈറ്റ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ എതിരാളികളുടെ പാഡില്‍ പന്ത് കൊള്ളിച്ചാല്‍ അമ്പയര്‍മാര്‍ വിരല്‍ പൊക്കുന്നുത് കാണാറില്ലെന്നും തന്റെ പ്രതിഷേധം മറച്ച് വയ്ക്കാതെ ബ്രാത്‍വൈറ്റ് വ്യക്തമാക്കി. ഇന്നലത്തെ മത്സരത്തില്‍ ക്രിസ് ഗെയില്‍ പുറത്തായ പന്തിനു തൊട്ട് മുമ്പത്തെ പന്ത് നോബോളായിരുന്നുവെങ്കിലും അമ്പയര്‍മാര്‍ അത് കാണാതെ പോകുകയായിരുന്നു.

താന്‍ ഈ പറയുന്നതിനു തനിക്കെതിരെ ഐസിസി നടപടിയുണ്ടാകുമോ എന്ന് തനിക്ക് അറിയില്ലെങ്കിലും ഇത്തരം ടൈറ്റ് മത്സരങ്ങളില്‍ ഇത്തരം അമ്പയറിംഗ് പിഴവുകള്‍ ടീമിനെ മാനസികമായി തളര്‍ത്തുമെന്നും കാര്‍ലോസ് ബ്രാ‍ത്‍വൈറ്റ് പറഞ്ഞു.

ഇത് ഓസ്ട്രേലിയ പോരാടി നേടിയ വിജയം

തോല്‍വി വഴങ്ങാതെ ചെറുത്ത് നില്പ് നടത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ വിജയമാണ് വിന്‍ഡീസിനെതിരെ നേടിയതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. 30 റണ്‍സോളം നേടുന്നതിനിടെ ടീമിനു നാല് വിക്കറ്റ് നഷ്ടമായ ശേഷം ആദ്യം സ്റ്റീവന്‍ സ്മിത്തും അലെക്സ് കാറെയും പിന്നെ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ അവിശ്വസനീയ ഇന്നിംഗ്സും കാണിക്കുന്നത് ഈ പോരാട്ട വീര്യത്തെയാണെന്നും ആരോണ്‍ ഫിഞ്ച് കൂട്ടിചേര്‍ത്തു.

ഈ ടീമിനെക്കുറിച്ച് തനിയ്ക്ക് ഏറെ അഭിമാനമുണ്ടന്നും 4 വിക്കറ്റ് നഷ്ടപ്പോള്‍ താന്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. വിന്‍ഡീസിനെതിരെ വിക്കറ്റുകള്‍ നേടിക്കൊണ്ടിരുന്നാല്‍ മാത്രമേ കാര്യമുള്ളുവെന്നും അവര്‍ എത്ര അപകടകാരിയായ ടീമാണെന്ന് ഏവര്‍ക്കും അറിയാവുന്നതാണെന്നും ഫിഞ്ച് പറഞ്ഞു.

ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്ത്. ഈ മത്സരത്തില്‍ പലപ്പോഴും പിന്നില്‍ പോയ ശേഷവും രണ്ട് പോയിന്റുമായി തിരികെ വരാനായി എന്നത് തന്നെ ഏറെ സന്തോഷമുള്ള കാര്യമാണെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.

ലോകകപ്പില്‍ ഇനി ഓസ്ട്രേലിയയും വിന്‍ഡീസും ഒപ്പത്തിനൊപ്പം

ലോകകപ്പില്‍ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന് മത്സരത്തിലെ വിജയത്തോടെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോളുള്ള വിജയങ്ങളുടെ എണ്ണത്തില്‍ വിന്‍ഡീസിനു ഒപ്പമെത്തി ഓസ്ട്രേലിയ. നിലവില്‍ ഇരു ടീമുകളും 5 വീതം വിജയങ്ങളാണ് നേടിയിരിക്കുന്നത്. ലോകകപ്പില്‍ വിന്‍ഡീസിനോട് മാത്രമായിരുന്നു ഇതുവരെ ഓസ്ട്രേലിയ ഹെ‍ഡ് ടു ഹെഡില്‍ പിന്നിലായിരുന്നത്.

ഇന്നലെ നേടിയ 15 റണ്‍സ് ജയത്തോടെ ടീം ഇപ്പോള്‍ വിന്‍ഡീസിനൊപ്പമായിട്ടുണ്ട് ലോകകപ്പിലെ വിജയങ്ങളുടെ എണ്ണത്തില്‍. മറ്റൊരു ടീമിനും ഓസ്ട്രേലിയയ്ക്കെതിരെ കൂടുതല്‍ വിജയം നേടുവാന്‍ സാധിച്ചിട്ടില്ല. മറ്റ് എതിരാളികളോടെല്ലാമുള്ള ഹെഡ് ടു ഹെഡില്‍ ഓസ്ട്രേലിയ തന്നെയാണ് മുന്നില്‍ നിന്ന് ആധിപത്യം പുലര്‍ത്തുന്നത്.

നിരാശയുണ്ട്, എന്നാലും ലോകകപ്പ് ജയിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നു

ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നതിന്റെ വക്കോളമെത്തിയെങ്കിലും മത്സരം കൈവിട്ടതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് തങ്ങളുടെ വിജയ പ്രതീക്ഷയെ ഇല്ലാതാക്കിയെങ്കിലും ഉത്തരവാദിത്വമില്ലാത്ത ഷോട്ടുകള്‍ താരങ്ങള്‍ കളിച്ചതാണ് ടീമിനു വിനയായതെന്ന് ഹോള്‍ഡര്‍ പറഞ്ഞു. അല്പ സമയം കൂടി അവിടെ ബാറ്റ്സ്മാന്മാര്‍ നിന്നിരുന്നുവെങ്കില്‍ ലക്ഷ്യം മറികടക്കുവാന്‍ സാധിച്ചേനെ എന്നും ഹോള്‍ഡര്‍ പറഞ്ഞു.

79/5 എന്ന നിലയില്‍ ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയ ശേഷം 288 റണ്‍സിലേക്ക് ടീമിനെ കയറൂരിവിട്ടത് തങ്ങളുടെ തെറ്റാണെന്ന് ഹോള്‍ഡര്‍ പറഞ്ഞു. കോള്‍ട്ടര്‍ നൈല്‍ 60നടുത്ത സ്കോറില്‍ നില്‍ക്കെ നല്‍കിയ അവസരം കൈവിട്ടിരുന്നു. പിന്നീട് താരം 30നടുത്ത് റണ്‍സ് നേടി. ഇതെല്ലാം മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങളാണെന്ന് ഹോള്‍ഡര്‍ പറഞ്ഞു.

ഇന്നത്തെ മത്സരഫലം എതിരാണെങ്കിലും ലോകകപ്പ് ജയിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും തന്റെ ടീം അല്പം കൂടി സ്ഥിരത പുറത്തെടുത്താല്‍ മതിയെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഡി വില്ലിയേഴ്‌സിന്റെ തിരിച്ചു വരവ് വാഗ്ദാനം നിരസിച്ചതിൽ നിരാശയില്ല- ക്രിക്കറ്റ് സൗത്താഫ്രിക്ക

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച ഡി വില്ലിയേഴ്‌സിന്റെ വാഗ്ദാനം നിരസിച്ചതിൽ നിരാശയില്ല എന്ന് ക്രിക്കറ്റ് സൗത്താഫ്രിക സെലക്ഷൻ കൺവീനർ ലിണ്ട സോണ്ടി. ലോകകപ്പിന് മുന്നോടിയായി താരം ടീമിൽ കളിക്കാൻ സമ്മതം അറിയിച്ചിരുന്നെങ്കിലും സെലക്ഷൻ കമ്മിറ്റി അത് തള്ളുകയായിരുന്നു. പക്ഷെ ലോകകപ്പ് തുടങ്ങി ടീമിന്റെ ദയനീയ പ്രകടനത്തോടെ താരത്തെ തിരിച്ചു വിളിക്കാൻ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

ലോകകപ്പ് ടീമിലെ സ്ഥാനം ലക്ഷ്യമിട്ട് കഠിന പ്രയത്നം നടത്തിയ മറ്റ് കളിക്കാരോടുള്ള അനീതിയാവും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിവില്ലിയേഴ്‌സിനെ സെലക്ഷൻ കമ്മിറ്റി പുറത്തിരുത്തിയത്. 2018 ൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ താരത്തിന്റെ തീരുമാനം മാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ല എന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂട്ടി ചേർത്തു. ഏപ്രിൽ 18 ന് ലോകകപ്പ് സ്കോഡ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപേ മാത്രമാണ് ക്യാപ്റ്റൻ ഡുപ്ലെസിയും പരിശീലകൻ ഗിബ്സനും ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചത് എന്നും സോണ്ടി കൂട്ടി ചേർത്തു.

2019 ലോകകപ്പിൽ ദയനീയ തുടക്കമാണ് സൗത്താഫ്രിക നടത്തിയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നുവരോട് തോറ്റ ടീമിൽ പ്രധാന താരങ്ങളുടെ പരിക്കാണ് വിനയായത്. ഇതേ സമയം തനിക്കായി മുറവിളി കൂട്ടുന്ന ആരാധകരോട് ഈ നിർണായക സമയത്ത് ടീമിനെ പിന്തുണക്കാൻ ഡി വില്ലിയേഴ്‌സ് ട്വിറ്റെർ വഴി ആവശ്യപ്പെട്ടു.

ഇത്രയും റണ്‍സ് താനടിക്കുമെന്ന് കരുതിയിരുന്നില്ല

താന്‍ ഇത്രയും റണ്‍സ് അടിയ്ക്കുമെന്ന് കരുതിയില്ലെന്ന് ഓസ്ട്രേലിയയുടെ വിജയ നായകന്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍. അഞ്ച് വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക് ടീമിന്റെ ബൗളിംഗിലെ നായകനായെങ്കിലും 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി സ്മിത്തിനൊപ്പം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സന്നാഹ മത്സരത്തില്‍ താന്‍ വേഗത്തില്‍ പുറത്തായിരുന്നു. അന്ന് സ്മിത്ത് 81 റണ്‍സില്‍ നില്‍ക്കവെയാണ് സംഭവം. ഇന്ന് ക്രീസിലെത്തിയപ്പോള്‍ താന്‍ ആദ്യം കരുതിയത് സ്മിത്തിനു പിന്തുണ നല്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും നഥാന്‍ പറഞ്ഞു. തന്നെ ഇന്ന് ഭാഗ്യം ഏറെ തുണച്ചുവെന്നും താന്‍ ഇത്രയും റണ്‍സ് അടിക്കുമെന്ന് തീരെ കരുതിയതല്ലെന്നും നഥാന്‍ കോള്‍ട്ടര്‍ നൈല്‍ വ്യക്തമാക്കി.

ലോകകപ്പിലെ ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്

ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്നത്തെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് ഈ പട്ടികയില്‍ ഒന്നാമത്തെത്തിയത്. 25 വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു ഇപ്പോള്‍ സ്വന്തമായുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്.

ഇമ്രാന്‍ താഹിര്‍(24), ട്രെന്റ് ബോള്‍ട്ട്(23), ഷോണ്‍ ടൈറ്റ്(23) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

അഫ്ഗാനിസ്ഥാന് തിരിച്ചടി, മുഹമ്മദ് ഷെഹ്സാദ് ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്ത്

ലോകകപ്പിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന് തിരിച്ചടിയായി പുതിയ വാര്‍ത്ത. ടീമിന്റെ ഓപ്പണിംഗ് താരം വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് ആണ് പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് പോകുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ടീമില്‍ വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ടവരില്‍ പ്രധാനിയായിരുന്നു താരം.

പകരം താരമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇക്രം അലി ഖിലിനെ അഫ്ഗാനിസ്ഥാന്‍ നിയമിച്ചു. പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിലാണ് താരത്തിനു പരിക്കേറ്റതെങ്കിലും അഫ്ഗാനിസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിക്ക് കൂടുതല്‍ വഷളായതിനാല്‍ താരത്തെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കുകയാണുണ്ടായത്.

Exit mobile version