പിച്ചില്‍ നിന്ന് ബൗളിംഗിനു പിന്തുണയുണ്ടായിരുന്നു, ടോസ് കിട്ടിയിരുന്നേല്‍ താനും അത് തന്നെ ചെയ്തേനെ

ടോസ് നേടി ഇന്ത്യയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത സര്‍ഫ്രാസിന്റെ തീരുമാനത്തെ ഏവരും പഴിക്കുമ്പോളും താനും അത് തന്നെ ടോസ് ലഭിച്ചെങ്കില്‍ ചെയ്തേനെ എന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. പിച്ചില്‍ നിന്ന് ബൗളിംഗിനു വേണ്ടത്ര പിന്തുണയുണ്ടായിരുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത്. മൂടികെട്ടിയ അന്തരീക്ഷം മുതലാക്കുവാനായി താനും ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തേനെ എന്ന് വിരാട് പറഞ്ഞു. ശരിയായ സ്ഥാനങ്ങളില്‍ പന്തെറിഞ്ഞിരുന്നുവെങ്കില്‍ ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചായിരുന്നു ഇതെന്ന് വിരാട് പറഞ്ഞു.

ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാന പകുതിയോടെ മാത്രമാണ് പിച്ചില്‍ നിന്ന് ടേണ്‍ ലഭിച്ചത്. പിച്ച് ഒരു പോലെ ബൗളിംഗിനെയും ബാറ്റിംഗിനെയും പിന്തുണയ്ക്കുന്ന ഒന്നായിരുന്നുവെന്നും വിരാട് വ്യക്തമാക്കി. ആദ്യ മത്സരം രോഹിത് ഒറ്റയ്ക്ക് തങ്ങളെ വിജയിപ്പിച്ചപ്പോള്‍ ഇന്നും രോഹിത്തിന്റെ ദിവസമായിരുന്നുവെന്ന് മാച്ച് പ്രസന്റേഷന്‍ സമയത്ത് വിരാട് പറഞ്ഞു. 330 റണ്‍സിലേക്ക് എത്തുക എന്നത് ഒരു ടീം എഫേര്‍ട്ട് ആണ്. രാഹുലും രോഹിത്തും ഒരുക്കിയ അടിത്തറയാണ് ടീമിന്റെ ഈ സ്കോറിനു പിന്നിലെന്നും രോഹിത്തിന്റെ ഈ ഇന്നിംഗ്സ്, തനിക്കും ഹാര്‍ദ്ദിക്കിനുമെല്ലാം അടിച്ച് കളിക്കുവാന്‍ പ്രഛോദനമായെന്നും വിരാട് പറഞ്ഞു.

താന്‍ പുറത്തായത് മോശം ഷോട്ട് കളിച്ച്, പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്പെല്‍ കടന്ന് കൂടുക പ്രധാനമായിരുന്നു

താന്‍ പുറത്തായത് തന്റെ ഭാഗത്ത് നിന്നുള്ള പിഴവ് മൂലമാണെന്നും അത്തരത്തില്‍ പുറത്തായതില്‍ നിരാശയുണ്ടെന്നും പറഞ്ഞ് രോഹിത് ശര്‍മ്മ. ഫീല്‍ഡ് സെറ്റ് ചെയ്തതിനെ അവലോകനം ചെയ്തതില്‍ തനിക്ക് പറ്റിയ പിഴവാണ് അതിനു കാരണമെന്നും രോഹിത് പറഞ്ഞു. സെറ്റായ ഒരു ബാറ്റ്സ്മാന്‍ എപ്പോളും വലിയ സ്കോര്‍ നേടുകയെന്ന ആഗ്രഹത്തോടെയാവും ബാറ്റ് ചെയ്യുകയെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തില്‍ വന്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും എന്നാല്‍ താന്‍ ഔട്ട് ആയത് തെറ്റായ സമയത്തായിരുന്നുവെന്നും രോഹിത് പറഞ്ഞു. താന്‍ ഒരിക്കലും ഇരട്ട ശതകത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും മികച്ച ബാറ്റിംഗ് വിക്കറ്റായതിനാല്‍ ബാറ്റിംഗ് തുടരണെന്ന ആഗ്രഹം മാത്രമേയുള്ളായിരുന്നുവെന്നും രോഹിത് പറഞ്ഞു.

ലോകേഷ് രാഹുലിന്റെ ഇന്നിംഗ്സും എടുത്ത് പറയേണ്ടതാണെന്നും ഓപ്പണിംഗിലേക്ക് വന്നയുടനെ മികച്ചൊരു ഇന്നിംഗ്സാണ് താരം പുറത്തെടുത്തതെന്നും രോഹിത് പറഞ്ഞു. രാഹുല്‍ സമയം എടുത്താണ് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയതെന്നും അത് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നിര്‍ണ്ണായക നീക്കമായിരുന്നുവെന്നും എന്നാല്‍ താരം ഔട്ട് ആയതും പ്രതീക്ഷിക്കാത്ത സമയത്താണെന്നും രോഹിത് പറഞ്ഞു. പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്പെല്‍ എല്ലായ്പ്പോഴും ദുഷ്കരമായ കാര്യമാണെന്നും അതിനെ അതിജീവിക്കുക പ്രയാസകരമാണെന്നും തങ്ങള്‍ക്ക് അറിയാമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

കുറഞ്ഞത് മൂന്ന് മത്സരങ്ങളിലെങ്കിലും ഭുവി പുറത്തിരിക്കേണ്ടി വരും

ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ അടുത്ത മൂന്ന് മത്സരങ്ങളിലെങ്കിലും ചുരുങ്ങിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത് ഇരിക്കേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. പേശി വലിവ് കാരണം ഇന്നലെ തന്റെ സ്പെല്ലിലെ വെറും 2.4 ഓവറുകള്‍ മാത്രമാണ് ഭുവി എറിഞ്ഞത്. അഞ്ചാം ഓവറിലെ നാലാം പന്തില്‍ പരിക്കേറ്റ് താരം പവലിയനിലേക്ക് മടങ്ങിയ ശേഷം പിന്നീട് മത്സരത്തില്‍ പന്തെറിയാനാകില്ലെന്ന് അറിയിപ്പ് വരുകയായിരുന്നു.

തന്റെ മൂന്നാം ഓവറിന്റെ ഇടയ്ക്കാണ് ഭുവിയുടെ പരിക്ക്. ഫുട്മാര്‍ക്കില്‍ തെന്നി വീണതാണ് താരത്തിന്റെ പരിക്കിന് കാരണമായത്. ഇപ്പോള്‍ അത് അത്ര ഗുരുതരമായ പരിക്കായി തോന്നുന്നില്ല, രണ്ട് മൂന്ന് മത്സരങ്ങള്‍ക്കിടയില്‍ താരം പൂര്‍ണ്ണാരോഗ്യവാനായി മടങ്ങിയെത്തേണ്ടതാണെന്ന് ഇന്നലത്തെ മത്സര ശേഷം വിരാട് കോഹ്‍‍ലി വ്യക്തമാക്കി.

ടീമിന്റെ വളരെ പ്രധാന്യമേറിയ ഘടകമാണ് ഭുവിയെന്നും താരം ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷയെന്നും എന്നാല്‍ മുഹമ്മദ് ഷമി ടീമിനൊപ്പം ഉള്ളതിനാല്‍ ഈ പരിക്ക് ടീമിനെ അധികം അലട്ടുന്നില്ലെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ഭുവി പവലിയനിലേക്ക് മടങ്ങിയ ശേഷം ടീം ഫിസിയോ പരിശോധിച്ചാണ് താരത്തിനെ പിന്നീട് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

പകരം വിജയ് ശങ്കറും ഹാര്‍ദ്ദിക് പാണ്ഡ്യയും കൂടിയാണ് ഭുവിയുടെ ഓവറുകള്‍ കൂടി എറിയുവാനെത്തിയത്. അതില്‍ തന്നെ തന്റെ ലോകകപ്പിലെ ആദ്യ പന്തില്‍ തന്നെ ഇമാം ഉള്‍ ഹക്കിനെ വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ഹാര്‍ദ്ദിക് പുറത്താക്കി. ഇന്നിംഗ്സ് പുരോഗമിക്കവെ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെ പുറത്താക്കി വിജയ് ശങ്കര്‍ തന്റെ രണ്ടാം വിക്കറ്റും നേടി.

ജയിച്ചത് മികച്ച ടോസ്, പക്ഷേ ബൗളിംഗ് കൈവിട്ടപ്പോള്‍ അതിന്റെ ഗുണം നഷ്ടമായി

പാക്കിസ്ഥാന് ടോസ് ലഭിച്ചത് മികച്ച കാര്യമായിരുന്നുവെങ്കിലും ശരിയായ രീതിയില്‍ പന്തെറിയാനാകാതെ പോയത് ആ ടോസിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. പിച്ചില്‍ നിന്ന് ടേണ്‍ ലഭിയ്ക്കുമെന്നാണ് കരുതിയത് എന്നും അതാണ് താന്‍ രണ്ട് സ്പിന്നര്‍മാരെ കളിച്ചിച്ചതെന്നും സര്‍ഫ്രാസ് പറഞ്ഞു.

രണ്ട് സ്പിന്നര്‍മാരും നന്നായി പന്തെറിഞ്ഞുവെങ്കിലും ഇന്ത്യ സ്പിന്‍ കളിക്കുന്നതില്‍ മെച്ചപ്പെട്ട ടീമായതിനാല്‍ അധികം പ്രഭാവമുണ്ടാക്കിയില്ലെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. അത് പോലെ തന്നെ ബാറ്റിംഗിലും മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു ടീം പൊടുന്നനെ രണ്ട്-മൂന്ന് വിക്കറ്റ് നഷ്ടമായതോടെ താളെ തെറ്റുകയായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു.

അടുത്ത നാല് മത്സരങ്ങളില്‍ നാല് വിജയം നേടിയാല്‍ ടീമിനു പ്രതീക്ഷിക്കുവാനുള്ള വകയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ കടുപ്പമേറിയതാകുകയാണെന്നും സര്‍ഫ്രാസ് വ്യക്തമാക്കി.

പാക്കിസ്ഥാനെ സെവനപ്പ് കുടിപ്പിച്ച് ഇന്ത്യ, ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഏഴാം തോല്‍വി

ലോകകപ്പില്‍ ഏഴാം തവണയും ഇന്ത്യയോട് തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയ റണ്‍സ് മറികടക്കുവാനുള്ള ശ്രമത്തിനിടെ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് മാത്രമേ 40 ഓവറില്‍ നിന്ന് നേടാനായുള്ളു. മഴ കളി തടസ്സം സൃഷ്ടിച്ചപ്പോള്‍ ലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു. ഇതോടെ 89 റണ്‍സിന്റെ വിജയം ഇന്ത്യ കരസ്ഥമാക്കി.

മത്സരത്തില്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ നിന്ന് സമയത്ത് മാത്രമാണ് പാക്കിസ്ഥാന്‍ മത്സരത്തില്‍ സജീവ സാധ്യത നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കുല്‍ദീപ് യാദവ് ഇരുവരെയും പുറത്താക്കി ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

ഇമാം ഉള്‍ ഹക്കിനെ വേഗത്തില്‍ നഷ്ടമായ ശേഷം ബാബര്‍ അസം-ഫകര്‍ സമന്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് പാക്കിസ്ഥാന്റെ തിരിച്ചുവരവിനായി ശ്രമിച്ചത്. വിജയ് ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പിന്മാറിയപ്പോളാണ് പകരക്കാരനായി വിജയ് ശങ്കറെത്തിയത്.

104 റണ്‍സ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് നേടിയെങ്കിലും റണ്‍ റേറ്റ് ഉയര്‍ന്ന് കൊണ്ടിരുന്നത് മത്സരത്തില്‍ പാക്കിസ്ഥാന് സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഫകര്‍ സമന്‍ 62 റണ്‍സും ബാബര്‍ അസം 48 റണ്‍സുമാണ് നേടിയത്.

ഇരുവരും പുറത്തായ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റുമായി രംഗത്തെത്തിയതോടെ പാക്കിസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലായി. സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസിനെയും ഷൊയ്ബ് മാലിക്കിനെയും ആണ് ഹാര്‍ദ്ദിക് തന്റെ ഓവറിലെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. 117/1 എന്ന നിലയില്‍ നിന്ന് 129/5 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീഴുകയായിരുന്നു.

ആറാം വിക്കറ്റില്‍ 36 റണ്‍സ് നേടിയ സര്‍ഫ്രാസ്-ഇമാദ് കൂട്ടുകെട്ടിനെ വിജയ് ശങ്കറാണ് തകര്‍ത്തത്. 12 റണ്‍സ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കി ശങ്കര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. 35 ഓവറില്‍ 166/6 എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കവെ മഴ വീണ്ടുമെത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ലക്ഷ്യം 40 ഓവറില്‍ നിന്ന് 302 റണ്‍സായി പുനഃക്രമീകരിച്ചു.

ഏഴാം വിക്കറ്റില്‍ 47 റണ്‍സ് നേടി ഇമാദ് വസീം-ഷദബ് ഖാന്‍ കൂട്ടുകെട്ട് പാക്കിസ്ഥാന് വേണ്ടി പൊരുതിയെങ്കിലും മഴയുടെ ഇടവേളയ്ക്ക് ശേഷം 5 ഓവറിലെ 136 എന്ന ലക്ഷ്യം തീര്‍ത്തും അപ്രാപ്യമായത് തന്നെയായിരുന്നു. ഇമാദ് വസീം 46 റണ്‍സും ഷദബ് ഖാന്‍ 20 റണ്‍സും നേടി പുറത്താകാതെ നിന്നു.

അവസാന ഓവറുകളില്‍ ഇന്ത്യയുടെ താളം തെറ്റിച്ച് മഴയും മുഹമ്മദ് അമീറും, പാക്കിസ്ഥാനെതിരെ 336 റണ്‍സ് നേടി ഇന്ത്യ

ഇന്ത്യയുടെ 350 റണ്‍സെന്ന പ്രതീക്ഷകളെ തടഞ്ഞ് പാക്കിസ്ഥാന്റെ മുഹമ്മദ് അമീര്‍. ശതകം നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ദ്ധ ശതകങ്ങള്‍ നേടിയ വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍ എന്നിവരുടെ പ്രകടനങ്ങളുടെ ബലത്തില്‍ ഇന്ത്യ 350നു മുകളിലേക്കുള്ള സ്കോറിലേക്ക് നീങ്ങുമെന്നാണ് കരുതിയതെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മഴയും മുഹമ്മദ് അമീറും. 50 ഓവറില്‍ നിന്ന് 336 റണ്‍സാണ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മുഹമ്മദ് അമീറിന്റെ സ്പെല്ലാണ് അടികൊണ്ട് മടുത്ത പാക് ബൗളിംഗ് നിരയിലെ ഏക ആശ്വാസം. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താരം പത്തോവറില്‍ നിന്ന് 47 റണ്‍സാണ് വിട്ട് നല്‍കിയത്. രോഹിത് ശര്‍മ്മ 140 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 77 റണ്‍സ് നേടി ഇടവേളയ്ക്ക് ശേഷം പുറത്തായി. ലോകേഷ് രാഹുല്‍ 57 റണ്‍സാണ് നേടിയത്.

സച്ചിന്റെ റെക്കോര്‍ഡ് കടന്ന് വിരാട് കോഹ്‍ലി

പതിനൊന്നായിരം ഏകദിന റണ്‍സ് വേഗത്തില്‍ കടക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 276 ഇന്നിംഗ്സുകളില്‍ നേടിയ റെക്കോര്‍ഡാണ് 222 ഇന്നിംഗ്സില്‍ നിന്ന് വിരാട് കോഹ്‍ലി നേടിയത്. ഇന്ന് തന്റെ വ്യക്തിഗത സ്കോര്‍ 57 റണ്‍സ് മറികടന്നപ്പോളാണ് ഈ നേട്ടം കോഹ്‍ലി സ്വന്തമാക്കിയത്.

പട്ടികയിലെ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഈ പട്ടികയിലെ മറ്റു രണ്ട് ഇന്ത്യക്കാര്‍. കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവര്‍ദ്ധനേ, ഇന്‍സമാം ഉള്‍ ഹക്ക്, ജാക്ക്വസ് കാല്ലിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.

ടോപ് ഗിയറില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍, മഴ കളി മുടക്കി

രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും അര്‍ദ്ധ ശതകങ്ങളും നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാനത്തോടെ വില്ലനായി മഴയെത്തി. ഇന്ത്യ 46.4 ഓവറില്‍ 305/4 എന്ന നിലയിലാണ്. മുഹമ്മദ് അമീര്‍ ഇന്നിംഗ്സ് അവസാനത്തോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെയും(26), എംഎസ് ധോണിയെയും(1) പുറത്താക്കിയെങ്കിലും ടോപ് ഓര്‍ഡറിന്റെ പ്രകടനം ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ഓപ്പണിംഗില്‍ ശിഖര്‍ ധവാന് പകരം എത്തിയ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സ് നേടിയ ശേഷം 23.5 ഓവറിലാണ് രാഹുലിന്റെ(57) രൂപത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടുകയായിരുന്നു. 113 പന്തില്‍ നിന്ന് 14 ഫോറും 3 സിക്സും സഹിതമായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

വിരാട് കോഹ്‍ലി 62 പന്തില്‍ 71 റണ്‍സും വിജയ് ശങ്കര്‍ 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മഴ തടസ്സം സൃഷ്ടിച്ചത്.

ടോസ് ഇന്ത്യയ്ക്ക് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിലെ ഏവരും കാത്തിരുന്ന പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം മഴ ഭീഷണിയ്ക്കിടെ ആരംഭിയ്ക്കുന്നു. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ഇന്ത്യയെ അലട്ടുമ്പോള്‍ സ്ഥിരതിയില്ലാത്ത പ്രകടനമാണ് പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുന്നത്.

ശിഖര്‍ ധവാന് പകരം ഒരു മാറ്റമാണ് ഇന്ത്യ തങ്ങളുടെ ടീമില്‍ വരുത്തിയിരിക്കുന്നത്. വിജയ് ശങ്കര്‍ ടീമിലേക്ക് എത്തുന്നു. താരം തന്നെയാവും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കെഎല്‍ രാഹുല്‍ ഓപ്പണറുടെ റോളിലേക്ക് എത്തും. അതേ സമയം പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാനും ഇമാദ് വസീം തിരികെ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോ‍ഹ്‍ലി, വിജയ് ശങ്കര്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, ഷൊയ്ബ് മാലിക്, ഇമാദ് വസീം, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍

പേസ് ബൗളിംഗിനു അനുകൂലമായി പിച്ചിലാണ് താഹിറിന്റെ ഈ പ്രകടനം, കഴിഞ്ഞ രണ്ട് വര്‍ഷമായി ദക്ഷിണാഫ്രിക്കയെ കരുത്തനാക്കുന്നത് താഹിര്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി താഹിര്‍ ഒറ്റയ്ക്കാണ് ദക്ഷിണാഫ്രിക്കയെ കരുത്താര്‍ന്ന ടീമാക്കി മാറ്റിയതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താഹിറിന്റെ മധ്യ ഓവറുകളില്‍ വിക്കറ്റ് നേടുവാനുള്ള കഴിവാണ് ഇതിനു പിന്നില്‍. അഫ്ഗാനിസ്ഥാനെതിരെയും സമാനമായ സ്ഥിതി തന്നെയാണുണ്ടായത്. പേസ് ബൗളിംഗിനു അനുകൂലമായ പിച്ചായിരുന്നു കാര്‍ഡിഫിലേതെന്ന് ഫാഫ് പറഞ്ഞു.

മോറിസും താഹിറും മധ്യ ഓവറുകള്‍ അവിസ്മരണീയ പ്രകടനമാണ് നടത്തിയത്. സ്പിന്നിനു അധികം പിന്തുണ ലഭിക്കാത്ത പിച്ചിലാണ് താഹിറിന്റെ ഈ പ്രകടനം. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ചൊരു ദിവസമായിരുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം നേടിയ ദിവസം. ഇതിനെക്കുറിച്ച് എപ്പോളും ടീം സംസാരിക്കാറുണ്ട്, ഇന്ന് അത് പ്രാവര്‍ത്തികമാക്കുവാനും ടീമിനു സാധിച്ചുവെന്ന് ഫാഫ് ഡു പ്ലെസി പറഞ്ഞു.

സ്വതവേ ഡി കോക്ക് അടിച്ച് കളിക്കുന്ന താരമാണ് എന്നാല്‍ സാഹചര്യങ്ങള്‍ താരത്തെ ന്യൂ ബോളിനെ ശ്രദ്ധയോടെ കളിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ലക്ഷ്യം ചെറുതാണെങ്കിലും ഓപ്പണിംഗ് കൂട്ടുകെട്ട് കുറഞ്ഞത് 60-70 റണ്‍സ് നേടണമെന്നതായിരുന്നു ടീമിന്റെ പദ്ധതി. മെല്ലെയാണെങ്കിലും മികച്ച തുടക്കം ലഭിച്ചാല്‍ റണ്‍റേറ്റ് പിന്നീട് മെച്ചപ്പെടുത്താമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു. അംല റണ്‍സ് കണ്ടെത്തിയതും ആശ്വാസകരമായ കാര്യമാണ്, ഇനിയുള്ള മത്സരങ്ങളില്‍ ടീമിനു അത് ഗുണം ചെയ്യുമെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

തങ്ങള്‍ക്കിതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച ബാറ്റിംഗ് ട്രാക്ക്, എന്നാല്‍ ഞങ്ങള്‍ ആ അവസരം കൈവിട്ടു

ശ്രീലങ്കയ്ക്ക് ഈ ടൂര്‍ണ്ണമെന്റില്‍ ലഭിച്ചതില്‍ വെച്ചേറ്റവും മികച്ച ബാറ്റിംഗ് ട്രാക്കാണ് ഇന്നലെ ഓവലില്‍ ലഭിച്ചതെങ്കിലും ടീം അത് മുതലാക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന് പറ‍ഞ്ഞ് ദിമുത് കരുണാരത്നേ. ബൗളിംഗില്‍ ആദ്യ 25 ഓവര്‍ ടീം മികച്ച് നിന്നുവെങ്കിലും പിന്നീട് ഫിഞ്ചും സ്മിത്തും ചേര്‍ന്ന് മത്സരം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ടീം ശക്തമായ തിരിച്ചുവരവ് ബൗളിംഗിലും നടത്തി. 350നു മേല്‍ സ്കോര്‍ ചെയ്യുമെന്ന് കരുതിയ ഓസ്ട്രേലിയയെ 334 റണ്‍സില്‍ ഒതുക്കിയത് മികച്ച കാര്യം തന്നെയാണ്.

ബാറ്റിംഗിലും മികച്ച തുടക്കം ടീമിനു ലഭിച്ചുവെങ്കിലും ഈ അവസരങ്ങള്‍ തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ ടീം തോല്‍വിയിലേക്ക് വീഴുകയായിരുന്നു. മധ്യ ഓവറുകളാണ് മുതലാക്കുവാന്‍ ശ്രീലങ്കയ്ക്ക് കഴിയാതെ പോയത്. തുടരെ വിക്കറ്റുകള്‍ വീണതും 50 ഓവര്‍ ബാറ്റ് ചെയ്യുവാനാകാതെ പോയതും ടീമിന്റെ ഗെയിം പ്ലാനുകളിലെ പാളിച്ചകളായി വേണം വിലയിരുത്തുവാനെന്നും കരുണാരത്നേ പറഞ്ഞു.

ടീമിന്റെ ചില മത്സരങ്ങള്‍ മഴ മൂലം നഷ്ടമായി, അടുത്ത ഏതാനും മത്സരങ്ങളില്‍ വിജയം നേടാനായാല്‍ ടീം ആദ്യ നാല് സ്ഥാനങ്ങളില്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും ദിമുത് കരുണാരത്നേ പറഞ്ഞു. ആദ്യം സെമിയിലേക്ക് എത്തിയ ശേഷം ഫൈനലിലേക്കുള്ള കാല്‍വെയ്പ്പിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്നും ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു.

നെറ്റ്സില്‍ താന്‍ പരിക്കേല്പിച്ച താരത്തെ സന്ദര്‍ശിച്ച് വാര്‍ണര്‍, ഓസ്ട്രേലിയന്‍ താരങ്ങള്‍ സൈന്‍ ചെയ്ത ജഴ്സിയും നല്‍കി

കഴിഞ്ഞാഴ്ച നെറ്റ്സില്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ഓസീസ് ടീമിന്റെ നെറ്റ് ബൗളര്‍മാരില്‍ ഇന്ത്യന്‍ വംശജനായ ജയ‍്‍കിഷന്‍ പ്ലാഹയും പന്തെറിയുവാനുണ്ടായിരുന്നു. ഡേവിഡ് വാര്‍ണര്‍ കളിച്ച ഫ്രണ്ട് ഡ്രൈവ് ജയ്‍കിഷന്റെ തലയില്‍ കൊള്ളുകയും താരം പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ഇന്നലെ ജയ്‍കിഷനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഡേവിഡ് വാര്‍ണര്‍ മത്സരത്തിന് മുമ്പ് കണ്ടിരുന്നു. താരത്തിനു വേഗത്തില്‍ സുഖം പ്രാപിക്കുവാനുള്ള ആശംസയും ഒപ്പം തന്നെ ഓസ്ട്രേലിയന്‍ താരങ്ങള്‍ ഒപ്പ് വെച്ച തന്റെ മാച്ച് ജഴ്സിയും നല്‍കിയാണ് ഡേവിഡ് വാര്‍ണര്‍ മടങ്ങിയത്.

Exit mobile version