ക്ലൈവ് ലോയ്ഡിനു തന്നെക്കാള്‍ ദൂരത്തില്‍ ഇപ്പോളും സിക്സര്‍ പറത്താനാകും

ക്ലൈവ് ലോയ്ഡിനു ഇപ്പോളും തന്നെക്കാള്‍ ദൂരത്തില്‍ സിക്സുകള്‍ അടിക്കാനാകും, പ്രത്യേകിച്ച് തന്റെ ഈ പുറം വേദന കൂടിയുള്ളപ്പോളെന്ന് തമാശ രൂപേണ പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. ഇന്നലെ 17 സിക്സുകള്‍ അടക്കം 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ മോര്‍ഗന്‍ 102 റണ്‍സാണ് സിക്സുകളില്‍ നിന്ന് മാത്രം നേടിയത്. മാന്‍ ഓഫ് ദി മാച്ച് കൈപ്പറ്റി സംസാരിക്കവേയാണ് താരം ഈ അഭിപ്രായം പങ്കുവെച്ചത്.

ഇന്നലെ ഇംഗ്ലണ്ടിനു മികച്ച ദിവസമായിരുന്നുവെന്നും ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയതെന്നും പിന്നീട് ബൈര്‍സ്റ്റോയോടൊപ്പം ജോ റൂട്ടും എത്തി. താന്‍ വലിയൊരു ചൂതാട്ടം നടത്തിയതാണെന്നും അത് ശരിയായി വന്നുവെന്നും തന്റെ ഇന്നിംഗ്സിനെ കുറിച്ച് മോര്‍ഗന്‍ പറഞ്ഞു. ആ ഘട്ടത്തില്‍ ഒരിക്കലും അത് തന്റെ ദിവസമായിരിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും മോര്‍ഗന്‍ പറഞ്ഞു.

തന്റെ പുറം വേദനയെക്കുറിച്ച് താരം പറഞ്ഞത് തനിക്ക് വയസ്സാകുകയാണെന്നാണ്. തന്റെ ഡ്രസ്സിംഗ് റൂമില്‍ ഇതുപോലുള്ള ഇന്നിംഗ്സ് കാഴ്ചവയ്ക്കുവാനുള്ള ഒട്ടനവധി താരങ്ങളുണ്ട്. അവരോടൊപ്പം പിടിച്ച് നില്‍ക്കുവാനാകുന്ന ഇന്നിംഗ്സ് കാഴ്ചവെച്ചത് വലിയ കാര്യമായി തോന്നന്നു. ഇതുപോലെ ഒരു ഇന്നിംഗ്സ് തന്നില്‍ നിന്നുണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഇന്ന് പിറന്നതെങ്കിലും ലക്ഷ്യം അത്രയും വലുതായതിനാല്‍ ടീമിനു തോല്‍വിയുടെ ആഘാതം വളരെ വലുതായിരുന്നു.

ടോപ് ഓര്‍ഡറില്‍ നൂര്‍ അലി സദ്രാന്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ഹസ്മത്തുള്ള ഷഹീദി(76), അസ്ഗര്‍ അഫ്ഗാന്‍(44), റഹ്മത് ഷാ(37), ഗുല്‍ബാദിന്‍ നൈബ്(37) എന്നിവരില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം ഉണ്ടായെങ്കിലും ആദില്‍ റഷീദാണ് ഇംഗ്ലണ്ടിനു വേണ്ടി നിര്‍ണ്ണായ വിക്കറ്റുകള്‍ നേടിയത്. ഒപ്പം ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും എത്തിയപ്പോള്‍ ഇംഗ്ലണ്ടിനു വലിയ ജയം സ്വന്തമാക്കുവാന്‍ സാധിക്കുകയായിരുന്നു. ആദില്‍ റഷീദ് ജോഫ്ര എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ്  രണ്ട് വിക്കറ്റും വീഴ്ത്തുകയായിരുന്നു.

ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ സപ്പോര്‍ട്ട് സ്റ്റാഫിനു വലിയ റോള്‍

ബംഗ്ലാദേശിന്റെ അടുത്തിടെയുള്ള വിജയങ്ങള്‍ക്ക് പിന്നില്‍ എടുത്ത് പറയേണ്ടത് സപ്പോര്‍ട്ട് സ്റ്റാഫിന്റെ റോളാണെന്ന് ഷാക്കിബ് അല്‍ ഹസന്‍. ഇന്നലെ വിന്‍ഡീസിനെതിരെയുള്ള ലോകകപ്പ് ജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. ടീമിന്റെ ഡ്രെസ്സിംഗ് റൂം അത്രയും കൂളാണെന്നും അതാണ് ടീമിന്റെ ഈ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ഘടകമെന്നും ഷാക്കിബ് പറഞ്ഞു. ഫലമെന്ത് തന്നെ ആയാലും സമ്മര്‍ദ്ദമില്ലാത്തൊരു അന്തരീക്ഷമാണ് കുറച്ച് നാളായി ബംഗ്ലാദേശിന്റെ ഡ്രെസ്സിംഗ് റൂം.

അയര്‍ലണ്ടിലെ മത്സരങ്ങള്‍ ടീമിനു വലിയ മാറ്റമാണ് വരുത്തിയതെന്നും ഷാക്കിബ് പറഞ്ഞു. അവിടെ അയര്‍ലണ്ടിനെതിരെയും വിന്‍ഡീസിനെതിരെയും എല്ലാ മത്സരങ്ങളും ബംഗ്ലാദേശ് ചേസ് ചെയ്താണ് വിജയിച്ചത്. ആ മത്സര പരിചയം ടീമിനു ഇന്നലെ ഗുണം ചെയ്തുവെന്നും ഷാക്കിബ് പറഞ്ഞു. ചേസ് ചെയ്യുകയായിരുന്നുവെങ്കിലും വലിയ ഷോട്ടുകള്‍ ഉതിര്‍ക്കേണ്ടി വരുമെന്ന ചിന്ത ഒരിക്കലും ടീമിനെ അലട്ടിയില്ലെന്നും ഷാക്കിബ് പറഞ്ഞു. ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിച്ചാണ് ഈ കൂറ്റന്‍ടികള്‍ ടീമിലെ എല്ലാവരും നടത്തിയതെന്നും ഷാക്കിബ് പറഞ്ഞു.

ഇപ്പോളത്തെ ഈ സാഹചര്യം ഒരുക്കിയതിനു കോച്ചിംഗ് സ്റ്റാഫിനാണ് എല്ലാ ക്രെഡിറ്റും ലഭിക്കേണ്ടത്. മുമ്പാണെങ്കില്‍ ഇത്തരം സാഹചര്യത്തില്‍ ടീം പരിഭ്രാന്തരാകുമായിരുന്നു. ഇപ്പോള്‍ അതല്ല സ്ഥിതി. കോച്ചിംഗ് സ്റ്റാഫ് എപ്പോളും സംയമനം പാലിച്ച് കൂളായ സമീപനവുമായാണ് നില്‍ക്കാറെന്നും അത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്നും ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ പറഞ്ഞു.

റഷീദ് ഖാന് നാണക്കേട്, ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം

ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്ത് റഷീദ് ഖാന്‍. ഇന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ താണ്ഡവമാടിയ മത്സരത്തില്‍ തന്റെ 9 ഓവറില്‍ നിന്ന് 110 റണ്‍സാണ് റഷീദ് ഖാന്‍ വഴങ്ങിയത്. ഇന്നത്തെ മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും നേടുവാന്‍ താരത്തിനു സാധിച്ചതുമില്ല. ലോകകപ്പിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്.

ഏകദിന ക്രിക്കറ്റില്‍ ഇത് മൂന്നാമത്തെ മോശം പ്രകടനവുമാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൈക്കല്‍ ലൂയിസ്(പത്തോവറില്‍ നിന്ന് 113 റണ്‍സ്), ഇംഗ്ലണ്ടിനെതിരെ 2016ല്‍ വഹാബ് റിയാസ്(പത്തോവറില്‍ 110 റണ്‍സ് എന്നിവരാണ് മറ്റു മോശം സ്കോറര്‍മാര്‍)

സിക്സടിയിലെ റെക്കോര്‍ഡ് സ്വന്തമാക്കി ഓയിന്‍ മോര്‍ഗന്‍

ഒരു ഏകദിന ഇന്നിംഗ്സില്‍ 17 സിക്സുകള്‍ നേടി ക്രിസ് ഗെയില്‍, രോഹിത് ശര്‍മ്മ, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ സംയുക്തമായ പേരിലുള്ള റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് 71 പന്തില്‍ നിന്ന് 148 റണ്‍സ് നേടിയ മോര്‍ഗന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ വിസ്മൃതിയിലേക്ക് മറഞ്ഞത് മൂന്ന് മികച്ച താരങ്ങളുടെ സിക്സടി റെക്കോര്‍ഡായിരുന്നു. രോഹിത് ഓസ്ട്രേലിയയ്ക്കെതിരെയും ഗെയില്‍ സിംബാബ്‍വേയ്ക്കെതിരെയും എബിഡി വിന്‍ഡീസിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ 397 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

ഓഹ് ഓയിന്‍, തീപ്പൊരി ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍, മികച്ച ബാറ്റിംഗുമായി ബൈര്‍സ്റ്റോയും റൂട്ടും

ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ജോസ് ബട്‍ലറെ കളത്തിലിറക്കി സ്കോറിംഗിനു വേഗത കൂട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം ബാറ്റിംഗിനിറങ്ങാതിരുന്ന, ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന സംശയത്തിലായിരുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ആണ് ക്രീസിലേക്ക് എത്തിയത്. മോര്‍ഗന്‍ ക്രീസിലെത്തുമ്പോള്‍ 30ാം ഓവറില്‍ ഇംഗ്ലണ്ട് 164 റണ്‍സാണ് നേടിയിരുന്നത്.

45 റണ്‍സുമായി ജോ റൂട്ടായിരുന്നു ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. എന്നാല്‍ പിന്നീട് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ പുറത്തെടുത്തത്. അര്‍ദ്ധ ശതകം നേടിയ ജോ റൂട്ടിനെ ഏറെ വൈകാതെ മറികടന്ന മോര്‍ഗന്‍ പിന്നെ സിക്സറുടെ പെരുമഴ പൂരം സൃഷ്ടിക്കുന്നതാണ് പിന്നീട് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്.

36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച മോര്‍ഗന്‍ പിന്നീട് സിക്സടിച്ച് കൂട്ടുകയായിരുന്നു മത്സരത്തില്‍. അഫ്ഗാനിസ്ഥാന്‍ നിരയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും മുജീബ് ഉര്‍ റഹ്മാന്‍ മാത്രമാണ് മോര്‍ഗന്റെ കൈയ്യില്‍ നിന്ന് വലിയ അടി വാങ്ങാതെ രക്ഷപ്പെട്ടത്. റഷീദ് ഖാനെയും, മുഹമ്മദ് നബിയെയും മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. മോര്‍ഗന്‍ തന്റെ അടുത്ത 50 റണ്‍സ് വെറും 21 പന്തില്‍ നിന്നാണ് നേടിയത്. 57 പന്തില്‍ നിന്നാണ് മോര്‍ഗന്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

50 ഓവര്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് 189 റണ്‍സാണ് നേടിയത്. റൂട്ട് 88 റണ്‍സ് നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗന്‍ 71 പന്തില്‍ നിന്ന് 17 സിക്സും 4 ഫോറും സഹിതം 148 റണ്‍സാണ് നേടിയത്. മോയിന്‍ അലി 9 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി ദവലത് സദ്രാനും ഗുല്‍ബാദിന്‍ നൈബും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ റഷീദ് ഖാന്‍ ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

ഓസ്ട്രേലിയയുടെ മികച്ച ഇലവന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല

അഞ്ച് കളികളില്‍ ഇന്ത്യയ്ക്കെതിരെ ഒഴികെ ബാക്കി എല്ലാ മത്സരങ്ങളും ലോകകപ്പില്‍ ഇതുവരെ ജയിച്ചുവെങ്കിലും ടീം ഇതുവരെ തങ്ങളുടെ ഏറ്റവും മികച്ച ഇലവന്‍ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ ഉപ പരിശീലകന്‍ ബ്രാഡ് ഹാഡിന്‍. ടീമിന്റെ നാല് വിജയങ്ങളും ആധികാരിക വിജയങ്ങളല്ലായിരുന്നുവെന്നതാവും ബ്രാഡിന്റെ ഈ അഭിപ്രായത്തിനു പിന്നിലെ കാരണം.

നിലവില്‍ ടീം ഇപ്പോളും മികച്ച ഇലവനെ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണെന്നാണ് ഹാഡിന്‍ പറഞ്ഞത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കുന്നുവെന്നും പറഞ്ഞു. താരം ടീമിന്റെ വലിയ ഒരു ഘടകമായിരുന്നു, ഏറ്റവും പ്രാധാന്യമേറിയ ഓള്‍റൗണ്ടര്‍. അതിനാല്‍ തന്നെ താരത്തിന്റെ പരിക്ക് ടീമില്‍ പല ഫോര്‍മേഷനും പരീക്ഷിക്കുവാനുള്ള ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ഹാഡിന്‍ പറഞ്ഞു.

രോഹിത്തിന്റെ സെഞ്ചുറി ലോകോത്തരമെന്ന് വെങ്‌സർക്കർ

പാകിസ്താനെതിരെ ഇന്ത്യൻ താരം രോഹിത് ശർമയുടെ സെഞ്ചുറി ലോകോത്തരമായിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ടറുമായ ദിലീപ് വെങ്‌സർക്കർ. രോഹിത് ശർമ്മ വളരെ പക്വത ഉള്ള താരമാണെന്നും മികച്ച അനുഭവസമ്പത്തുള്ള താരമാണെന്നും ക്രിക്കറ്റ് ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാണെന്നും വെങ്‌സർക്കർ പറഞ്ഞു. മത്സരത്തിൽ 113 പന്തിൽ നിന്ന് 140 റൺസ് നേടിയ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ പാകിസ്താനെ 89 റൺസിന്‌ തോൽപ്പിച്ചിരുന്നു.

വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്ന മത്സരത്തിൽ തന്റെ സ്ഥിരം ഓപ്പണിങ് പങ്കാളിയായ ശിഖർ ധവാൻ ഇല്ലാതിരുന്നിട്ടുകൂടി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മികച്ച പ്രകടനമാണ് രോഹിത് ശർമ്മ നടത്തിയതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ടീമിൽ കോഹ്‌ലിയും രോഹിതും രാഹുലും ധവാനും ലോകോത്തര താരങ്ങൾ ആണെന്നും വെങ്‌സർക്കർ പറഞ്ഞു.

ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഈ ഘട്ടത്തിൽ മികച്ച ഫോമിൽ ഉള്ളതെന്നും അവർക്കാണ് കിരീട സാധ്യത കൂടുതല്ലെന്നും എന്നാൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയും വെസ്റ്റിൻഡീസിനെതിരെയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും വെങ്‌സർക്കർ പറഞ്ഞു. ഇംഗ്ലണ്ടിനെയും ഇന്ത്യയെയും കൂടാതെ ഓസ്ട്രലിയയും വെസ്റ്റിൻഡീസും കിരീടം നേടാൻ സാധ്യത ഉള്ളവരാണെന്നും എന്നാൽ ന്യൂസിലാൻഡ്  ടൂർണമെന്റിലെ കറുത്ത കുതിരകൾ ആവുമെന്നും എന്നും വെങ്‌സർക്കർ പറഞ്ഞു.

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഹെറ്റ്മ്യറിനെ പുറത്താക്കി രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ ആന്‍ഡ്രേ റസ്സലിനെയും മുസ്തഫിസുര്‍ പുറത്താക്കിയതാണ് 350നു മേലുള്ള സ്കോര്‍ നേടുന്നതില്‍ നിന്ന് വിന്‍ഡീസിനു തടസ്സമായത്. മത്സരത്തില്‍ പിന്നെ വിന്‍ഡീസിന്റെ റണ്ണൊഴുക്ക് നഷ്ടപ്പെടുകയായിരുന്നു. ഇന്നിംഗ്സ് 321 റണ്‍സില്‍ എത്തിച്ചുവെങ്കിലും ബംഗ്ലാദേശ് ലക്ഷ്യം അനായാസം മറികടന്നു.

ഈ ലോകകപ്പില്‍ ഷാക്കിബ് ടീമിനു വേണ്ടി ബാറ്റ് കൊണ്ടും ബോള് കൊണ്ടും സംഭാവന ചെയ്തിട്ടുണ്ട്. തമീമും സൗമ്യ സര്‍ക്കാരും മികച്ച തുടക്കമാണ് നല്‍കിയത്. ലിറ്റണ്‍ ദാസിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. താരം പൊതുവേ ടോപ് 3ല്‍ ബാറ്റ് ചെയ്യുന്ന ആളാണ്, ലിറ്റണിനോട് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത് കടന്ന കൈയ്യാണെങ്കിലും തന്റെ ദൗത്യം ഇന്ന് ലിറ്റണ്‍ ദാസ് നിറവേറ്റിയെന്നും ടീമിനു അത് ഏറെ ഗുണകരമായി എന്നും മൊര്‍തസ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ തങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നു, അതിലെ ആദ്യ പടിയാണ് ഇന്നത്തെ വിജയമെന്നും മൊര്‍തസ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് ഡെത്ത് ഓവറുകള്‍ എറിയുവാന്‍ ആവശ്യത്തിനു ബൗളര്‍മാരുണ്ടെന്നും അതിനാല്‍ അത് ഒരു തലവേദനയല്ലെന്നും മൊര്‍തസ പറഞ്ഞു.

ഈ സ്കോര്‍ മറികടക്കാമെന്ന് ടീമിനു വിശ്വാസമുണ്ടായിരുന്നു

വിന്‍ഡീസ് നല്‍കിയ 322 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനാകുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും ഇന്നിംഗ്സ് ബ്രേക്ക് സമയത്ത് ആരും തന്നെ പരിഭ്രാന്തരല്ലായിരുന്നുവെന്നും പറഞ്ഞ് ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ഷാക്കിബ് അല്‍ ഹസന്‍. കഴിഞ്ഞ് രണ്ട് മാസമായി താന്‍ തന്റെ ബാറ്റിംഗില്‍ ഏറെ പരിശ്രമം നടത്തുന്നുണ്ടെന്നും അത് ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

താന്‍ മൂന്നാം നമ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടത് എന്ത് കൊണ്ടാണെന്ന് തനിക്കറിയില്ല, പക്ഷേ അങ്ങനെ അവസരം കിട്ടിയാല്‍ തനിക്ക് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാമെന്ന ചിന്തയാണ് തന്നെ അങ്ങനെ പ്രേരിപ്പിച്ചതെന്നാണ് താന്‍ കരുതുന്നത്. അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും 30 ഓവറുകള്‍ക്ക് ശേഷം മാത്രമേ ക്രീസിലെത്തുവാനാകുള്ളു, തനിക്ക് യോജിക്കുന്ന സാഹചര്യം അല്ല അതെന്നും ഷാക്കിബ് പറഞ്ഞു.

ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായതില്‍ സന്തോഷമുണ്ടെന്നും ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ആരാധകര്‍ ഇത് പോലെ തന്നെ തങ്ങളെ ഇനിയും ലോകകപ്പില്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ഷാക്കിബ് വ്യക്തമാക്കി.

40-50 റണ്‍സ് അധികം നേടേണ്ടിയിരുന്നു, ബൗളിംഗില്‍ അച്ചടക്കം പാലിക്കേണ്ട സമയം അതിക്രമിച്ചു

ബാറ്റിംഗും ബൗളിംഗും സംയുക്തമായി പരാജയപ്പെട്ടതാണ് തങ്ങളുടെ തോല്‍വിയുടെ കാരണമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ടീം ആദ്യം ബാറ്റ് ചെയ്ത് 321 റണ്‍സ് നേടിയെങ്കിലും തങ്ങള്‍ 40-50 റണ്‍സ് കുറവായിരുന്നു നേടിയതെന്ന് ഹോള്‍ഡര്‍ പറഞ്ഞു. വിക്കറ്റ് മുഴുവന്‍ ദിവസവും ബാറ്റിംഗിനു അനുകൂലമായിരുന്നു. വേണ്ട വിധത്തില്‍ അത് ഉപയോഗിക്കുവാന്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്നും ആവശ്യത്തിനു റണ്‍സ് തങ്ങള്‍ നേടിയില്ലെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

എന്നാല്‍ ബൗളിംഗില്‍ കൂടുതല്‍ അച്ചടക്കം പുലര്‍ത്തേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നും ബൗളിംഗിനൊപ്പം ഫീല്‍ഡിംഗിലും ടീം ഇന്ന് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തതെന്ന് ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ആദ്യ പത്തോവര്‍ ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്നു. ടോസ് നഷ്ടമായി ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതൊരു ബുദ്ധിമുട്ടായി മാറി, എന്നാല്‍ പിന്നീട് റണ്‍സ് വന്നുവെങ്കിലും മധ്യ ഓവറുകളിലും ആ വേഗത കൈവരിക്കുവാന്‍ ടീമിനായില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

ഇന്നിംഗ്സ് അവസാനത്തോടെ ഹെറ്റ്മ്യര്‍ പുറത്തായ ശേഷം ആ റണ്ണൊഴുക്ക് പൂര്‍ണ്ണമായും നഷ്ടമാകുകയും ബംഗ്ലാദേശിന്റെ തിരിച്ചുവരവിന് അത് വഴിയൊരുക്കുകയും ചെയ്തുവെന്ന് ഹോള്‍ഡര്‍ പറഞ്ഞു. ഫീല്‍ഡിഗംഗില്‍ രണ്ട് അവസരങ്ങള്‍ ആണ് ടീം നഷ്ടമാക്കിയത്. കൂടുതല്‍ ഒഴിവുകഴിവൊന്നുമില്ല കൂടുതല്‍ അച്ചടക്കത്തോടെ ടീം മത്സരങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും ഹോള്‍ഡര്‍ പറഞ്ഞു.

ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?

ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില്‍ വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം സ്കാനുകള്‍ താരത്തിന്റെ ഹാംസ്ട്രിംഗില്‍ ടിയര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ എംആര്‍ഐ സ്കാനിലാണ് ഈ കാര്യം പുറത്ത് വന്നത്. ഇതോടെ അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിലും താരത്തിന്റെ സേവനം ഉണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ഔദ്യോഗികമായി അറിയിച്ചു.

റോയിയിടുെ കാര്യത്തില്‍ പരിക്കിന്റെ ശ്രേണി അറിഞ്ഞാല്‍ മാത്രമേ താരം ഇനി ലോകകപ്പിനു ഉണ്ടാകുമോ ഇല്ലയോ എന്നതില്‍ വ്യക്തത വരികയുള്ളു. ഗ്രേഡ് 1 ടിയര്‍ ആണെങ്കില്‍ ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ടീമിനൊപ്പം താരത്തിനു ചേരാനാകും എന്നാല്‍ ഗ്രേഡ് 2, 3 എന്നിവയാണെങ്കില്‍ ആഴ്ചകളോളം താരം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പില്‍ നിന്ന് തന്നെ പുറത്ത് പോകുന്ന സാഹചര്യം ഉടലെടുത്തേക്കാം.

മോയിന്‍ അലിയെയോ ജെയിംസ് വിന്‍സിനെയോ ആവും ഇംഗ്ലണ്ട് ഇന്നത്തെ മത്സരത്തില്‍ റോയിയ്ക്ക് പകരം പരിഗണിക്കുക. മോയിന്‍ അലിയുടെ ഏകദിനത്തിലെ മൂന്ന് ശതകങ്ങളില്‍ രണ്ടെണ്ണം ഓപ്പണര്‍ ആയിട്ടാണെന്നുള്ളത് താരത്തെ ഓപ്പണിംഗിനു പരിഗണിക്കുവാന്‍ ഇടയാക്കിയേക്കും. അതേ സമയം ജോ ഡെന്‍ലിയും ദാവീദ് മലനും റോയ് പുറത്ത് പോകുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കപ്പെടാവുന്ന താരങ്ങളാണ്.

Exit mobile version