മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്ന് മൊര്‍തസ

ബംഗ്ലാദേശിനെ 244 റണ്‍സിനു ചുരുട്ടിക്കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ വിജയം ആധികാരികമായിരുന്നില്ല. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനു 2 വിക്കറ്റിന്റെ വിജയമാണ് 47.1 ഓവറില്‍ നേടാനായത്. റോസ് ടെയിലര്‍ നേടിയ 82 റണ്‍സാണ് മത്സരം ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ ഒരു കൂട്ടുകെട്ടായിരുന്നു ന്യൂസിലാണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.

55/2 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എന്നാല്‍ തന്റെ വ്യക്തിഗത സ്കോര്‍ 8ല്‍ നില്‍ക്കെ വലിയൊരു റണ്ണൗട്ട് വെല്ലുവിളിയെയാണ് അതിജീവിച്ചത്. മുഷ്ഫിക്കുര്‍ സ്റ്റംപുകള്‍ തകര്‍ക്കുമ്പോള്‍ വില്യംസണ്‍ ക്രീസിലെത്തിയില്ലായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ തന്റെ മുട്ട് കൊണ്ടാണ് വിക്കറ്റുകളെ തകര്‍ക്കുന്നതെന്ന് റീപ്ലേയില്‍ വ്യക്തമാകുകയായിരുന്നു. ഈ ലഭിച്ച ജീവന്‍ ന്യൂസിലാണ്ട് വിജയത്തില്‍ ഏറെ നിര്‍ണ്ണായകമാകുകയും ചെയ്തു.

എന്നാല്‍ ഈ തെറ്റിനു മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറയുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് മത്സരത്തിലെ വളരെ വലിയ നിര്‍ണ്ണായക മുഹൂര്‍ത്തമാണെന്നത് സത്യമാണ്. പക്ഷേ ഇത്തരം തെറ്റുകള്‍ മത്സരത്തിന്റെ ഭാഗമാണ്, ആരും ഇത്തരം തെറ്റുകള്‍ അറിഞ്ഞോണ്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മൊര്‍തസ പറഞ്ഞു.

തമീം ഇക്ബാലിന്റെ ത്രോ വിക്കറ്റിനു മുന്നില്‍ ചെന്ന് പിടിക്കുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ കൈമുട്ട് വിക്കറ്റുകളില്‍ പതിച്ചത്.

Exit mobile version