ഇത്തരം സാഹചര്യങ്ങളില്‍ ഇങ്ങനത്തെ കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കരുതേയെന്ന് ആഗ്രഹിക്കുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍ഡ്സിലെ ലോകകപ്പ് ഫൈനല്‍ ഒരു പക്ഷേ ക്രിക്കറ്റ് ലോകകപ്പ് കണ്ട ഫൈനലുകളില്‍ ഏറ്റവും മികച്ചതായിരുന്നിരിക്കാം. പല ഘട്ടങ്ങളിലും മത്സരം ഇരുപക്ഷത്തേക്കും മാറി മറിയുന്നത് കണ്ടപ്പോള്‍ നിശ്ചിത സമയത്തും സൂപ്പര്‍ ഓവറിലും വിജയികളെ കണ്ടെത്താനാകാതെ ലോകകപ്പ് ഫൈനല്‍ അവസാനിക്കുകയായിരുന്നു. കൂടുതല്‍ ബൗണ്ടറി നേടിയതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായപ്പോള്‍ ഹൃദയം നുറുങ്ങും വേദനയോടെ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായി ന്യൂസിലാണ്ടിന് മടങ്ങേണ്ടി വന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട് മേല്‍ക്കൈ നേടിയ ശേഷം ബെന്‍ സ്റ്റോക്സ്-ജോസ് ബട‍‍്‍ലര്‍ കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന പോരാട്ട വീര്യം പുറത്തെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് 110 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ടിനെ തകര്‍ത്ത് ന്യൂസിലാണ്ട് വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തുന്നത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോളും ബെന്‍ സ്റ്റോക്സ് പൊരുതി നിന്നു. അവസാന ഓവറിലെ ലക്ഷ്യമായ 15 റണ്‍സ് തേടിയിറങ്ങിയ സ്റ്റോക്സിന് ബോള്‍ട്ടിന്റെ ആദ്യ രണ്ട് പന്തില്‍ ഒന്നും ചെയ്യാനായില്ല. മൂന്നാം പന്ത് സിക്സര്‍ പറത്തിയ ശേഷം നാലാം പന്തില്‍ ഡബിള്‍ ഓടുന്നതിനിടെ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറിയിലേക്ക് നീങ്ങുകയായിരുന്നു. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഒരു സംഭവമായിരുന്നു അത്.

ഈ സംഭവത്തില്‍ പിന്നീട് ബെന്‍ സ്റ്റോക്സ് മാപ്പ് ചോദിച്ചു. എന്നാല്‍ ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍ പറയുന്നത് ഭാവിയില്‍ ഇത്തരം ആവേശകരമായ മത്സരത്തിലെ രസംകൊല്ലിയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടേ എന്ന് ആശിക്കുകയാണെന്നാണ്. ഇത് മത്സരത്തിന്റെ ഭാഗമാണ്, പല അവസരങ്ങളിലും ഇത്തരം നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ മത്സരങ്ങളില്‍ സംഭവിക്കാറുണ്ട്, അതില്‍ വലിയ അതിശയമില്ല, എന്നാല്‍ ഇതു പോലെ ഒരു മത്സരത്തിന്റെ ഇതുപോലൊരു ഘട്ടത്തില്‍ ഇത്തരം നിര്‍ഭാഗ്യ നിമിഷങ്ങള്‍ ഉണ്ടാകാതിരിക്കട്ടേ എന്ന് മാത്രമേ പറയുവാനുള്ളുവെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.