നാനൂറും കടന്ന് വിന്‍ഡീസ്, ഷായി ഹോപ്പിന്റെ ശതകത്തിനു ശേഷം റസ്സല്‍ താണ്ഡവം

ന്യൂസിലാണ്ടിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. 49.2 ഓവറില്‍ 421 റണ്‍സ് നേടി വിന്‍ഡീസ് ഓള്‍ഔട്ട് ആവുകയായിരുന്നു.  ഇന്ന് നടന്ന മത്സരത്തില്‍ വിന്‍ഡീസിനായി ഷായി ഹോപ് ശതകവും ആന്‍ഡ്രേ റസ്സല്‍ 25 പന്തില്‍ നിന്ന് 54 റണ്‍സും നേടിയപ്പോള്‍ എവിന്‍ ലൂയിസ്(50), ജേസണ്‍ ഹോള്‍ഡര്‍(47) എന്നിവരുടെ പ്രകടനവും 400 കടക്കുവാന്‍ ടീമിനെ സഹായിച്ചു. ക്രിസ് ഗെയിലും(36) ഷായി ഹോപും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് നേടിയപ്പോള്‍ രണ്ടാം വിക്കറ്റില്‍ എവിന്‍ ലൂയിസുമായി ചേര്‍ന്ന് 84 റണ്‍സാണ് ഷായി ഹോപ് നേടിയത്.

ലൂയിസ് പുറത്തായ ശേഷം ഡാരെന്‍ ബ്രാവോ(25), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(27) എന്നിവരെ വേഗത്തില്‍ നഷ്ടമായെങ്കിലും 86 പന്തില്‍ നിന്ന് 101 റണ്‍സാണ് ഷായി ഹോപ് നേടിയത്. ഷായി ഹോപ് പുറത്തായ ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് പിന്നീട് കണ്ടത്. 25 പന്തില്‍ നിന്ന് 7 ഫോറും 3 സിക്സും സഹിതം 54 റണ്‍സാണ് റസ്സല്‍ നേടിയത്. ജേസണ്‍ ഹോള്‍ഡറും റസ്സലും അടുത്തടുത്ത് പുറത്തായെങ്കിലും കാര്‍ലോസ് ബ്രാത്‍വൈറ്റും ആഷ്‍ലി നഴ്സും വിന്‍ഡീസ് സ്കോര്‍ 400 കടത്തി.

വിന്‍ഡീസിനു വേണ്ടി 9ാം വിക്കറ്റില്‍ ബ്രാത്‍വൈറ്റ്-നഴ്സ് കൂട്ടുകെട്ട് 34 റണ്‍സാണ് നേടിയത്. 24 റണ്‍സ് നേടിയ കാര്‍ലോസ് ബ്രാത‍്വൈറ്റിനെ പുറത്താക്കി മാറ്റ് ഹെന്‍റിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ആഷ്‍ലി നഴ്സ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാണ്ടിനു വേണ്ടി ട്രെന്റ് ബോള്‍ട്ട് നാലും മാറ്റ് ഹെന്‍റി രണ്ടും വിക്കറ്റ് വീഴ്ത്തി.