പാക്കിസ്ഥാന് പിന്നാലെ ഓസ്ട്രേലിയയെയും എറിഞ്ഞിട്ട് വിന്‍ഡീസ് പേസ് പട, കംഗാരുകള്‍ക്ക് നഷ്ടമായത് 5 വിക്കറ്റ്

പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയതിനു ശേഷം ഓസ്ട്രേലിയെയും വെള്ളം കുടിപ്പിച്ച് വിന്‍ഡീസ് പേസ് പട. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എതിരാളികളെ 38/4 എന്ന നിലയിലേക്ക് വിന്‍ഡീസ് പേസ് പട എറിഞ്ഞിട്ട ശേഷം സ്റ്റീവന്‍ സ്മിത്ത്-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് നേടി ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകര്‍ന്നത്.

എന്നാല്‍ ഡ്രിംഗ്സിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ഓസ്ട്രേലിയയ്ക്ക് സ്റ്റോയിനിസിനെയും നഷ്ടമായി. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് നേടിയിട്ടുള്ളത്. സ്റ്റീവന്‍ സ്മിത്ത് 23 റണ്‍സും അലെക്സ് കാറെ റണ്ണൊന്നും എടുക്കാതെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് നേടി.