ഇംഗ്ലണ്ടോ വിന്‍ഡീസോ ആര് കടക്കും 500 റണ്‍സ്?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പില്‍ 500 റണ്‍സ് പിറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും അതാരാകും നേടുകയെന്നത് ഇപ്പോളും ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാര്യമാണ്. ജോണി ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ജോസ് ബട്‍ലറും അടങ്ങിയ ഇംഗ്ലണ്ടാവും ഈ നേട്ടം ആദ്യം കൊയ്യുക എന്നാണ് വിരാട് കോഹ്‍ലി തന്റെ അഭിപ്രായമായി പറഞ്ഞത്. ഇംഗ്ലണ്ട് തന്നെയാണ് ഇത്തരത്തില്‍ 500 കടക്കുവാന്‍ ഏറെ സാധ്യതയുള്ള ടീമെങ്കിലും ഇന്നലത്തെ പ്രകടനത്തോടെ വിന്‍ഡീസും ആ ഗണത്തിലേക്ക് പരിഗണിക്കപ്പെടേണ്ട ടീമാണെന്ന് തെളിയിക്കുകയായിരുന്നു.

ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കിയ ന്യൂസിലാണ്ട് ബൗളിംഗ് നിരയ്ക്കെതിരെ 421 റണ്‍സാണ് ഇന്നലെ വിന്‍ഡീസ് നേടിയത്. ക്രിസ് ഗെയില്‍ തന്റെ പതിവു ശൈലിയിലേക്ക് എത്തിയില്ലെങ്കിലും ഷായി ഹോപിന്റെ ശതകവും ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് പ്രകടനവും ടീമിനെ 421 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തിന്റെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് വിന്‍ഡീസ് താരങ്ങള്‍ പറയുന്നത്. സന്നാഹ മത്സരമായതിനാല്‍ 10ാം നമ്പറിലും 11ാം നമ്പറിലും ബാറ്റ്സ്മാന്മാരെ പരീക്ഷിക്കുവാന്‍ ടീമിനായെന്നും അതിനാല്‍ തന്നെ റണ്‍സ് അധികം വന്നതെന്നും വിന്‍ഡീസ് നിരയിലെ കാര്‍ലോസ് ബ്രാത്‍വൈറ്റ് പറഞ്ഞു.

ശരിയായ മത്സരത്തില്‍ ബാറ്റിംഗിന് ഇത്ര ആഴമില്ലെങ്കിലും വിന്‍ഡീസ് നിരയിലെ താരങ്ങളെ പരിഗണിച്ചാല്‍ ഈ നേട്ടം കൊയ്യുവാന്‍ ഏറെ സാധ്യതയുള്ള ടീമാണ് ഇതെന്ന് ഉറപ്പിക്കാം. ക്രിസ് ഗെയിലും എവിന്‍ ലൂയിസും ടോപ് ഓര്‍ഡറിലും ആന്‍ഡ്രേ റസ്സല്‍ നിക്കോളസ് പൂരന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് പോലുള്ള താരങ്ങള്‍ മധ്യനിരയിലും ഇറങ്ങുമ്പോള്‍ അതിവേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍ ടീമിനാകുമെന്ന് ഉറപ്പാണ്. ഇവര്‍ ക്രീസില്‍ അധിക നേരം ചെലവഴിച്ചാല്‍ ഈ ലോകകപ്പില്‍ ആദ്യം 500 കടക്കുന്ന ടീമായി വിന്‍ഡീസ് മാറുമെന്നും ഉറപ്പാണ്.