ഫൈനല്‍ മാമാങ്കം ഇനി സൂപ്പര്‍ ഓവറിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനലില്‍ വിജയികളെ നിശ്ചയിക്കുക സൂപ്പര്‍ ഓവറില്‍. വിജയത്തിനായി അവസാന ഓവറില്‍ 15 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ലക്ഷ്യം 1 പന്തില്‍ രണ്ടാക്കി സ്റ്റോക്സ് മാറ്റിയെങ്കിലും അവസാന പന്തില്‍ മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. 241 റണ്‍സ് നേടിയ ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 241 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ബെന്‍ സ്റ്റോക്സ് പുറത്താകാതെ 84 റണ്‍സുമായി പൊരുതി നിന്നാണ് ഇംഗ്ലണ്ട് കൈവിട്ട മത്സരം തിരിച്ച് പിടിച്ചത്. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരത്തിന് അവസാന ഓവറില്‍ ഭാഗ്യവും തുണച്ചു. ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് പൂര്‍ത്തിയാക്കുവാനുള്ള ശ്രമത്തിനിടെ ഫീല്‍ഡറുടെ ത്രോ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതാണ് മത്സരം ന്യൂസിലാണ്ടിന്റെ പക്കല്‍ നിന്ന് വഴി മാറുവാന്‍ ഇടയായത്.

ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും കരുതലോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് തുടങ്ങിയതെങ്കിലും ആദ്യ ഓവറുകളെ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിനൊടുവില്‍ റോയ് മാറ്റ് ഹെന്‍റിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ജോ റൂട്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം വീഴ്ത്തിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍ ബൈര്‍സ്റ്റോയുടെ കഥ കഴിച്ചു. 36 റണ്‍സാണ് ബൈര്‍സ്റ്റോ നേടിയത്. അധികം വൈകാതെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ ജെയിംസ് നീഷം മടക്കിയപ്പോള്‍ ഇംഗ്ലണ്ട് വന്‍ പ്രതിരോധത്തിലാകുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ വിജയത്തിനടുത്ത് എത്തിച്ചുവെങ്കിലും ലോക്കി ഫെര്‍ഗൂസണ്‍ 59 റണ്‍സ് നേടിയ ബട്‍ലറെ പുറത്താക്കി മത്സരത്തില്‍ വീണ്ടും ന്യൂസിലാണ്ടിന് പ്രതീക്ഷ നല്‍കി. തന്റെ അടുത്ത ഓവറില്‍ ക്രിസ് വോക്സിനെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. പിന്നീട് മറു വശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോളും വലിയ ഷോട്ടുകള്‍ നേടുവാന്‍ സ്റ്റോക്സിന് കഴിയാതെ പോയതും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജോസ് ബട‍്‍ലറുടെ വിക്കറ്റാണ് മത്സരഗതി മാറ്റിയത്.

ജെയിംസ് നീഷം എറിഞ്ഞ 49ാം ഓവറില്‍ ലിയാം പ്ലങ്കറ്റിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ഓവറില്‍ നിന്ന് ഒരു സിക്സ് നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തിയെങ്കിലും ജെയിംസ് നീഷം ഓവറിലെ അവസാന പന്തില്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഇതോടെ രണ്ട് വിക്കറ്റ് അവശേഷിക്കെ ജയിക്കുവാന്‍ 15 റണ്‍സെന്ന നിലയിലേക്ക് കളി മാറി.

അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനാകാതെ പോയ ബെന്‍ സ്റ്റോക്സ് മൂന്നാം പന്തില്‍ സിക്സ് നേടി ലക്ഷ്യം മൂന്ന് പന്തില്‍ 9 റണ്‍സാക്കി മാറ്റി. ബോള്‍ട്ടിന്റെ അടുത്ത പന്തില്‍ നിന്ന് 6 റണ്‍സ് നേടുകയായിരുന്നു ഇംഗ്ലണ്ട്. ഡബിള്‍ ഓടിയ ശേഷം സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി പന്ത് അതിര്‍ത്തി കടന്നതോടെ ലക്ഷ്യം 2 പന്തില്‍ നിന്ന് മൂന്ന് റണ്‍സാക്കി മാറി. അടുത്ത പന്തില്‍ രണ്ടാം റണ്‍സിന് ശ്രമിച്ച് ആദില്‍ റഷീദ് റണ്ണൗട്ടായെങ്കിലും സ്ട്രൈക്ക് സ്റ്റോക്സിന്റെ പക്കല്‍ തന്നെയുണ്ടായത് ഇംഗ്ലണ്ടിന് ആശ്വാസമായി. എന്നാല്‍ രണ്ട് റണ്‍സ് നേടേണ്ട അവസരത്തില്‍ ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം മാര്‍ക്ക് വുഡ് റണ്ണൗട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.