പരിശീലനത്തിനിടെ പരിക്കേറ്റ് മടങ്ങി വിജയ് ശങ്കര്‍

ലോകകപ്പിനു മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കാവുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇംഗ്ലണ്ടില്‍ പരിശീലനത്തിനിടെ തന്റെ വലംകൈയ്യില്‍ പന്ത് വന്നിടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മതിയാക്കി വിജയ് ശങ്കര്‍ മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. താരത്തിന്റെ പരിക്കിന്റെ തീവ്രത വ്യക്തമല്ലെങ്കിലും വേദനയില്‍ പുളഞ്ഞ താരം ഉടനടി പരിശീലനം മതിയാക്കി നീങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ താരത്തിന്റെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അറിയുവാനാകൂ.

അമ്പാട്ടി റായിഡുവിനെ പിന്തള്ളിയാണ് ലോകകപ്പ് സ്ക്വാഡിലേക്ക് വിജയ് ശങ്കര്‍ ഇടം പിടിച്ചത്. താരത്തിനെ ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. വിജയ് ശങ്കര്‍ ഒരു ത്രീ ഡൈമന്‍ഷണല്‍ കളിക്കാരനാണെന്നാണ് താരത്തെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് പറഞ്ഞത്.