ഷോണ്‍ മാര്‍ഷിന് പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്ത്, പകരം മാത്യൂ വെയിഡ്

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ഉസ്മാന്‍ ഖവാജയുടെ പരിക്ക്. ഇന്ന് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ ഉസ്മാന്‍ ഖവാജ തിരികെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുവാന്‍ കുറഞ്ഞത് ഒരു മാസത്തെ സമയമെങ്കിലും ആവശ്യമായി വരുമെന്ന് അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള സെമിയില്‍ താരം കളിക്കില്ല.

ഷോണ്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായ ശേഷം ഇത് രണ്ടാമത്തെ താരത്തെയാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം നമ്പറിലെത്തി വെറും അഞ്ച് പന്തുകള്‍ മാത്രം കളിച്ച ശേഷമാണ് താരത്തിന് പരിക്കേറ്റത്. പകരം മാത്യൂ വെയിഡിനെയാണ് ഓസ്ട്രേലിയ ടീമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി മാത്രമാണ് ഇനി വിഷയത്തില്‍ വേണ്ടത്.

സമാനമായ രീതിയില്‍ മിച്ചല്‍ മാര്‍ഷിനെയും കരുതല്‍ താരമായി ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ച ശേഷം മാത്രമേ മിച്ചല്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളു.

Previous articleലോകകപ്പിൽ ഇന്ത്യ ജയിക്കണമെന്ന് മുൻ പാകിസ്ഥാൻ താരം
Next articleബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റണ്‍സ് കണ്ടെത്തിയാല്‍ വിജയം കുറിക്കുവാനുള്ള ബൗളര്‍മാര്‍ ടീമിലുണ്ട്