ഓസ്ട്രേലിയയുടെ ടി20 സെറ്റപ്പ് മികച്ചത്, ലോകകപ്പിനെ ഉറ്റുനോക്കുന്നത് പ്രതീക്ഷയോടെ

ഓസ്ട്രേലിയയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ടീമിന്റെ ഘടനയും ഏറെക്കുറെ സ്ഥിരമായിക്കഴിഞ്ഞുവെന്നും ഈ ടീമില്‍ പ്രതീക്ഷ ഏറെയുള്ളതിനാല്‍ ലോകകപ്പില്‍ ഉയര്‍ന്ന സാധ്യതയാണുള്ളതെന്നും അഭിപ്രായപ്പെട്ട് ടീം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലെക്സ് കാറെ.

2019ല്‍ കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച് ഓസ്ട്രേലിയന്‍ ടീം മികച്ച പ്രകടനവുമായാണ് മുന്നോട്ട് പോയത്. തോല്‍വിയറിയാതെ നീങ്ങിയ ടീമിന്റെ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ടീമിലെ ഒട്ടുമിക്ക താരങ്ങളും ഫോമിലെത്തിയതോടെ വരുന്ന ടി20 ലോകകപ്പില്‍ ടീമിന്റെ പ്രതീക്ഷ വളരെ ഉയര്‍ന്നതാണ്.

ഫിഞ്ചും വാര്‍ണറും ഓപ്പണ്‍ ചെയ്യുന്ന ടീമില്‍ പിന്നീട് വരുന്നത് സ്മിത്താണ്, അവരുടെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനം സ്ഥിരതയാര്‍ന്നതാണെന്നുള്ളത് ടീമിനെ കരുത്തരാക്കുന്നു എന്ന് കാറെ പറഞ്ഞു. മധ്യനിരയുടെ പ്രകടനത്തിനൊപ്പം പേസ് ബൗളിംഗിലെ ത്രിമൂര്‍ത്തികളായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരോടൊപ്പം ആഡം സംപയും ആഷ്ടണ്‍ അഗറുമെത്തുമ്പോള്‍ ടീം ഏറെ സന്തുലിതമാണെന്ന് കാറെ വെളിപ്പെടുത്തി.

ഈ ഗ്രൂപ്പിലെ താരങ്ങളുടെ എല്ലാം റോളുകള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ടെന്നും സ്ഥിരതയോടെ അവര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും കാറെ സൂചിപ്പിച്ചു. ടീമംഗങ്ങള്‍ തമ്മില്‍ മികച്ച ഒത്തിണക്കമാണെന്നും ടീം മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നും കാറെ സൂചിപ്പിച്ചു. ഇതെല്ലാം ലോകകപ്പില്‍ ടീമിനെക്കുറിച്ച് ഉയര്‍ന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും താരങ്ങള്‍ക്കെല്ലാം ശുഭാപ്തി വിശ്വാസമുണ്ടെന്നും കാറെ വ്യക്തമാക്കി.

Previous articleഗോകുലത്തിന്റെ ഇർഷാദും ഈസ്റ്റ് ബംഗാളിലേക്ക്
Next articleന്യൂകാസിൽ യുണൈറ്റഡിനെ 300 മില്യണ് സൗദി അറേബ്യ സ്വന്തമാക്കുന്നു