തീപ്പൊരിയായി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ്

Najibullah

സ്കോട്‍ലാന്‍ഡിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. റഹ്മാനുള്ള ഗുര്‍ബാസ്, ഹസ്രത്തുള്ള സാസായി, നജീബുള്ള സദ്രാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെ മൊഹമ്മദ് ഷഹ്സാദിനെ ആണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. 15 പന്തിൽ 22 റൺസാണ് ഷഹ്സാദ് നേടിയത്. 55 റൺസാണ് ഒന്നാം വിക്കറ്റിൽ സാസായി – ഷഹ്സാദ് കൂട്ടുകെട്ട് നേടിയത്.

പത്താം ഓവര്‍ പൂര്‍ത്തിയാകുന്നതിന് ഒരു പന്ത് അവശേഷിക്കവേ ഹസ്രതുള്ള സാസായിയുടെ വിക്കറ്റും അഫ്ഗാനിസ്ഥാന് നഷ്ടമായി. 30 പന്തിൽ 44 റൺസ് നേടിയ സാസായിയെ മാര്‍ക്ക് വാട്ട് ആണ് പുറത്താക്കിയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ 82/2 എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍.

സാസായിയുടെ വിക്കറ്റ് നഷ്ടമായ ശേഷം റഹ്മാനുള്ള ഗുര്‍ബാസും നജീബുള്ള സദ്രാനും സ്കോട്‍ലാന്‍ഡ് ബൗളിംഗ് നിരയെ കടന്നാക്രമിക്കുകയായിരുന്നു. 87 റൺസാണ് മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. 37 പന്തിൽ 46 റൺസ് നേടി ഗുര്‍ബാസ് പുറത്തായതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. ഇതിനിടെ 30 പന്തിൽ നജീബുള്ള സദ്രാന്‍ തന്റെ അര്‍ദ്ധ ശതകം നേടി.

നജീബുള്ള 34 പന്തിൽ 59 റൺസുമായി അവസാന പന്തിൽ പുറത്തായപ്പോള്‍ മുഹമ്മദ് നബി 4 പന്തിൽ 11 റൺസ് നേടി അവസാന ഓവറുകളിൽ നജീബുള്ളയ്ക്ക് പിന്തുണ നല്‍കി.

 

Previous articleമുഹമ്മദ് ഷമിക്ക് പിന്തുണയുമായി സച്ചിനും സെവാഗും അടക്കമുള്ള പ്രമുഖ താരങ്ങൾ
Next articleടി20 ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍