ഇന്ത്യ രാഹുലിനെ പിന്തുണയ്ക്കുന്നത് മികച്ച കാര്യം – വസീം ജാഫര്‍

Klrahul രാഹുല്‍

ഇന്ത്യ മോശം ഫോമിൽ കളിക്കുന്ന കെഎൽ രാഹുലിനെ പിന്തുണയ്ക്കുന്നത് മികച്ച കാര്യമാണെന്ന് പറഞ്ഞ് വസീം ജാഫര്‍. ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും താരത്തിന് റൺസ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. എന്നാൽ നെറ്റ്സിൽ താരം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും അതിനാൽതന്നെ രാഹുലിനെ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നും കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷമായി വൈറ്റ് ബോള്‍ ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുലെന്നും അദ്ദേഹത്തിന്റെ ഫോം ഇന്ത്യന്‍ ടീമിനെ അലട്ടുന്ന കാര്യമാണെന്നും വസീം ജാഫര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഒന്നുകിൽ രാഹുലിനെ മാറ്റാമെന്നും അല്ലെങ്കിൽ പിന്തുണയ്ക്കാമെന്നും പറഞ്ഞ വസീം ജാഫര്‍ ടീം ഇപ്പോള്‍ ചെയ്യുന്നതാണ് ശരിയെന്ന് തനിക്ക് തോന്നുന്നതായും വ്യക്തമാക്കി.

ടീം മാനേജ്മെന്റിൽ നിന്നുള്ള പിന്തുണ താരത്തിന് ഫ്രീയായി കളിക്കുവാനുള്ള ആത്മവിശ്വാസം നൽകുമെന്നും അത് അദ്ദേഹത്തെ തിരികെ ഫോമിലേക്ക് എത്തിക്കുവാന്‍ സഹായിക്കുമെന്നും വസീം ജാഫര്‍ സൂചിപ്പിച്ചു.