8 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക, ചാമ്പ്യന്മാര്‍ക്ക് രണ്ടാം തോല്‍വി

Sports Correspondent

ടെംബ ബാവുമയെ ആദ്യ ഓവറിൽ തന്നെ നഷ്ടമായെങ്കിലും വെസ്റ്റിന്‍ഡീസ് നല്‍കിയ 144 റൺസ് വിജയ ലക്ഷ്യം 18.2 ഓവറിൽ മറികടന്ന് ദക്ഷിണാഫ്രിക്ക. 2 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും റീസ ഹെന്‍ഡ്രിക്സ്, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ബാറ്റിംഗ് മികവാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഒരുക്കിയത്.

രണ്ടാം വിക്കറ്റിൽ 57 റൺസ് റീസ ഹെന്‍ഡ്രിക്സും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയപ്പോള്‍ 39 റൺസ് നേടിയ റീസ ഹെന്‍ഡ്രിക്സിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

ക്രീസിൽ എയ്ഡന്‍ മാര്‍ക്രം എത്തിയ ശേഷം വേഗത്തിൽ റൺസ് പിറന്ന് തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പത്തിലായി. മൂന്നാം വിക്കറ്റിൽ 54 പന്തിൽ 84 റൺസാണ് മാര്‍ക്രം – റാസ്സി കൂട്ടുകെട്ട് നേടിയത്. മാര്‍ക്രം 26 പന്തിൽ 51 റൺസും റാസ്സി 51 പന്തിൽ 43 റൺസുമാണ് നേടിയത്.