സ്കോട്‍ലാന്‍ഡിന്റെ വെല്ലുവിളി മറികടന്ന് ന്യൂസിലാണ്ട്, 16 റൺസ് വിജയം

ന്യൂസിലാണ്ട് നല്‍കിയ 173 റൺസ് വിജയ ലക്ഷ്യത്തിന് 16 റൺസ് അകലെ വരെ എത്തി സ്കോട്‍ലാന്‍ഡ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകളുമായി ന്യൂസിലാണ്ട് സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോല്‍ സ്കോട്‍ലാന്‍ഡ് 156/5 എന്ന സ്കോറിലേക്ക് മാത്രമേ എത്തിയുള്ളു. 20 പന്തിൽ 42 റൺസ് നേടിയ മൈക്കൽ ലീസക് ഉയര്‍ത്തിയ വെല്ലുവിളിയാണ് ന്യൂസിലാണ്ട് അതിജീവിച്ചത്.

പവര്‍പ്ലേയിൽ 1 വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണ് സ്കോട്‍ലാന്‍ഡ് നേടിയത്. ഇഷ് സോധിയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയ ശേഷം അതേ ഓവറിൽ ജോര്‍ജ്ജ് മുന്‍സി(22) പുറത്തായ ശേഷം പത്തോവര്‍ പിന്നിടുമ്പോള്‍ ടീം 76/2 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ഓവറിൽ 27 റൺസ് നേടിയ മാത്യു ക്രോസിനെ ടിം സൗത്തി പുറത്താക്കി.

മുന്‍സിയുടെ വിക്കറ്റ് സ്കോട്‍ലാന്‍ഡിന്റെ താളം തെറ്റിച്ചപ്പോള്‍ ടീം 156 റൺസിൽ ചേസിംഗ് അവസാനിപ്പിച്ചു. റിച്ചി ബെറിംഗ്ടൺ(20) പുറത്തായ ശേഷം ഇഷ് സോധി എറിഞ്ഞ 18ാം ഓവറിൽ മൈക്കൽ ലീസക് രണ്ട് ഫോറും ഒരു സിക്സും അടക്കം 17 റൺസ് നേടിയപ്പോള്‍ ലക്ഷ്യം 12 പന്തിൽ 39 റൺസായി.

ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ വലിയ ഷോട്ടുകള്‍ പിറന്നില്ലെങ്കിലും അവസാന പന്തിൽ സിക്സര്‍ പറത്തി മൈക്കൽ ലക്ഷ്യം 6 പന്തിൽ 26 റൺസാക്കി. ആഡം മിൽനെ എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് മാത്രം വന്നപ്പോള്‍ 16 റൺസിന്റെ വിജയം കീവീസ് സംഘം സ്വന്തമാക്കി. ട്രെന്റ് ബോള്‍ട്ടും ഇഷ് സോധിയും ന്യൂസിലാണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.