പൊരുതി നോക്കിയത് പൂരനും ഹെറ്റ്മ്യറും മാത്രം, വിന്‍ഡീസിനെതിരെ 20 റൺസ് വിജയവുമായി ശ്രീലങ്ക

ടി20 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കി ശ്രീലങ്ക. ഇന്ന് വിന്‍ഡീസിന് മുന്നിൽ 190 റൺസ് വിജയ ലക്ഷ്യം വെച്ച ശ്രീലങ്ക എതിരാളികളെ 169 റൺസിന് ഒതുക്കി 20 റൺസ് വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

നിക്കോളസ് പൂരനും ഷിമ്രൺ ഹെറ്റ്മ്യറും മാത്രമാണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയത്. ഇവര്‍ക്ക് മറ്റു താരങ്ങളിൽ നിന്ന് യാതൊരുവിധത്തിലുമുള്ള പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ വിന്‍ഡീസിന്റെ പതനം വേഗത്തിലായി. 54 പന്തിൽ 81 റൺസാണ് ഹെറ്റ്മ്യര്‍ നേടിയത്. നിക്കോളസ് പൂരന്‍ 34 പന്തിൽ 46 റൺസ് നേടി.

Srilanka

വനിന്‍ഡു ഹസരംഗ പതിവു പോലെ മികച്ച സ്പെല്ലും നിര്‍ണ്ണായക വിക്കറ്റുകളും നേടി. 4 ഓവറിൽ 19 റൺസ് വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്. ബിനൂര ഫെര്‍ണാണ്ടോ വിന്‍ഡീസ് ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ക്രിസ് ഗെയിലിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയാണ് വിന്‍ഡീസ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ചമിക കരുണാരത്നേയ്ക്കും രണ്ട് വിക്കറ്റ് ലഭിച്ചു.