ടി20 ലോകകപ്പിന് അട്ടിമറിയോടെ തുടക്കം, ഏഷ്യന്‍ ചാമ്പ്യന്മാരെ വീഴ്ത്തി നമീബിയ

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ അട്ടിമറി വിജയവുമായി നമീബിയ. ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്കയെ 55 റൺസിന് കീഴടക്കിയാണ് ലോകകപ്പിന് ആവേശകരമായ തുടക്കം നമീബിയ കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയ 163/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 108 റൺസ് മാത്രമേ നേടാനായുള്ളു. 19 ഓവറിലാണ് ശ്രീലങ്ക ഓള്‍ഔട്ട് ആയത്.

Srilankanamibiaതുടക്കം പാളിയ ശ്രീലങ്ക 21/3 എന്ന നിലയിലേക്ക് വീണു. 12 റൺസ് നേടിയ ധനൻജയ ഡി സിൽവയുടെ വിക്കറ്റും ലങ്കയ്ക്ക് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 40/4 എന്നായിരുന്നു. പിന്നീട് ഭാനുക രാജപക്സയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേര്‍ന്ന് ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

പത്തോവര്‍ പിന്നിട്ടപ്പോള്‍ ശ്രീലങ്ക 72/4 എന്ന നിലയിലായിരുന്നു. പതിനൊന്നാം ഓവറിൽ 20 റൺസ് നേടിയ ഭാനുകയുടെ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായതോടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 34 റൺസ് നേടി അവസാനിക്കുകയായിരുന്നു. ഷോള്‍ട്സ് ആയിരുന്നു വിക്കറ്റ് നേടിയത്.

വനിന്‍ഡു ഹസരംഗയെ തന്റെ അടുത്ത ഓവറിൽ പുറത്താക്കി ബെര്‍ണാര്‍ഡ് ഷോള്‍ട്സ് ശ്രീലങ്കയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. തൊട്ടടുത്ത ഓവറിൽ ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ ഷനകയുടെ വിക്കറ്റ് ജാന്‍ ഫ്രൈലിങ്ക് നേടി. 29 റൺസാണ് ശ്രീലങ്കന്‍ നായകന്‍ നേടിയത്.

നമീബിയയ്ക്കായി ഡേവിഡ് വീസ്, ബെര്‍ണാര്‍ഡ് ഷോള്‍ട്സ്, ബെന്‍ ഷികോംഗോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.