ഇംഗ്ലണ്ടിന് 166 റൺസ്, തിളങ്ങിയത് മലനും മോയിന്‍ അലിയും

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പ് സെമിയിൽ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 4 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ്. മോയിന്‍ അലിയും ദാവിദ് മലനും നടത്തിയ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് ഈ സ്കോര്‍ നല്‍കിയത്. ലിയാം ലിവിംഗ്സ്റ്റണും നിര്‍ണ്ണായക സംഭാവനയാണ് ടീമിനായി നല്‍കിയത്.

ജേസൺ റോയിയുടെ അഭാവത്തിൽ ഓപ്പണിംഗിലെത്തിയ ജോണി ബൈര്‍സ്റ്റോയെ ഇംഗ്ലണ്ടിന് വേഗത്തിൽ നഷ്ടമാകുമ്പോള്‍ 5.1 ഓവറിൽ 37 റൺസായിരുന്നു ഇംഗ്ലണ്ട് നേടിയത്.

13 റൺസ് നേടിയ ബൈര്‍സ്റ്റോയെ ആഡം മിൽനെ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ ജോസ് ബട്‍ലറെ നഷ്ടമായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ 63 റൺസ് നേടി ദാവിദ് മലനും മോയിന്‍ അലിയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

30 പന്തിൽ 42 റൺസ് നേടിയ മലനെ വീഴ്ത്തി ടിം സൗത്തിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. അവസാന ഓവറിൽ ലിയാം ലിവിംഗ്സ്റ്റൺ(17) പുറത്തായപ്പോള്‍ മോയിന്‍ അലി തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.  40 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്.

മോയിന്‍ അലി 37 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇഷ് സോധി, ജെയിംസ് നീഷം, ആഡം മിൽനെ, ടിം സൗത്തി എന്നിവര്‍ ന്യൂസിലാണ്ടിനായി ഓരോ വിക്കറ്റ് നേടി.