കോഹ്‍ലിയുടെ ഒറ്റക്കൈയ്യന്‍ ക്യാച്ച്, ഷമിയുടെ ഒരേയൊരു ഓവര്‍, ഓസ്ട്രേലിയയിൽ നിന്ന് വിജയം തട്ടിയെടുത്ത് ഇന്ത്യ

ഓസ്ട്രേിയയ്ക്കെതിരെ സന്നാഹ മത്സരത്തിൽ വിജയം പിടിച്ചെടുത്ത് ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 186/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ 180 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ മൊഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് നേട്ടം ആണ് ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയ്ക്ക് വിജയം നേടുവാന്‍ സഹായിച്ചത്. ഷമി മത്സരത്തിൽ ഏറിഞ്ഞ ഏക ഓവര്‍ ആണ് ഇത്.

അവസാന ഓവറിൽ 11 റൺസ് വേണ്ടപ്പോള്‍ ഷമി മൂന്ന് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഓവറിൽ വെറും 4 റൺസാണ് വിട്ട് നൽകിയത്. ഒരു റണ്ണൗട്ട് ഉള്‍പ്പെടെ നാല് വിക്കറ്റുകള്‍ അവസാന ഓവറിൽ വീണപ്പോള്‍ ഓസ്ട്രേലിയ 180 റൺസിന് ഓള്‍ഔട്ട് ആയി.

ഓവറിലെ ആദ്യ രണ്ട് പന്തിൽ പാറ്റ് കമ്മിന്‍സ് രണ്ട് ഡബിള്‍ വീതം നേടിയപ്പോള്‍ മൂന്നാം പന്തിൽ ബൗണ്ടറി ലൈനിൽ കോഹ്‍ലിയുടെ ഒരു തകര്‍പ്പന്‍ ഒറ്റക്കൈയ്യന്‍ ക്യാച്ച് പാറ്റ് കമ്മിന്‍സിനെ പുറത്താക്കി. അല്ലാത്ത പക്ഷം സിക്സര്‍ പോകുമായിരുന്ന ആ പന്ത് സ്കോറുകള്‍ ഒപ്പമെത്തിച്ചേനെ.

ഓസ്ട്രേലിയയ്ക്കായി ആരോൺ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടിയപ്പോള്‍ ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാര്‍ഷ് 18 പന്തിൽ 35 റൺസാണ് നേടിയത്. ഗ്ലെന്‍ മാക്സ്വെൽ 16 പന്തിൽ 23 റൺസും നേടി.

ഒരു ഘട്ടത്തിൽ 145/2 എന്ന നിലയിൽ കുതിയ്ക്കുകായയിരുന്ന ഓസ്ട്രേലിയയ്ക്ക് അവസാന ഓവറുകളിൽ താളം തെറ്റിയെങ്കിലും മത്സരം അവസാന ഓവറിലേക്ക് എത്തിയപ്പോളും വിജയ പ്രതീക്ഷ നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്ത്യയ്ക്കായി ഷമി മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി കെഎൽ രാഹുല്‍ 33 പന്തിൽ 57 റൺസും സൂര്യകുമാര്‍ യാദവ് 33 പന്തിൽ 50 റൺസും നേടി തിളങ്ങി. കാര്‍ത്തിക് 14 പന്തിൽ 20 റൺസും കോഹ്‍ലി 13 പന്തിൽ 19 റൺസും നേടിയപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്.

കെയിന്‍ റിച്ചാര്‍ഡ്സൺ ഓസ്ട്രേലിയയ്ക്കായി നാല് വിക്കറ്റ് നേടി.