സൂപ്പര്‍ ഓവറിലും ടൈ, കിരീടം ഇംഗ്ലണ്ടിന്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ നാലാം ലോകകപ്പ് ഫൈനല്‍ അങ്കത്തില്‍ കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. നിശ്ചിത സമയത്ത് 241 റണ്‍സ് നേടി മത്സരം ടൈ ആയപ്പോള്‍ സൂപ്പര്‍ ഓവറിലും മത്സരം ടൈയില്‍ അവസാനിച്ചുവെങ്കിലും മത്സരത്തില്‍ നിന്ന് ഏറ്റവും അധികം ബൗണ്ടറി നേടിയ ടീമിനെ വിജയി ആയി പ്രഖ്യാപിക്കുമെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ ഇംഗ്ലണ്ട് വിജയം കുറിയ്ക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് വിജയത്തിനായി നേടണമെന്ന സമാനമായ സ്ഥിതിയില്‍ ന്യൂസിലാണ്ടും സൂപ്പര്‍ ഓവറിലെത്തിയെങ്കിലും മാര്‍ട്ടിന്‍ ഗപ്ടില്‍ അവസാന പന്തില്‍ ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം റണ്‍ഔട്ട് ആയതോടെ കിരീടം ഇംഗ്ലണ്ടിന് സ്വന്തമായി.

15 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ ബെന്‍ സ്റ്റോക്സും-ജോസ് ബട്‍ലറും ചേര്‍ന്ന് നേടിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മൂന്ന് റണ്‍സ് സ്റ്റോക്സ് നേടിയപ്പോള്‍ രണ്ടാം പന്തില്‍ ബട്‍ലര്‍ സിംഗിള്‍ നേടി. മൂന്നാം പന്തില്‍ ബൗണ്ടറിയും അടുത്ത പന്തില്‍ സിംഗിളും നേടി സ്കോര്‍ 4 പന്തില്‍ 9 റണ്‍സാക്കി മാറ്റി ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍. അവസാന രണ്ട് പന്തില്‍ നിന്ന് ഒരു ഡബിളും ബൗണ്ടറിയും നേടി ന്യൂസിലാണ്ടിന് 16 റണ്‍സിന്റെ വിജയ ലക്ഷ്യം നല്‍കുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു.

ജോഫ്ര ആര്‍ച്ചറെ ബൗളിംഗ് ദൗത്യം ഇംഗ്ലണ്ട് ഏല്പിച്ചപ്പോള്‍ ജെയിംസ് നീഷവും മാര്‍ട്ടിന്‍ ഗപ്ടിലുമാണ് ബാറ്റിംഗിന് ന്യൂസിലാണ്ടിനായി എത്തിയത്. ആദ്യ പന്ത് വൈഡ് എറിഞ്ഞ് തുടങ്ങിയ ജോഫ്രയെ രണ്ടാം പന്തില്‍ നീഷം ഡബിളോടിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് പോലെ തന്നെ ആദ്യ പന്തിന് ശേഷം 3 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്. മൂന്നാം പന്തില്‍ സിക്സര്‍ നേടിയ നീഷം അടുത്ത രണ്ട് പന്തില്‍ ഡബിള്‍ ഓടി. ലക്ഷ്യം 2 പന്തില്‍ മൂന്നായി മാറിയപ്പോള്‍ ഓവറിലെ അഞ്ചാം പന്ത് നീഷത്തിന് സിംഗിള്‍ മാത്രമേ നേടാനായുള്ളു. വിജയത്തിനായി ഒരു പന്തില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ടിന് ഒരു റണ്‍സ് മാത്രം നേടാനായപ്പോള്‍ സൂപ്പര്‍ ഓവറും ടൈ ആവുകയും ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ലഭിയ്ക്കുകയും ചെയ്തു.