ശ്രീലങ്കയെ നൂറ് കടത്തി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്, അര്‍ദ്ധ ശതകം നേടി ശ്രീലങ്കന്‍ നായകന്‍

ഇന്നലെ വിന്‍ഡീസിനോട് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ ഇന്ന് മറ്റൊരു ഏഷ്യന്‍ ശക്തികള്‍ക്ക് കൂടി തകര്‍ച്ച. ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 29.2 ഓവറില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടാനായത്. മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞപ്പോള്‍ 60/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും തിസാര പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തുകയായിരുന്നു. എന്നാല്‍ കൂട്ടുകെട്ട് സാന്റനര്‍ തകര്‍ക്കുമ്പോള്‍ ശ്രീലങ്ക 112 റണ്‍സാണ് നേടിയത്. 52 റണ്‍സുമായി ദിമുത് കരുണാരത്നേ പുറത്താകാതെ നിന്നു.

ഓപ്പണര്‍ ലഹിരു തിരിമന്നേയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും കുശല്‍ പെരേര-ദിമുത് കരുണാരത്നേ കൂട്ടുകെട്ട് 42 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയപ്പോള്‍ ശ്രീലങ്ക കരകയറുമെന്നാണ് പ്രതീക്ഷിച്ചത്. 24 പന്തില്‍ നിന്ന് 29 റണ്‍സ് നേടി അതിവേഗം സ്കോര്‍ ചെയ്യുകയായിരുന്നു കുശല്‍ പെരേരയെ മാറ്റ് ഹെന്‍റി പുറത്താക്കിയ ശേഷം ടീമിന്റെ തകര്‍ച്ച ആരംഭിയ്ക്കുകയായിരുന്നു. കുശല്‍ മെന്‍ഡിസും ആഞ്ചലോ മാത്യൂസും പൂജ്യത്തിനു പുറത്തായപ്പോള്‍ ധനന്‍ജയ ഡിസില്‍വ(4) ജീവന്‍ മെന്‍ഡിസ്(1) എന്നിവരുടെയും മടക്കം വേഗത്തിലായിരുന്നു.

ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും(**) തിസാര പെരേരയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 52 റണ്‍സാണ് ശ്രീലങ്കയെ നൂറെന്ന സ്കോര്‍ കടത്തിയത്. 27 റണ്‍സ് നേടിയ പെരേരയെ സാന്റനര്‍ ആണ് പുറത്താക്കിയത്.

ന്യൂസിലാണ്ടിനായി മാറ്റി ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ ജെയിംസ് നീഷം, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.