ഐസിസിയ്ക്ക് പരാതി നല്‍കി ശ്രീലങ്ക, പിച്ച് മുതല്‍ സ്വിമ്മിംഗ് പൂള്‍ ഇല്ലെന്ന് വരെ പരാതി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പില്‍ തങ്ങള്‍ക്ക് നേരെയുള്ള രണ്ടാം തരം പരിഗണനയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നല്‍കി ശ്രീലങ്ക. തങ്ങളുടെ മത്സരങ്ങള്‍ക്ക് ഗ്രീന്‍ ട്രാക്കുകള്‍ നല്‍കിയതും ടീമിനു നല്‍കിയ പരിശീലന, താമസ, യാത്ര സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശ്രീലങ്ക ഐസിസിയ്ക്ക് ഔദ്യോഗിക പരാതി നല്‍കിയത്. ന്യൂസിലാണ്ടിനെതിരെ ആദ്യ മത്സരത്തില്‍ കനത്ത പരാജയമാണ് ബൗളിംഗ് അനുകൂല പിച്ചില്‍ ടീം നേരിട്ടത്. ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പരാജയത്തിനു ശേഷം നുവാന്‍ പ്രദീപിന്റെ മികവില്‍ മത്സരം ജയിച്ച് കയറിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ ടീമിനു മഴ മൂലം നഷ്ടമാകുകയായിരുന്നു. ഇപ്പോള്‍ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ തങ്ങളുടെ അഞ്ചാം മത്സരത്തിനെത്തുന്ന ടീമിനെ കാത്തിരിക്കുന്നത് മറ്റൊരു ബൗളിംഗ് പിച്ചാണെന്നാണ് റിപ്പോര്‍ട്ട്.

ഐസിസിയ്ക്ക് നാല് ദിവസം മുമ്പാണ് ശ്രീലങ്കയുടെ മാനേജര്‍ അശാന്ത് ഡി മെല്‍ കത്തെഴുതുന്നത്. തങ്ങള്‍ കളിച്ചതും കളിക്കാനിരുന്നതുമായ നാല് മത്സരങ്ങളിലും സമാനമായ പിച്ചാണ് ഒരുക്കിയതെന്നും അതേ സമയം ഇതേ വേദികളില്‍ മറ്റ് രാജ്യങ്ങള്‍ കളിച്ചപ്പോള്‍ അവിടെ ഉയര്‍ന്ന സ്കോറുകള്‍ നേടാനാകുന്ന ബ്രൗണ്‍ പിച്ചുകളാണ് തയ്യാറാക്കിതയെന്നും മെല്‍ ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്ത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ് ലോകകപ്പ്. എല്ലാ രാജ്യങ്ങളെയും ഒരു പോലെ പരിഗണിക്കണമെന്നും മെല്‍ ആവശ്യപ്പെട്ടു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പിച്ചും ഇപ്പോള്‍ ഇത് പോലുള്ളതാണ്, കിട്ടാത്ത മുന്തിരി പുളിയ്ക്കും എന്ന തരത്തിലുള്ള പരാതിയല്ല ഇത്, എന്നാല്‍ ഐസിസിയുടെ ഭാഗത്ത് നിന്നുള്ള ഈ നടപടി തീര്‍ത്തും അപലപനീയമാണെന്നും അശാന്ത പറഞ്ഞു. അത് പോലെ തന്നെ ടീമിനു ആവശ്യത്തിന് പ്രാക്ടീസ് നെറ്റുകള്‍ നല്‍കിയിട്ടില്ലെന്നും മറ്റു ടീമുകള്‍ക്ക് നല്‍കിയ സംവിധാനങ്ങളുടെ ഏഴയലത്ത് വരുന്നതല്ല ശ്രീലങ്കയ്ക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡിഫിലെ സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. മൂന്ന് നെറ്റ്സിനു പകരം ലഭിച്ചത് രണ്ട് നെറ്റ്സ്. താമസ സൗകര്യം ഒരുക്കിയ ഹോട്ടലില്‍ സ്വിമ്മിംഗ് പൂളില്ലെന്നും അത് ഫാസ്റ്റ് ബൗളര്‍മാരുടെ പേശികള്‍ക്ക് അയവ് വരുത്തുവാന്‍ ഏറെ ആവശ്യമായ ഒരു കാര്യമാണെന്നും അശാന്ത പറഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശിനു സ്വിമ്മിംഗ് പൂള്‍ ഉള്ള ഹോട്ടലുകളാണ് ലഭിച്ചതെന്നും അശാന്ത പറഞ്ഞു.

തങ്ങള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഐസിസിയില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നായിരുന്നു അശാന്ത വ്യക്തമാക്കിയത്.