കൂകിവിളികളും ചതിയന്മാരെന്ന വിളി കേട്ടും സ്മിത്തും വാര്‍ണറും, ശതകത്തിലൂടെ മറുപടി നല്‍കി സ്മിത്ത്

ഇന്നലെ ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയയുടെ വിവാദ താരങ്ങള്‍ക്കെതിരെ ബാര്‍മി ആര്‍മിയുടെ ആക്രോശങ്ങള്‍. സ്മിത്തിനെയും വാര്‍ണറെയും കൂകി വിളിച്ചും ചതിയന്മാരെന്നും വിളിച്ചാണ് ബാര്‍മി ആര്‍മി വരവേറ്റത്. മത്സരത്തില്‍ ആരോണ്‍ ഫിഞ്ച് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായി വാര്‍ണര്‍ എത്തിയ ഉടനെയായിരുന്നു കൂകി വിളി തുടങ്ങിയത്, ഒപ്പം ചതിയനെന്ന് ഉറക്കെ വിളിക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗിനിറങ്ങിയപ്പോളും ഇംഗ്ലണ്ട് കാണികള്‍ ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇവരുടെ കളിയെ ഇത് ബാധിച്ചില്ല. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സും സ്റ്റീവ് സ്മിത്ത് 116 റണ്‍സും നേടി മികവ് തെളിയിച്ചിരുന്നു മത്സരത്തില്‍. എന്നാല്‍ ശതകം നേടിയ സ്മിത്ത് ബാറ്റുയര്‍ത്തിയപ്പോളും ചിലര്‍ കൂകുന്നത് കാണാമായിരുന്നു.