അവിശ്വസനീയ ഇന്നിംഗ്സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സ്മിത്തിനും അര്‍ദ്ധ ശതകം, അലെക്സ് കാറെയുടെയും നിര്‍ണ്ണായക ഇന്നിംഗ്സ്

ഓസ്ട്രേലിയയുടെ പേര് കേട്ട ബാറ്റ്സ്മാന്മാര്‍ വിന്‍ഡീസ് പേസ് പടയ്ക്ക് മുന്നില്‍ മുട്ട് കുത്തിയപ്പോള്‍ ടീമിന്റെ രക്ഷകനായി അവതരിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. സ്മിത്തിന്റെ പൊരുതി നേടിയ അര്‍ദ്ധ ശതകത്തിന്റെയും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ തകര്‍പ്പനടികളിലൂടെ നേടിയ അര്‍ദ്ധ ശതകത്തിന്റെയും അലെക്സ് കാറെയുടെ ചെറുത്ത് നില്പിന്റെയും ബലമായി ഓസ്ട്രേലിയ 79/5 എന്ന നിലയില്‍ നിന്ന് 288 എന്ന സ്കോറിലേക്ക് ഉയരുകയായിരുന്നു. കോള്‍ട്ടര്‍-നൈല്‍ എത്തിയ ശേഷമാണ് ഓസ്ട്രേലിയയുടെ സ്കോറിംഗിനു വേഗത കൂടിയത്. 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി പുറത്തായ കോള്‍ട്ടര്‍-നൈലിന്റെ ഇന്നിംഗ്സാണ് മത്സരഗതിയെ ഓസ്ട്രേലിയയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 8 ഫോറും 4 സിക്സുമാണ് കോള്‍ട്ടര്‍-നൈല്‍ നേടിയത്.

ഷെല്‍ഡണ്‍ കോട്രെല്‍ നയിച്ച വിന്‍ഡീസ് പേസ് നിര ഓസ്ട്രേലിയയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ടീം 38/4 എന്ന നിലയിലേക്ക് വീണിരുന്നു. സ്മിത്തും സ്റ്റോയിനിസുമാണ് ഓസ്ട്രേലിയയുടെ രക്ഷാപ്രവര്‍ത്തനം ആദ്യം ആരംഭിച്ചത്. 41 റണ്‍സ് നേടി കൂട്ടുകെട്ടിനെ മുന്നോട്ട് നയിക്കവെ സ്റ്റോയിനിസിനെ വിന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ പുറത്താക്കി 19 റണ്‍സാണ് താരം നേടിയത്. പിന്നീട് ഓസ്ട്രേലിയയെ 67 റണ്‍സുമായി ആറാം വിക്കറ്റില്‍ സ്മിത്ത്-കാറെ കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

45 റണ്‍സ് നേടിയ കാറെയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കിയപ്പോള്‍ പകരമെത്തിയ നഥാന്‍ കോള്‍ട്ര്‍ നൈല്‍ സ്മിത്തിനു മികച്ച പിന്തുണ നല്‍കി. കോള്‍ട്ടര്‍-നൈല്‍ അതിവേഗം സ്കോറിംഗ് തുടര്‍ന്ന് തന്റെ അര്‍ദ്ധ ശതകം നേടുക കൂടി ചെയ്തപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ നീങ്ങി.

73 റണ്‍സ് നേടി സ്മിത്തിനെ പുറത്താക്കി ഒഷെയ്‍ന്‍ തോമസ് ആണ് ഓസ്ട്രേലിയയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത്. 102 റണ്‍സാണ് ഏഴാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 103 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിംഗ്സ്. 49 ഓവറില്‍ 288 റണ്‍സിനാണ് ഓസ്ട്രേലിയ ഓള്‍ഔട്ട് ആയത്. വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‍വൈറ്റ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.