റസ്സല്‍ ഇംപാക്ട് പ്ലേയര്‍, പേസ് ബൗളര്‍മാരുടെ ശ്രമത്തിനു ബാറ്റ്സ്മാന്മാര്‍ പിന്തുണച്ചപ്പോള്‍ നേടിയ വിജയം

ന്യൂ ബോളില്‍ വിക്കറ്റുകള്‍ നേടാനായത് വിന്‍ഡീസിന്റെ വിജയത്തുടക്കത്തില്‍ നിര്‍ണ്ണായകമായി എന്ന് പറഞ്ഞ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആന്‍ഡ്രേ റസ്സല്‍ ഇംപാക്ട് പ്ലേയര്‍ ആണെന്നും താരം അത് ഇന്ന് കാണിച്ചുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ സാഹചര്യം ബാറ്റ്സ്മാന്മാര്‍ മുതലാക്കിയപ്പോള്‍ നേടിയ വിജയമാണ് വിന്‍ഡീസിന്റേതെന്നും ടീം നായകന്‍ പറഞ്ഞു.

ഒഷെയ്ന്‍ തോമസും ഷെല്‍ഡണ്‍ കോട്രെല്ലും മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. റസ്സലിന്റെ മികച്ച പന്തുകള്‍ പാക്കിസ്ഥാനെ ബാക്ക്ഫുട്ടിലാക്കിയെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു. ഒഷെയ്‍ന്‍ റണ്‍സ് അധികം വഴങ്ങുവാന്‍ സാധ്യതയുള്ള താരമാണെങ്കിലും അത്രയും വേഗത്തിലെറിയുവാന്‍ കഴിയുന്ന യുവതാരം ടീമിലുള്ളത് ഏറെ ഗുണം ചെയ്യുമെന്നും ഹോള്‍ഡര്‍ പറഞ്ഞു.

ക്രിസ് ഗെയിലിന്റെ മികച്ച തുടക്കവും നിക്കോളസ് പൂരന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിംഗ് പ്രകടനവും ടീമിന്റെ വിജയം എളുപ്പത്തിലാക്കിയെന്ന് ഹോള്‍ഡര്‍ പറഞ്ഞു. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ക്രിസ് ഗെയിലിന്റെ തുടക്കം ഇത്തരം ചേസുകളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതായിരുന്നുവെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി.