“ഏകദിനത്തിലും ടി20യിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കണം”

തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമിയിൽ തോറ്റതിന് പിന്നാലെ ഏകദിനത്തിലും ടി20യിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കണം എന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം വസീം ജാഫർ. സോഷ്യൽ മീഡിയയിലൂടെയാണ്‌ താരം തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്. 2023ൽ നടക്കുന്ന അടുത്ത ലോകകപ്പിൽ രോഹിത് ശർമ്മ തന്നെ ഇന്ത്യയെ നയിക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

നേരത്തെ കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. നിദാഹാസ് ട്രോഫിയിലും ഏഷ്യ കപ്പിലും രോഹിത്തിന്റെ ക്യാപ്റ്റൻസിലയിലാണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ അടുത്ത പരമ്പരയായ വെസ്റ്റിൻഡീസ് പര്യടനത്തിലും രോഹിത് ശർമ്മ തന്നെയാവും ഇന്ത്യയെ നയിക്കുക. വിരാട് കോഹ്‌ലിക്കും ജസ്പ്രീത് ബുംറക്കും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

രോഹിത് ശർമ്മക്ക് കീഴിൽ മുംബൈ ഇന്ത്യൻസ്  മൂന്ന് ഐ.പി.എൽ കിരീടങ്ങൾ നേടിയപ്പോൾ വിരാട് കോഹ്‌ലിക്ക് കീഴിൽ ഒരു ഐ.പി.എൽ കിരീടം നേടാൻ റോയൽ ചാലജേഴ്സ് ബാംഗ്ലൂരിനായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും സെമി ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനോട് 18 റൺസിന് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

Loading...