ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി രോഹിത് ശർമ്മ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായെങ്കിലും ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായി രോഹിത് ശർമ്മ. 648 റൺസാണ് ഈ ലോകകപ്പിൽ രോഹിത് ശർമ്മ നേടിയത്. 9 മത്സരങ്ങളിൽ നിന്ന് അഞ്ചു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയുമടക്കമാണ് രോഹിത് ഇത്രയും റൺസ് നേടിയത്. അതെ സമയം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമ്മക്കായില്ല. 2003 ലോകകപ്പിൽ 673 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ നേടിയത്.  659 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡൻ ആണ് കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാമത്.

ന്യൂസിലാൻഡിനെതിരായ സെമിയിൽ സച്ചിന്റെ റെക്കോർഡ് തകർക്കാൻ വെറും 27 റൺസ് മാത്രം മതിയായിരുന്നു രോഹിത് ശർമ്മ ഒരു റൺസ് എടുത്ത് മത്സരത്തിൽ പുറത്താവുകയായിരുന്നു. ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് നാല് വർഷം കൂടെ നിലനിൽക്കുമെന്ന് ഉറപ്പായി. ഇത് മൂന്നാമത്തെ തവണയാണ് ഒരു ലോകകപ്പിൽ ഇന്ത്യൻ താരം ഏറ്റവും കൂടുതൽ റൺസ് എടുത്ത ആളാവുന്നത് 1996ലും 2003ലും സച്ചിൻ ടെണ്ടുൽക്കർ ആയിരുന്നു ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം.

ഈ ലോകകപ്പിൽ രോഹിത്തിന് തൊട്ടുപിന്നിൽ 647 റൺസ് എടുത്ത ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ ആണ് കൂടുതൽ റൺസ് എടുത്തവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇതിൽ മൂന്ന് സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറിയും ഉൾപെടും. രണ്ടു സെഞ്ചുറിയും  5 അർദ്ധ സെഞ്ചുറികളും അടക്കം 606 റൺസ് നേടിയ ഷാകിബ് അൽ ഹസൻ ആണ് കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.