മഴ മാറുന്നില്ല, സൗത്താംപ്ടണില്‍ കളി നടക്കുക സംശയത്തില്‍

തോരാതെ പെയ്യുന്ന മഴയില്‍ ഈ ലോകകപ്പിലെ രണ്ടാമത്തെ മത്സരവും മുടങ്ങുന്നതിനുള്ള സാധ്യത ഏറെ. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരം പുരോഗമിക്കവെയാണ് വില്ലനായി മഴയെത്തിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 7.3 ഓവറില്‍ നിന്ന് 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി നില്‍ക്കവെയാണ് മഴ വില്ലനായി എത്തുന്നത്.

ഷെല്‍ഡണ്‍ കോട്രെല്‍ ആണ് വിന്‍ഡീസിനു വേണ്ടി രണ്ട് വിക്കറ്റും നേടിയത്. 6 റണ്‍സ് നേടിയ ഹഷിം അംലയും 5 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും ആണ് പുറത്തായ താരങ്ങള്‍. ക്രീസില്‍ ക്വിന്റണ്‍ ഡി കോക്ക് 17 റണ്‍സുമായും റണ്ണൊന്നുമെടുക്കാതെ ഫാഫ് ഡു പ്ലെസിയുമാണ് നില്‍ക്കുന്നത്.

അതേ സമയം മത്സരത്തില്‍ കുറഞ്ഞത് 20 ഓവറിന്റെ ഇന്നിംഗ്സെങ്കിലും നടക്കുന്നതിനു മഴ മാറി ഇന്ത്യന്‍ സമയം രാത്രി 9.30നുള്ളിലെങ്കിലും മത്സരം പുനരാരംഭിക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ഇതിനുള്ള സാധ്യതയാണ് കൂടുതലെന്ന് വേണം വിലയിരുത്തുവാന്‍.