അവസാന ഓവറുകളില്‍ കത്തിക്കയറി ധോണി, രാഹുലിനും ശതകം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും 350നു മുകളിലേക്ക് ടീമിന്റെ സ്കോര്‍ നയിച്ച് എംഎസ് ധോണിയും കെഎല്‍ രാഹുലും. ഇരുവരും 102/4 എന്ന നിലയില്‍ ഒത്തുകൂടിയ ശേഷം അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് നേടിയത്. 99 പന്തില്‍ നിന്ന് 108 റണ്‍സ് നേടിയ രാഹുലിനെ ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായെങ്കിലും എംഎ് ധോണിയുടെ വെടിക്കെട്ട് പ്രകടനം ടീമിന്റെ സ്കോര്‍ 300 കടത്തുകയായിരുന്നു. ധോണിയുടെ തകര്‍പ്പന്‍ പ്രകടനം കൂടിയായപ്പോള്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ നിന്ന് 359 റണ്‍സാണ് നേടിയത്.

തുടക്കം പാളിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ രണ്ട് പേരെയും 13.3 ഓവറില്‍ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 50 ആയിരുന്നു. 47 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോഹ്‍ലിയെ നഷ്ടമായ ശേഷം വിജയ് ശങ്കറും വേഗം മടങ്ങിയ ശേഷം മത്സരം മാറ്റി മറിയ്ക്കുന്നു കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കായി രാഹുലും ധോണിയും പുറത്തെടുത്തത്.

എംഎസ് ധോണി 78 പന്തില്‍ നിന്ന് 113 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്താകുകയായിരുന്നു. ഏഴ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസനും റൂബല്‍ ഹൊസൈനുമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങിയത്. അവസാന രണ്ട് പന്തുകളില്‍ നിന്ന് ഒരു സിക്സും ഫോറും നേടിയ ജഡേജ(11*)യും ഹാര്‍ദ്ദിക് പാണ്ഡ്യയും(21) ശ്രദ്ധേയമായ സംഭാവനകള്‍ ഇന്ത്യയ്ക്കായി നേടി.