റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റാവും

- Advertisement -

ഐപിഎലില്‍ പുറംവേദന കാരണം അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട സൂപ്പര്‍ താരം കാഗിസോ റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റായി തിരികെ എത്തുമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ടീം ഡോക്ടര്‍. താരത്തിന്റെ സാന്നിദ്ധ്യം ടീമിനു നല്‍കുന്ന ആത്മവിശ്വാസം ഏറെയാകുമെന്നുറപ്പുള്ളതിനാല്‍ താരം ലോകകപ്പിനു കളിയ്ക്കണമെന്ന കാര്യം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് താരത്തോട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

ഐപിഎലില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം കൂടിയാണ് നിലവില്‍ റബാഡ. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് റബാഡ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുമ്പോള്‍ നേടിയിരുന്നത്. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ താരം പൂര്‍ണ്ണാരോഗ്യവാനായി എത്തുമെന്നും മേയ് 30നു ഇംഗ്ലണ്ടിനെതിരെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ താരം ടീമിലുണ്ടാകുമെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ടീം ഡോക്ടര്‍ പറയുന്നത്.

താരം ടീമില്‍ ഏറെ പ്രാധാന്യമുള്ളയാളായതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കാഗിസോയെ കൈകാര്യം ചെയ്യുന്നതെന്നാണ് ടീം ഡോക്ടര്‍ ആയ മുഹമ്മദ് മൂസാജി പറയുന്നത്. താരത്തിന്റെ റീഹാബ് നടപടികളും മറ്റും അതീവ ഗൗരവത്തോടെയാണ് തങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ടീം വൃത്തങ്ങള്‍ അറിയിക്കുന്നത്.

Advertisement