ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സംഹാര താണ്ഡവത്തിന് ശേഷം ബെന്‍ സ്റ്റോക്സിന്റെ വെടിക്കെട്ട് , ഷമിയ്ക്ക് അഞ്ച് വിക്കറ്റ്

ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും ആദ്യ പത്തോവറില്‍ 47 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും പിന്നീട് ഗിയര്‍ മാറി അടി തുടങ്ങിയപ്പോള്‍ പതറിയെങ്കിലും ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിന്റെ സ്കോറിംഗ് വേഗത കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 400നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്‍ലറും അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് 337 റണ്‍സിലേക്ക് എത്തി. 79 റണ്‍സ് നേടിയാണ് സ്റ്റോക്സ് പുറത്തായത്.

പിച്ച് പതിഞ്ഞ വേഗതയിലേക്ക് മാറിയതും ഇന്ത്യയുടെ ബൗളിംഗ് മികവും ഒരു പോലെ തുണയ്ക്കെത്തിയപ്പോള്‍ ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 22.1 ഓവറില്‍ നിന്ന് 160 റണ്‍സ് നേടി കുതിയ്ക്കുമ്പോള്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി ഗ്രൗണ്ടിലെത്തിയ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 66 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് പുറത്തായത്.

റോയ് പുറത്തായെങ്കിലും തന്റെ വെടിക്കെട്ട് പ്രകടനം തുടര്‍ന്ന ബൈര്‍സ്റ്റോ 111 റണ്‍സ് നേടി ഷമിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 6 സിക്സും 10 ഫോറും സഹിതമായിരുന്നു ബൈര്‍സ്റ്റോയുടെ ഇന്നിംഗ്സ്. അടുത്ത ഓവറില്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും ഷമി പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട 207/3 എന്ന നിലയിലേക്കായി.

മത്സരം അവസാന പത്തോവറിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് 245/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ ജോ റൂട്ടും-ബെന്‍ സ്റ്റോക്സും നേടിയ 70 റണ്‍സ് കൂട്ടുകെട്ടിനു ശേഷം ജോ റൂട്ടിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 44 റണ്‍സ് നേടിയ റൂട്ടിനെയും വീഴ്ത്തിയത് ഷമിയായിരുന്നു. ഇതിനിടെ 38 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ബെന്‍ സ്റ്റോക്സ് പൂര്‍ത്തിയാക്കി. 8 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ ബട്‍ലറെയും ഷമി പുറത്താക്കിയെങ്കിലും ഓവറില്‍ നിന്ന 17 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടന്നു. 33 റണ്‍സാണ് ബട്‍ലര്‍-സ്റ്റോക്സ് കൂട്ടുകെട്ട് നേടിയത്.

ഷമിയുടെ അവസാന ഓവറിലെ ആദ്യ പന്തില്‍ ക്രിസ് വോക്സ് പുറത്തായെങ്കിലും രണ്ട് ഫോറും ഒരു സിക്സും അടക്കം നേടി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. മത്സരത്തിലെ അഞ്ചാം വിക്കറ്റാണ് ഷമി നേടിയത്. 54 പന്തില്‍ നിന്ന് 6 ഫോറും 3 സിക്സും സഹിതം 79 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് അവസാന ഓവറിലെ നാലാം പന്തിലാണ് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. അവസാന പത്തോവറില്‍ ഇംഗ്ലണ്ട് 92 റണ്‍സാണ് നേടിയത്.

 

Previous articleഅത് അത്യപൂര്‍വ്വമായ കാഴ്ച, പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോഹ്‍ലി
Next articleആരു പൂട്ടും ബിഗ് 3 യെ? വിംബിൾഡനു നാളെ തുടക്കം