15 പന്തിനിടെ നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ തിരിച്ചടിയായി, അമീര്‍ അല്ലാതെ ആരും മികച്ച രീതിയില്‍ പന്തെറിഞ്ഞില്ല

പാക്കിസ്ഥാന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള തോല്‍വിയില്‍ ഏറെ നിരാശയുണ്ടെന്ന് പറഞ്ഞ് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഈ പിച്ച് 270-280 പിച്ചായിരുന്നുവെന്നാണ് തന്റെ വിലയിരുത്തലെന്നും ഓസ്ട്രേലിയയെ 300 കടക്കുവാന്‍ അനുവദിച്ചതാണ് ആദ്യ തിരിച്ചടിയെന്ന് സര്‍ഫ്രാസ് പറഞ്ഞു. മുഹമ്മദ് അമീര്‍ ഒഴികെ ആരും തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെന്നതാണ് സത്യം. 350നു മേല്‍ ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ സ്കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും പിന്നീട് അമീറിന്റെ പ്രകടനം ടീമിനെ തിരികെ മത്സരത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ബാറ്റിംഗില്‍ വഹാബും ഹസന്‍ അലിയും ബാറ്റ് ചെയ്തു. ടോപ് ഓര്‍ഡറിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഇമാം ഉള്‍ ഹക്കും മുഹമ്മദ് ഹഫീസും റണ്‍സ് കണ്ടെത്തിയെങ്കിലും 15 പന്തിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ് 160/6 എന്ന നിലയിലേക്ക് ടീം ചെന്നെത്തിയത് തിരിച്ചടിയായി. മത്സരങ്ങള്‍ വിജയിക്കുവാനായി ആദ്യ നാല് സ്ഥാനക്കാരില്‍ നിന്ന് മികച്ച പ്രകടനം ആവശ്യമാണ്, അവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് നയിക്കാനായാല്‍ മാത്രമേ മത്സരങ്ങള്‍ വിജയിക്കുകയുള്ളുവെന്നും ഇന്ത്യയ്ക്കെതിരെ തങ്ങളുടെ മികവ് പുറത്തെടുക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും സര്‍ഫ്രാസ് പറഞ്ഞു.