എല്ലാ പിച്ചുകളും 300 റണ്‍സ് പിച്ചുകളല്ലെന്ന് മനസ്സിലാക്കണം

- Advertisement -

ടീമിന്റെ എല്ലാ മത്സരങ്ങളിലും 300 റണ്‍സ് അടിക്കുമെന്ന ലക്ഷ്യത്തോടെ ഒരിക്കലും ബാറ്റ് ചെയ്യാനിറങ്ങാനാകില്ലെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. അഫ്ഗാനിസ്ഥാനെതിരെയും വിന്‍ഡീസിനെതിരെയും ടീമിന് 224 റണ്‍സും 268 റണ്‍സുമാണ് നേടാനായിരുന്നത്. ഈ രണ്ട് മത്സരങ്ങളിലും ടീമില്‍ ആരും ശതകം നേടിയില്ലെങ്കിലും ടീമിന് 250ന് അടുത്തുള്ള സ്കോര്‍ നേടാനായി, അത് നല്ല കാര്യമാണെന്ന് ലോകേഷ് രാഹുല്‍ പറഞ്ഞു.

ടോപ് ഓര്‍ഡറിലെ താരങ്ങളില്‍ ഒരാള്‍ ശതകമോ വലിയൊരു ഫിഫ്റ്റിയോ നേടിയാല്‍ ടീം സ്കോര്‍ 300ലേക്ക് എത്തുന്നത് എളുപ്പമാക്കും. പക്ഷേ എല്ലാ മത്സരങ്ങളിലും അത് സാധിക്കണമെന്നില്ലെന്നും അതിനര്‍ത്ഥം ടീമിന്റെ ബാറ്റിംഗ് മോശമാണെന്നല്ലെന്നും ഇനിയും വലിയ സ്കോറുകള്‍ ടീമില്‍ നിന്ന് പിറക്കുമെന്നും കെഎല്‍ രാഹുല്‍ പറഞ്ഞു.

ആദ്യ പത്തോവറുകള്‍ക്ക് ശേഷം വിന്‍ഡീസിനെതിരെ പിച്ച് അവലോകനം ചെയ്ത് താനും വിരാടും ഡ്രെസ്സിംഗ് റൂമിലേക്ക് നല്‍കിയ സന്ദേശം ഇത് 300-330 വിക്കറ്റല്ലെന്നും 260-270 വിക്കറ്റാണെന്നുമാണ്. അതിനനുസരിച്ചാണ് തങ്ങളുടെ ഇന്നിംഗ്സിനെ തങ്ങള്‍ കെട്ടിപ്പടുത്തതെന്നും രാഹുല്‍ പറഞ്ഞു. 35-40 ഓവര്‍ ആകുമ്പോളേക്ക് ടോപ് ഓര്‍ഡറിലെ ഒരു സെറ്റായ ബാറ്റ്സ്മാന്‍ ക്രീസിലുണ്ടെങ്കില്‍ 20 റണ്‍സ് അധികം നേടാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അത് സംഭവിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

ടീമെന്ന നിലയില്‍ ബാറ്റിംഗില്‍ വരുത്തേണ്ട മെച്ചപ്പെടല്‍ സെറ്റായ ബാറ്റ്സ്മാന്‍ തുടര്‍ന്നും ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടുകയെന്നത് മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി.

Advertisement