ധവാന്റെ പരിക്ക് ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്നത് നാലാം നമ്പറില്‍ വീണ്ടും ആരെന്ന ചോദ്യം

ഏറെക്കാലമായി ഇന്ത്യയുടെ തലവേദന നാലാം നമ്പറില്‍ ആരെന്നതായിരുന്നു. അതിനു ഒരു പരിധി വരെ വിജയ് ശങ്കര്‍ പരിഹാരമാകുമെന്ന് കരുതിയെങ്കിലും സന്നാഹ മത്സരത്തില്‍ തിളങ്ങാനാകാതെ വിജയ് പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സന്നാഹ മത്സരത്തില്‍ തിളങ്ങിയ കെഎല്‍ രാഹുല്‍ അവിടേക്ക് മടങ്ങിയെത്തുകയായിരുന്നു. നാലാം നമ്പറില്‍ കാര്യമായ പ്രകടനമൊന്നും രാഹുലിനു പുറത്തെടുക്കേണ്ടി വന്നില്ല.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ശര്‍മ്മയോടൊപ്പം നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് രാഹുല്‍ നേടിയത്. റണ്‍സ് അധികം നേടിയില്ലെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്സിലെ പ്രധാന കൂട്ടുകെട്ടായിരുന്നു അത്. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏതാനും പന്തുകള്‍ മാത്രമാണ് രാഹുലിനു ലഭിച്ചത്.

ഇപ്പോള്‍ ശിഖര്‍ ധവാന്റെ പരിക്ക് ടീമിന്റെ ഓപ്പണിംഗിലേക്ക് രാഹുലിനെ നയിക്കുവാനുള്ള സാധ്യതയാണ് കൂടുതല്‍. അവിടെ രാഹുല്‍ തിളങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണെങ്കിലും അതിലും കൂടുതല്‍ ഇന്ത്യയെ അലട്ടുക നാലാം നമ്പറില്‍ ആരെന്ന ചോദ്യമാവും. വിജയ് ശങ്കറിനെ ആ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുമോ അതോ ധോണിയ്ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണോ ചെയ്യുകയെന്ന ചോദ്യം ബാക്കി നില്‍ക്കവെ ധവാന് പകരം ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നതും ചോദ്യമാണ്.

ഋഷഭ് പന്തിനാണോ അതോ അമ്പാട്ടി റായിഡുവിനാണോ നറുക്ക് വീഴുക എന്നതും കാത്തിരുന്ന് കാണേണ്ട ചോദ്യങ്ങളാണ്.