എട്ടാം നമ്പറിലെത്തി വിന്‍ഡീസിനെ വെള്ളം കുടിപ്പിച്ച് നഥാന്‍ കോള്‍ട്ടര്‍ നൈല്‍

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയ്ക്കായി എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനു അത്ര കണ്ട് സമ്മര്‍ദ്ദമില്ലായിരുന്നു. 79/5 എന്ന നിലയില്‍ നിന്ന് ടീമിനെ അലെക്സ് കാറെയുടെ കൂടെ സ്റ്റീവ് സ്മിത്ത് ടീമിനെ 147/6 എന്ന നിലയിലേക്ക് എത്തിച്ചുവെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് ഓസ്ട്രേലിയ എത്തിയിരുന്നില്ല. ഒരു വശത്ത് നങ്കൂരമിട്ട് സ്മിത്ത് ടീമിനെ ഇരുനൂറ് കടത്തുകയെന്ന ലക്ഷ്യവുമായി ക്രീസില്‍ നിന്നപ്പോള്‍ കോള്‍ട്ടര്‍-നൈലിനു വേറെ പദ്ധതികളായിരുന്നു.

തുടക്കം മുതല്‍ വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിച്ച താരം 8 ഫോറും 4 സിക്സും സഹിതം 92 റണ്‍സ് നേടിയാണ് മടങ്ങിയത്. 60 പന്തില്‍ നിന്ന് ഈ സ്കോര്‍ നേടിയ താരം ഇന്ന് തന്റെ ഏകദിനത്തിലെ കന്നി അര്‍ദ്ധ ശതകമാണ് തികച്ചത്. ഓസ്ട്രേലിയ ആദ്യ 30 ഓവറില്‍ നിന്ന് നേടിയതിനുടുത്ത് റണ്‍സ് അവസാന 20 ഓവറില്‍ നിന്ന് കോള്‍ട്ടര്‍നൈലും സ്മിത്തും ചേര്‍ന്ന് നേടിയിരുന്നു.

ഇതില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ ബാറ്റ് വീശിയത് കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. എട്ടാം നമ്പറിലെത്തിയ ഒരു താരത്തിന്റെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണ് നഥാന്‍ കോള്‍ട്ടര്‍-നൈല്‍ സിക്സ് അടിച്ച് നേടിയത്. തന്റെ വ്യക്തിഗത സ്കോര്‍ 79ല്‍ എത്തിയപ്പോളാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്.