ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങളത് ചെയ്തു

ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി വിജയ വഴിയിലേക്ക് എത്തിയ പാക്കിസ്ഥാന് വേണ്ടി മാന്‍ ഓഫ് ദി മാച്ചായി മാറിയത് സീനിയര്‍ താരം മുഹമ്മദ് ഹഫീസ് ആയിരുന്നു. 62 പന്തില്‍ നിന്ന് 84 റണ്‍സും 7 ഓവറില്‍ 43 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റും നേടിയ താരം പറഞ്ഞത് ടീമില്‍ എല്ലാവരും ഇന്ന് ഇംഗ്ലണ്ടിനെതിരെ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നാണ്. അടുത്തിടെയായി മികച്ച ക്രിക്കറ്റാണ് ടീം കളിച്ചിട്ടുള്ളത്, എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ജയം കരസ്ഥമാക്കുവാന്‍ ടീമിനായിട്ടില്ലായിരുന്നു. വളരെ അധികം ആത്മവിശ്വാസത്തോടെയാണ് പാക്കിസ്ഥാന്‍ മത്സരത്തെ സമീപിച്ചതെന്ന് പറഞ്ഞ ഹഫീസ് ടീം തീവ്രമായ പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പറഞ്ഞു.

മികച്ച മീറ്റിംഗും ടീമംഗങ്ങളും മാനേജ്മെന്റും തമ്മിലുണ്ടായിരുന്നു. ആദ്യ മത്സരം വിചാരിച്ച പോലെ നടന്നില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഞങ്ങളുടെ കഴിവ് ഞങ്ങള്‍ പുറത്തെടുത്തുവെന്നും പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു. ചില സമയത്ത് ചില റിസ്കുകള്‍ എടുക്കണമെന്നും ഇന്ന് കാര്യങ്ങള്‍ തനിക്ക് അനുകൂലമാകുകയായിരുന്നുവെന്നും മുഹമ്മദ് ഹഫീസ് പറയുകയായിരുന്നു. തുടക്കം മുതലെ സമ്മര്‍ദ്ദം സൃഷ്ടിക്കുക എന്നതായിരുന്നു തന്റെ നയമെന്നും അത് വിജയം കണ്ടുവെന്നാണ് മത്സര ഫലമെന്നതും ഹഫീസ് പറഞ്ഞു.