കന്നി അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് അമീര്‍, ശ്രമം വിഫലം

തന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം മുഹമ്മദ് അമീര്‍ നടത്തുമ്പോള്‍ അത് പാക്കിസ്ഥാന്റെ തിരിച്ചുവരവിന്റെ സൂചനകളായിരുന്നു നല്‍കിയത്. 350നു മേലുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന ഓസ്ട്രേലിയയെ 84 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി 307 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുമ്പോള്‍ അതില്‍ കന്നി അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് അമീറിന്റെ പ്രകടനം വേറിട്ട് നിന്നുവെങ്കിലും ടോപ് ഓര്‍ഡറിന്റെ പരാജയം ഈ ശ്രമം വിജയത്തിനോടൊപ്പം ആഘോഷിക്കുവാനുള്ള അമീറിന്റെ ആഗ്രഹം സാധിപ്പിക്കാതെ പോയി.

ലോകകപ്പിലെ പ്രാഥമിക 15 അംഗ സംഘത്തിലില്ലാതിരുന്ന താരമായിരുന്നു മുഹമ്മദ് അമീര്‍, എന്നാല്‍ അവസാനം വരുത്തിയ മൂന്ന് മാറ്റങ്ങളില്‍ പ്രധാനിയായിരുന്നു താരം. കഴിഞ്ഞ ഏറെ നാളായി താരം ഫോമിലല്ലാതിരുന്നപ്പോളും ലോകകപ്പില്‍ താരത്തിന്റെ സേവനം വേണമെന്ന സെലക്ടര്‍മാരുടെ തീരുമാനം ശരിയാകുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനെതിരെ പാക് ബാറ്റിംഗ് തകര്‍ന്നപ്പോളും പാക്കിസ്ഥാന്‍ ബൗളിംഗില്‍ നിന്നുള്ള തീപാറും പ്രകടനം നയിച്ചത് അമീര്‍ ആയിരുന്നു. പത്തോവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 30 റണ്‍സ് വിട്ട് നല്‍കിയാണ് അമീര്‍ തന്റെ അഞ്ച് വിക്കറ്റ് നേടിയത്.