ലോകകപ്പ് കഴിഞ്ഞയുടന്‍ വിരമിക്കുവാന്‍ താനില്ല

- Advertisement -

2019 ലോകകപ്പ് കഴിഞ്ഞ് ഒട്ടനവധി താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും താന്‍ അതിനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മൊര്‍തസ് ലോകകപ്പ് കഴിഞ്ഞയുടനെ വിരമിക്കില്ലെന്നാണ് താരം തന്നെ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം തന്റെ 18 വര്‍ഷത്തെ കരിയറിന് വിട പറയുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും അത് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ ഉടനെ ഉണ്ടാകില്ലെന്നാണ് മൊര്‍തസ പറഞ്ഞത്.

എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വിരമിക്കുമെന്ന് താരം വ്യക്തമാക്കി. തനിക്ക് ഇനിയും കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ബോര്‍ഡ് പറഞ്ഞാല്‍ ഉടനടി വിരമിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ബോര്‍ഡില്‍ നിന്ന് തനിക്കൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നു, അത് തന്റെ കുടുംബാംഗങ്ങള്‍ക്ക് ഇത്തരം ഒരു ടൂര്‍ണ്ണമെന്റില്‍ താന്‍ അവസാനമായി കളിക്കുന്നത് കാണുവാനുള്ള അവസരത്തിന് വേണ്ടിയായിരുന്നു.

ഇപ്പോള്‍ താന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അത് ശ്രദ്ധ തെറ്റുവാന്‍ ഇടയാക്കുമെന്നും മൊര്‍തസ പറഞ്ഞു. ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ സജീവമായി തന്നെയുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ഇത് ആലോചിച്ച് വ്യാകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി.

Advertisement