താന്‍ മെച്ചപ്പെടാനുണ്ടെന്ന് സമ്മതിക്കുന്നു, മുഴുവന്‍ ക്വോട്ട എറിയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പില്‍ ബംഗ്ലാദേശ് നായകനായ മഷ്റഫെ മൊര്‍തസയ്ക്ക് ബൗളിംഗില്‍ അത്ര മികച്ച ഫോമൊന്നുമല്ല ഇതുവരെ പുറത്തെടുക്കുവാനായത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ 21 ഓവറില്‍ നിന്ന് 149 റണ്‍സ് വഴങ്ങിയ താരം ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് നേടിയിട്ടുള്ളത്. താന്‍ അത്ര മികച്ച ഫോമിലല്ലെന്നും ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും സമ്മതിച്ച മൊര്‍തസ താന്‍ മുഴുവന്‍ ക്വോട്ടയും എറിയേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ താന്‍ എട്ട്-ഒമ്പത് ഓവര്‍ വരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവസാന ഓവറില്‍ 18 റണ്‍സ് വഴങ്ങേണ്ടി വന്നത് തന്റെ പത്തോവറിലെ വഴങ്ങിയ റണ്‍സ് 68 ആക്കി ഉയര്‍ത്തി. താന്‍ മുഴുവന്‍ ഓവറുകളും എപ്പോളും എറിയണമെന്ന ചിന്ത തനിക്കൊരിക്കലുമില്ല എന്നും മൊര്‍തസ പറഞ്ഞു. മറ്റാരെങ്കിലും മികച്ച രീതിയില്‍ പന്തെറിയുകയാണെങ്കില്‍ താന്‍ അവര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കുവാനാണ് ശ്രമിക്കുന്നതെന്നും മൊര്‍തസ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ ക്വോട്ടയും പൂര്‍ത്തിയാക്കേണ്ടി വരുന്ന സാഹചര്യത്തില്‍ താന്‍ കുറച്ച് കൂടി മികവ് പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് മൊര്‍തസ പറഞ്ഞു.

താന്‍ മികവ് പുലര്‍ത്തുന്നില്ലെന്നത് ശരിയാണെന്നും അതിനാല്‍ തന്നെ താന്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നും ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തന്നില്‍ നിന്ന് മികച്ച പ്രകടനമാണ് ഏവരും പ്രതീക്ഷിക്കുന്നതെന്നും അതില്ലാത്തപ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മൊര്‍തസ പറഞ്ഞു. ആളുകള്‍ എന്ത് പറയുന്നതിനെക്കാള്‍ സ്വയം എന്ത് തോന്നുന്നുവെന്നതാണ് പ്രധാനം. ഞാന്‍ മോശമാണെങ്കില്‍ എനിക്ക് സ്വയം ഞാന്‍ മോശമാണെന്ന് തോന്നും അപ്പോള്‍ കാണികള്‍ എന്നെ വിമര്‍ശിക്കുന്നതില്‍ തെറ്റ് കാണുന്നില്ലെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.