കേധാര്‍ ജാഥവ് ഫിറ്റ്, ലോകകപ്പില്‍ കളിയ്ക്കുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍

ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ കേധാര്‍ ജാഥവ് പരിക്ക് മാറി എത്തുമെന്ന് അറിയിച്ച് മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ്. താരം ഐപിഎലിനിടെ പരിക്കേറ്റ് പ്ലേ ഓഫില്‍ കളിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായി താരം ലോകകപ്പിനു കളിയ്ക്കുവാനെത്തുമെന്നാണ് പ്രഖ്യാപനമെത്തിയിരിക്കുന്നത്. മേയ് 22നു യാത്രയാകുന്ന ടീമിനൊപ്പം താരവും യാത്രയാകുമെന്നാണ് ഇപ്പോള്‍ പ്രസാദ് അറിയിച്ചിരിക്കുന്നത്.

താരത്തിന്റെ ഫിറ്റ്നെസ്സ് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് പ്രസാദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഫിസിയോ പാട്രിക്ക് ഫാര്‍ഹാര്‍ട്ടിന്റെ സേവനം ബിസിസിഐ താരത്തിനു വേണ്ടി പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസാണ് താരത്തിന്റെ പുരോഗതി ഫാര്‍ഹാര്‍ട്ട് അറിയിച്ചതെന്നും ഇന്ത്യയുടെ ആദ്യ മത്സരം മുതല്‍ താരം കളിയ്ക്കുവാന്‍ തയ്യാറാകുമെന്നുമാണ് പ്രസാദ് പറഞ്ഞത്.

ഇന്ത്യയുടെ മധ്യനിരയുടെ സുപ്രധാന ഘടകമാണ് കേധാര്‍ ജാഥവ്. കൂട്ടുകെട്ടുകള്‍ തകര്‍ക്കുവാന്‍ പ്രാപ്തനായ സ്പിന്നര്‍ കൂടിയായാണ് ഇന്ത്യന്‍ ടീം കേധാര്‍ ജാഥവിനെ പരിഗണിക്കുന്നത്.