പാക്കിസ്ഥാനെ സെവനപ്പ് കുടിപ്പിച്ച് ഇന്ത്യ, ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഏഴാം തോല്‍വി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പില്‍ ഏഴാം തവണയും ഇന്ത്യയോട് തോല്‍വിയേറ്റ് വാങ്ങി പാക്കിസ്ഥാന്‍. രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും കെഎല്‍ രാഹുലും ചേര്‍ന്ന് നേടിയ റണ്‍സ് മറികടക്കുവാനുള്ള ശ്രമത്തിനിടെ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് മാത്രമേ 40 ഓവറില്‍ നിന്ന് നേടാനായുള്ളു. മഴ കളി തടസ്സം സൃഷ്ടിച്ചപ്പോള്‍ ലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനക്രമീകരിക്കുകയായിരുന്നു. ഇതോടെ 89 റണ്‍സിന്റെ വിജയം ഇന്ത്യ കരസ്ഥമാക്കി.

മത്സരത്തില്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ക്രീസില്‍ നിന്ന് സമയത്ത് മാത്രമാണ് പാക്കിസ്ഥാന്‍ മത്സരത്തില്‍ സജീവ സാധ്യത നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കുല്‍ദീപ് യാദവ് ഇരുവരെയും പുറത്താക്കി ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

ഇമാം ഉള്‍ ഹക്കിനെ വേഗത്തില്‍ നഷ്ടമായ ശേഷം ബാബര്‍ അസം-ഫകര്‍ സമന്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് പാക്കിസ്ഥാന്റെ തിരിച്ചുവരവിനായി ശ്രമിച്ചത്. വിജയ് ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പിന്മാറിയപ്പോളാണ് പകരക്കാരനായി വിജയ് ശങ്കറെത്തിയത്.

104 റണ്‍സ് കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് നേടിയെങ്കിലും റണ്‍ റേറ്റ് ഉയര്‍ന്ന് കൊണ്ടിരുന്നത് മത്സരത്തില്‍ പാക്കിസ്ഥാന് സമ്മര്‍ദ്ദം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഫകര്‍ സമന്‍ 62 റണ്‍സും ബാബര്‍ അസം 48 റണ്‍സുമാണ് നേടിയത്.

ഇരുവരും പുറത്തായ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയും വിക്കറ്റുമായി രംഗത്തെത്തിയതോടെ പാക്കിസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലായി. സീനിയര്‍ താരങ്ങളായ മുഹമ്മദ് ഹഫീസിനെയും ഷൊയ്ബ് മാലിക്കിനെയും ആണ് ഹാര്‍ദ്ദിക് തന്റെ ഓവറിലെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. 117/1 എന്ന നിലയില്‍ നിന്ന് 129/5 എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ വീഴുകയായിരുന്നു.

ആറാം വിക്കറ്റില്‍ 36 റണ്‍സ് നേടിയ സര്‍ഫ്രാസ്-ഇമാദ് കൂട്ടുകെട്ടിനെ വിജയ് ശങ്കറാണ് തകര്‍ത്തത്. 12 റണ്‍സ് നേടിയ സര്‍ഫ്രാസിനെ പുറത്താക്കി ശങ്കര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. 35 ഓവറില്‍ 166/6 എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കവെ മഴ വീണ്ടുമെത്തിയപ്പോള്‍ പാക്കിസ്ഥാന്റെ ലക്ഷ്യം 40 ഓവറില്‍ നിന്ന് 302 റണ്‍സായി പുനഃക്രമീകരിച്ചു.

ഏഴാം വിക്കറ്റില്‍ 47 റണ്‍സ് നേടി ഇമാദ് വസീം-ഷദബ് ഖാന്‍ കൂട്ടുകെട്ട് പാക്കിസ്ഥാന് വേണ്ടി പൊരുതിയെങ്കിലും മഴയുടെ ഇടവേളയ്ക്ക് ശേഷം 5 ഓവറിലെ 136 എന്ന ലക്ഷ്യം തീര്‍ത്തും അപ്രാപ്യമായത് തന്നെയായിരുന്നു. ഇമാദ് വസീം 46 റണ്‍സും ഷദബ് ഖാന്‍ 20 റണ്‍സും നേടി പുറത്താകാതെ നിന്നു.