പരിക്കിന്റെ ഭീതിയില്‍ ധവാനും, എന്നാല്‍ താരം സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്ന് സൂചന

വിജയ് ശങ്കര്‍ നെറ്റ്സില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് സ്കാനിംഗിനു വിധേയനാകുന്നതിനായി മടങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാനും നെറ്റ്സില്‍ തിരിച്ചടി. ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ത്രോ ഡൗണ്‍ ചെയ്ത പന്ത് ഹെല്‍മെറ്റില്‍ വന്നടിച്ചതിനെത്തുടര്‍ന്ന് അല്പം സമയം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് നെറ്റ്സ് സെഷന്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. താരത്തിനു കാര്യമായ പ്രശ്നമൊന്നുമില്ലെന്നും താരം ന്യൂസിലാണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ കളിയ്ക്കുമെന്നുമാണ് അറിയുന്നത്. ഹെല്‍മെറ്റ് ഗ്രില്ലിന്റെ ഇടയിലൂടെ കടന്ന പന്ത് താരത്തിന്റെ താടിയിലും ചുണ്ടിലും വന്ന് പതിയ്ക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

അതേ സമയം ഐപിഎലിനിടെ പരിക്കേറ്റ കേധാര്‍ ജാഥവ് ഇന്നലെ നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. എന്നാല്‍ താരം ഇന്നത്തെ സന്നാഹ മത്സരത്തില്‍ കളിയ്ക്കുമോ എന്നതില്‍ കൃത്യമായ അറിവ് ഇതുവരെ ലഭിച്ചിട്ടില്ല. താരത്തിനെ ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തിലാവും ഇന്ത്യ പരീക്ഷിക്കുകയെ്നനാണ് അറിയുന്നത്.

ഇന്ന് ഇന്ത്യന്‍ സമയം മൂന്ന് മണിയ്ക്ക് കെന്നിംഗ്സ്റ്റണ്‍ ഓവലിലാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള സന്നാഹ മത്സരം.