ടോപ് ഗിയറില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍, മഴ കളി മുടക്കി

രോഹിത് ശര്‍മ്മ ശതകവും വിരാട് കോഹ്‍ലിയും ലോകേഷ് രാഹുലും അര്‍ദ്ധ ശതകങ്ങളും നേടിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാനത്തോടെ വില്ലനായി മഴയെത്തി. ഇന്ത്യ 46.4 ഓവറില്‍ 305/4 എന്ന നിലയിലാണ്. മുഹമ്മദ് അമീര്‍ ഇന്നിംഗ്സ് അവസാനത്തോടെ ഹാര്‍ദ്ദിക് പാണ്ഡ്യയെയും(26), എംഎസ് ധോണിയെയും(1) പുറത്താക്കിയെങ്കിലും ടോപ് ഓര്‍ഡറിന്റെ പ്രകടനം ഇന്ത്യയെ ശക്തമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ഓപ്പണിംഗില്‍ ശിഖര്‍ ധവാന് പകരം എത്തിയ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 136 റണ്‍സ് നേടിയ ശേഷം 23.5 ഓവറിലാണ് രാഹുലിന്റെ(57) രൂപത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ-വിരാട് കോഹ്‍ലി കൂട്ടുകെട്ട് നേടുകയായിരുന്നു. 113 പന്തില്‍ നിന്ന് 14 ഫോറും 3 സിക്സും സഹിതമായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

വിരാട് കോഹ്‍ലി 62 പന്തില്‍ 71 റണ്‍സും വിജയ് ശങ്കര്‍ 3 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോളാണ് മഴ തടസ്സം സൃഷ്ടിച്ചത്.