വീണ്ടും ശതകം നേടി ബൈര്‍സ്റ്റോ, പിന്നെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ശതകം നേടി ജോണി ബൈര്‍സ്റ്റോ. ഇന്ത്യയ്ക്കെതിരെ നേടിയ അര്‍ദ്ധ ശതകത്തിന് ശേഷം ഇന്ന് ന്യൂസിലാണ്ടിനെതിരെ ജയം അനിവാര്യമായ മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ കഴിഞ്ഞ മത്സരത്തിനേതിന് സമാനമായ തുടക്കമാണ് നേടിയത്. നിശ്ചിത 50 ഓവറില്‍ 305 റണ്‍സാണ് ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. മികച്ച തുടക്കത്തിന് ശേഷം 272/7 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മുന്നൂറ് കടക്കുവാന്‍ സഹായിച്ചത്.

ഒന്നാം വിക്കറ്റില്‍ 18.4 ഓവറില്‍ 123 റണ്‍സാണ് ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നേടിയത്. 60 റണ്‍സ് നേടിയ ജേസണ്‍ റോയിയൊണ് ടീമിന് ആദ്യം നഷ്ടമായത്. ബൈര്‍സ്റ്റോയോടൊപ്പം 71 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടിയ ശേഷം 24 റണ്‍സ് നേടിയ ജോ റൂട്ടിനെയും ഇംഗ്ലണ്ടിന് നഷ്ടമായി.

106 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെ മാറ്റ് ഹെന്‍റി പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 206/3 എന്ന നിലയിലായിരുന്നു. പിന്നീട് ജോസ് ബട്‍ലറെയും ഇംഗ്ലണ്ടിന് വേഗത്തില്‍ നഷ്ടമാകുകയായിരുന്നു. കെയിന്‍ വില്യംസണ്‍ പിടിച്ച് ബട്‍ലര്‍ പുറത്താകുമ്പോള്‍ ട്രെന്റ് ബോള്‍ട്ട് മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ബൈര്‍സ്റ്റോയുടെ പുറത്താകലിന് ശേഷം ബട്‍ലറും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ വേഗത നഷ്ടമാകുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഓയിന്‍ മോര്‍ഗനും-ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 34 റണ്‍സ് നേടിയെങ്കിലും ഇരുവര്‍ക്കും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനായില്ല. സ്റ്റോക്സിനെ മിച്ചല്‍ സാന്റനര്‍ പുറത്താക്കിയപ്പോള്‍ ക്രിസ് വോക്സ് ജെയിംസ് നീഷത്തിന്റെ ഇരയായി.

അധികം വൈകാതെ 42 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനെയും ടീമിന് നഷ്ടമായി. 194/1 എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച. എട്ടാം വിക്കറ്റില്‍ ലിയാം പ്ലങ്കറ്റും ആദില്‍ റഷീദും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ഇരുവരും ചേര്‍ന്ന് 29 റണ്‍സാണ് നേടിയത്. ആദില്‍ റഷീദ് 16 റണ്‍സ് നേടി പുറത്തായപ്പോള്‍ ലിയാം പ്ലങ്കറ്റ് 15 റണ്‍സും നേടി പുറത്താകാതെ നിന്നു.